gauri-lankesh

ബെംഗളൂരു: മാദ്ധ്യമ പ്രവർത്തകയും ആക്‌ടിവിസ്‌റ്റുമായിരുന്ന ഗൗരി ലങ്കേഷിനെ വധിക്കാൻ ഹിന്ദുത്വ തീവ്രവാദ ഗ്രൂപ്പായ സനാതൻ സൻസ്‌ത അഞ്ചുവർഷത്തെ തയ്യാറെടുപ്പ് നടത്തിയിരുന്നതായി അന്വേഷണ സംഘം. ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച 9,235 പേജുള്ള ചാർജ് ഷീറ്റിലാണ് കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കൊലപാതകത്തിൽ പ്രതികളായവർക്ക് ഗൗരി ലങ്കേഷുമായി മുൻ പരിചയം പോലുമുണ്ടായിരുന്നില്ല. സനാതൻ സൻസ്‌തയിലെ ഒരു നെറ്റ്‍‍‍വർക്ക് അ‍ഞ്ചു വർഷമായി ഗൗരി ലങ്കേഷിനെ ലക്ഷ്യം വെച്ചിരുന്നതായും പൊലീസ് പറഞ്ഞു. 2017 സെപ്‌തംബർ 5ന് വീടിനുമുന്നിൽ വെച്ച് തീവ്ര ഹിന്ദുത്വ സംഘം കൊലപ്പെടുത്തുകയായിരുന്നു. കേസിൽ ഇതുവരെ 18 പേരെയാണ് പ്രത്യേക അന്വേഷണ സംഘം പ്രതി ചേർത്തിട്ടുള്ളത്.