രക്തത്തിലെ ഫോസ്ഫറസ് വർദ്ധിക്കുകയും കാത്സ്യം കുറയുകയും ചെയ്യുന്നതുമൂലം ഭാവിയിൽ എല്ല് തേയ്മാനം, ബലക്കുറവ് ഇവയ്ക്ക് കാരണമാകുന്നു. ഫോസ്ഫറസ് അധികമായാൽ ദേഹം ചൊറിച്ചിൽ, രക്തയോട്ടക്കുറവ്, പേശീതളർച്ച, സന്ധിവേദന ഇവ ഉണ്ടാകുന്നു. ലീച്ചിംഗ് പ്രക്രിയ 15 മിനിട്ട് തുടർന്നാൽ പൊട്ടാസ്യം പോലെ തന്നെ ഒരു പരിധി വരെ ഫോസ്ഫറസും കുറയ്ക്കാൻ സാധിക്കും.
ഫോസ്ഫറസ് ധാരാളമടങ്ങിയ പാൽ, പാൽ ഉത്പന്നങ്ങൾ, കാർബണേറ്റഡ് ബിവറേജസ് ഇവ മിതമായി ഉപയോഗിക്കുക. രക്തത്തിലെ ഫോസ്ഫറസിന്റെ അളവനുസരിച്ച് 150 - 200 മില്ലീ പാൽ, പാലുത്പന്നങ്ങൾ ഉപയോഗിക്കാവുന്നതാണ്. 800 മുതൽ 1000 മില്ലിഗ്രാം വരെ ഫോസ്ഫറസ് ഒരു വൃക്കരോഗിക്ക് മതിയാകും.
സോഡിയം
സോഡിയം അടങ്ങിയിട്ടുള്ള ഉപ്പ്, ബേക്കറി പലഹാരങ്ങൾ, പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ, പ്രിസർവേറ്റീവുകൾ ഇവ ഒഴിവാക്കുക.
ഉപ്പിന്റെ അളവ് അധികമായാൽ നീർവീക്കം, ശ്വാസം മുട്ടൽ, അമിത രക്തസമ്മർദ്ദം എന്നിവ ഉണ്ടാകുന്നു. അച്ചാർ, ഉണക്കമീൻ, പപ്പടം മുതലായവ പൂർണമായും ഉപേക്ഷിക്കുക.
വൃക്കരോഗിക്ക് 4-5 ഗ്രാം ഉപ്പ് ഉപയോഗിക്കാവുന്നതാണ്. എന്നാൽ നീര്, രക്തസമ്മർദ്ദം ഇവ പരിഗണിച്ച് 3 ഗ്രാം ആയി ചുരുക്കണം.
ഇരുമ്പ്
വൃക്കയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന എരിത്രോപോയറ്റിൻ എന്ന രാസാഗ്നിയുടെ ദൗർലഭ്യം ഇത്തരം രോഗികളിൽ രക്താണുക്കളുടെ ഉത്പാദനം കുറയ്ക്കുകയും ഹീമോഗ്ളോബിന്റെ അളവ് കുറയുന്നതിന് കാരണമാകുകയും ചെയ്യുന്നു.
എന്നാൽ ഇരുമ്പ് ധാരാളമടങ്ങിയ ഭക്ഷണത്തിലൂടെ ഇത് പരിഹരിക്കുക പ്രായോഗികമല്ല എന്നതിനാൽ ഡോക്ടർ എരിത്രോ പോയറ്റിൻ ഇൻജക്ഷൻ നിർദ്ദേശിക്കുന്നതാണ്.
(തുടരും)