ശ്രീനഗർ: ജമ്മുകാശ്മീരിൽ വെള്ളിയാഴ്ച സൈന്യം വധിച്ച ആറ് ലഷ്കർ ഭീകരരിൽ മുതിർന്ന കാശ്മീരി മാദ്ധ്യമപ്രവർത്തകൻ ഷുജാത് ബുഖാരിയുടെ ഘാതകനും ഉൾപ്പെടുന്നതായി റിപ്പോർട്ട്. അനന്ത്നാഗ് ജില്ലയിലെ സെകിപോര വനമേഖലയിൽ ഭീകരസാന്നിദ്ധ്യമുണ്ടെന്ന കൃത്യമായ വിവരത്തെ തുടർന്നാണ് വെള്ളിയാഴ്ച പുലർച്ചെ സൈന്യം ഓപ്പറേഷനിലൂടെ ലഷ്കറെ തയ്ബ, ഹിസ്ബുൾ മുജാഹിദ്ദീൻ സംഘടനകളിൽപ്പെട്ട ആറ് ഭീകരരെ വധിച്ചതെന്ന് കാശ്മീരിലെ ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥൻ മുനീർ ഖാൻ വ്യക്തമാക്കി.
കൊല്ലപ്പെട്ടവരിൽ ആസാദ് അഹമ്മദ് മാലിക് എന്ന ലഷ്കർ ഭീകരനാണ് ജൂണിൽ നടന്ന ഷുജാത് ബുഖാരി വധവുമായി ബന്ധമുള്ളത്. ലഷ്കർ ഭീകരരായ ബാസിത് ഇഷ്തിയാക്, ഫിർദൗസ് അഹമ്മദ്, ഷാഹിദ് ബഷീർ, ഹിസ്ബുൾ ഭീകരരായ ഉനൈസ് ഷാഫി, ആതിഫ് നജർ എന്നിവരാണ് കൊല്ലപ്പെട്ട മറ്രുള്ളവർ. സുരക്ഷാ സേനയ്ക്കെതിരെയും നാട്ടുകാർക്കെതിരെയും നേരത്തേ നടന്ന ആക്രമണങ്ങളിൽ പങ്കുള്ളവരാണിവർ. ഭീകരരിൽ നിന്ന് നിരവധി ആയുധങ്ങളും കണ്ടെടുത്തു
ആരാണ് ആസാദ് അഹമ്മദ്
ജമ്മുകാശ്മീരിലെ അർവാനി സ്വദേശിയായ ദാദ എന്നറിയപ്പെടുന്ന ആസാദ് അഹമ്മദ് മാലിക് ലഷ്കറെ തയ്ബയുടെ അനന്ത്നാഗ് ജില്ലാ കമാൻഡറാണ്. ഏപ്രിലിൽ കുൽഗാമിലെ ഖുദ്‌വാനിയിൽ നടന്ന ഏറ്റുമുട്ടലിൽ ഇയാൾ സഹായിയുമായി രക്ഷപ്പെട്ടിരുന്നു. ബുഖാരിയെ വെടിവച്ച് കൊന്നശേഷം പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ പാക് ഭീകരൻ നവീദ് ജാട്ടിന്റെ അടുത്ത അനുയായിയാണിയാൾ.
സുരക്ഷാ സൈന്യത്തിന്റെ ശക്തമായ വിജയമാണ് വെള്ളിയാഴ്ച നടന്ന ഓപ്പറേഷൻ
-ലെഫ്റ്റനന്റ് ജനറൽ എ.കെ. ഭട്ട്