kayyur-

വീടിനോ വസ്‌തുവിനോ അതിർത്തികൾ നിർണയിച്ചിട്ടില്ല. അവിടെയുള്ളവർ പുറത്തു നിന്നും കല്യാണം കഴിക്കുകയുമില്ല. പൊലീസ് സ്‌റ്റേഷനോ കടകളോ ഇല്ല. പറഞ്ഞു വരുന്നത് നമ്മുടെ സ്വന്തം കേരളത്തിലെ ഒരു ഗ്രാമത്തെ കുറിച്ചാണ്. കാസർകോഡ് ജില്ലയിലെ പ്രശസ്‌തമായ കയ്യൂർ ഗ്രാമത്തെ കുറിച്ച്. 'മനുഷ്യരെ കാണണമെങ്കിൽ ഒരു പ്രവശ്യമെങ്കിലും കയ്യൂര് പോകണം', നടനും തിരക്കഥാകൃത്തും, സംവിധായകനുമായ പി.ശ്രീകുമാറിന്റെതാണ് വാക്കുകൾ.

സഫാരി ടിവിയ്‌ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീകുമാർ കയ്യൂർ ഗ്രാമത്തെ കുറിച്ച് വാചാലനായത്. ഷാജി എൻ കരുൺ സംവിധാനം ചെയ്‌ത എ.കെ.ജി എന്ന ചിത്രത്തിന് വേണ്ടി അഭിനയിക്കാൻ എത്തിയപ്പോഴാണ് കയ്യൂരിനെ കുറിച്ച് അറിയാൻ കഴിഞ്ഞതെന്ന് ശ്രീകുമാർ പറഞ്ഞു. 'ചിത്രത്തിൽ എ.കെ.ജിയെ അവതരിപ്പിച്ചത് ഞാനായിരുന്നു. രണ്ട് സമുദായത്തിൽപെട്ടവരാണ് കയ്യൂരിൽ താമസിക്കുന്നത്. ഇന്ന മരം വരെ എന്റെതാണ് എന്നല്ലാതെ ഒരതിർത്തി വരമ്പും അവിടുള്ളവർ നിശ്‌ചയിച്ചിട്ടില്ല.

എല്ലാവരും വിദ്യാസമ്പന്നരാണെങ്കിലും വിദേശത്ത് ജോലിക്കായി പോയവർ രണ്ട് പേർ മാത്രം. വിവാഹം കഴിക്കുന്നത് ഗ്രാമത്തിൽ നിന്നും മാത്രം. എല്ലാവരും സ്വന്തം കൃഷിയിടത്തിൽ പണിയെടുക്കും. ഒരിക്കലും ആ പതിവ് അവർ മുടക്കാറില്ല. അതുകൊണ്ടുതന്നെ കടകൾ ഒരെണ്ണം പോലും കയ്യൂരിൽ കാണാൻ കഴിയില്ല. കൃഷിയിടത്തിൽ നിന്നുള്ള ആദായം മാത്രം മതി അവർക്ക് ജീവിക്കാൻ.

പൊലീസ് സ്‌റ്റേഷൻ ഇല്ല എന്നതാണ് നമ്മെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം. എപ്പോഴെങ്കിലും എന്തെങ്കിലും പ്രശ്‌‌നമുണ്ടായാൽ പാർട്ടി തലത്തിൽ പറഞ്ഞു തീർക്കുകയാണ് അവിടെ പതിവ്. എന്നാൽ അവിടുള്ളവർ ആരും തന്നെ കമ്മ്യൂണിസം വിഴുങ്ങി ജീവിക്കുന്നവരുമല്ല. എല്ലാവരും വിശ്വാസികളും ക്ഷേത്രത്തിൽ പോകുന്നവരുമെല്ലാമാണ്' -ശ്രീകുമാർ പറയുന്നു.