കൊച്ചി: ആയുർവേദ വിപണിമൂല്യം 2025ഓടെ 50,000 കോടി രൂപയിലെത്തുമെന്ന് ഗവർണർ ജിസ്‌റ്റിസ് പി. സദാശിവം പറഞ്ഞു. സി.ഐ.ഐ കൊച്ചിയിൽ സംഘടിപ്പിച്ച ആഗോള ആയുർവേദ ഉച്ചകോടിയുടെ സമാപന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആയുർവേദത്തിന്റെ അധുനികവത്കരണത്തിനായി കേരളമാണ് മുഖ്യപങ്ക് വഹിക്കേണ്ടത്.
പരമ്പരാഗത ഇന്ത്യൻ ചികിത്സാരീതിയായ ആയുർവവേദത്തിന് മെഡിക്കൽ നയരൂപീകരണത്തിൽ പ്രമുഖസ്ഥാനം ലഭിക്കുന്നത് നേട്ടമാണ്. ഗുണമേന്മയും ഡിജിറ്റൽ സംവിധാനവും പ്രയോജനപ്പെടുത്തി ആയുർവേദത്തെ മെഡിക്കൽ വ്യവസായ രംഗത്തിന്റെ വളർച്ചയ്ക്ക് ഉണർവേകുന്ന തരത്തിലേക്ക് മാറ്റണം. വെൽനസ് ടൂറിസത്തിന്റെ കേരള മാതൃക മറ്റ് സംസ്ഥാനങ്ങൾ പിന്തുടരുമെന്നാണ് പ്രതീക്ഷയെന്നും ഗവർണർ പറഞ്ഞു. കേന്ദ്രസർക്കാർ ആയുർവേദത്തിന് മികച്ച പരിഗണന നൽകുന്നുണ്ടെന്ന് ആയുഷ് ഉപദേശകൻ ഡോ.സി.സി. കഠോഷ് പറഞ്ഞു.
വൈദ്യരത്നം ഔഷധശാല ഡയറക്‌ടർ ഡോ. ഇ.ടി. നീലകണ്‌ഠൻ മൂസ്, സി.സി.ഐ കേരള ചെയർമാനും ധാത്രി ആയുർവേദ മാനേജിംഗ് ഡയറക്‌ടറുമായ ഡോ. എസ്. സജികുമാർ എന്നിവർ സംസാരിച്ചു. ആയുർവേദ രംഗത്തെ നയരൂപീകരണം, ബ്രാൻഡിംഗ്, നൈപുണ്യ വികസനം തുടങ്ങിയ വിഷയങ്ങൾ രണ്ടുദിവസമായി നടന്ന ഉച്ചകോടി ചർച്ച ചെയ്‌തു. ആയുർവേദ ഉത്‌പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദർശനവും ഒരുക്കിയിരുന്നു.