ശബരിലയിൽ ഡ്യൂട്ടിക്ക് നിയോഗിച്ചത് മുതൽ മാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനാണ് എസ്. പി യതീഷ് ചന്ദ്ര. കേന്ദ്ര മന്ത്രിയുമായുള്ള വാക്കുതർക്കത്തെ തുടർന്ന് ബി.ജെ.പിയുടെയും സംഘപരിവാർ സംഘടനകളുടെയും വിമർശനങ്ങൾക്ക് അദ്ദേഹം ഇരയാകേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഉത്തരവാദിത്തങ്ങൾ ഇറക്കിവച്ച് ഇന്നലെ മല കയറിയ യതീഷ് ചന്ദ്രയ്ക്ക് വൻവരവേൽപ്പാണ് സന്നിധാനത്ത് ഭക്തർ നൽകിയത്. രാത്രി നട അടയ്ക്കുന്നതിന് മുമ്പായി ഹരിവരാസനം തൊഴാൻ സന്നിധാനത്തെത്തിയ യതീഷ് ചന്ദ്രയെ കാണാനും സെൽഫിയെടുക്കാനും ഭക്തരുടെ തള്ളും ബഹളവുമായിരുന്നു.
സന്നിധാനത്ത് എത്തിയപ്പോൾ മലയാളികൾ മാത്രമല്ല അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും അദ്ദേഹത്തിന് ഒപ്പം നിന്ന് സെൽഫി എടുത്തു. ശബരിമലയിൽ പ്രവേശിക്കുന്നതിന് മുമ്പ് ശശികലയെ കൊണ്ട് സന്നിധാനത്ത് പ്രശ്നങ്ങളൊന്നുമുണ്ടാക്കില്ലെന്ന് എഴുതിവാങ്ങിയതും സ്വകാര്യ വാഹനങ്ങൾ പമ്പയിലേക്ക് പ്രവേശിപ്പിക്കാതെ ശക്തമായ നിലപാട് സ്വീകരിച്ചതും ഈ യതീഷ് ചന്ദ്രയെന്ന് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്.