gauri

ബംഗളൂരു: മാദ്ധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസിൽ തീവ്രഹിന്ദു സംഘടനയായ സനാതൻ സൻസ്തയെ പ്രതിചേർത്ത് പ്രത്യേക അന്വേഷണ സംഘം വെള്ളിയാഴ്ച ബംഗളൂരു സെഷൻസ് കോടതിയിൽ അധിക കുറ്റപത്രം സമർപ്പിച്ചു. അഞ്ചുവർഷത്തെ ആസൂത്രണത്തിനൊടുവിലാണ് കൃത്യം നടത്തിയതെന്നും 9235 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു.

വ്യക്തിപരമായ കാരണങ്ങളില്ലാതെ സംഘടനയുടെ ഗോവ കേന്ദ്രമായി പ്രവർത്തിക്കുന്ന ശൃംഖല ഗൗരി ലങ്കേഷിനെ പിന്തുടർന്നെന്ന് എസ്.ഐ.ടി ചൂണ്ടിക്കാട്ടി. ഗൗരി ലങ്കേഷ്, താൻ വിശ്വസിച്ച പ്രത്യയശാസ്ത്രത്തെ കുറിച്ച് എഴുതുകയും സംസാരിക്കുകയും ചെയ്തു. അതുകൊണ്ട് അവർക്കു വിപരീതമായി പ്രവർത്തിച്ചിരുന്ന സംഘടന തന്നെയാണ് കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ചതെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ എസ്. ബാലൻ മാദ്ധ്യമങ്ങളോടു പറഞ്ഞു. കേസിൽ തുടരന്വേഷണത്തിനുള്ള അനുവാദവും എസ്.ഐ.ടി ആവശ്യപ്പെട്ടു. കഴിഞ്ഞ മേയിലാണ് ഗൗരി ലങ്കേഷ് വധക്കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചത്.

ഷൂട്ടർ പരശുറാം വാഗ്‌മോറെ, അമോൽ കലെ, പ്രവീൺ എന്ന സുജിത് കുമാർ, അമിത് ദെഗ്‌വേകർ എന്നിവരടക്കം 18 പേരെയാണ് കേസിൽ ഇതുവരെ പ്രത്യേക അന്വേഷണസംഘം പ്രതിചേർത്തിട്ടുള്ളത്. സനാതൻ സൻസ്ത, ശ്രീരാമസേന, ഹിന്ദു ജനജാഗൃതി സമിതി, ഹിന്ദു യുവ സേന തുടങ്ങിയവയുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായവരിൽ ഏറെയും. തീവ്ര ഇടതു ചിന്തകരും യുക്തിവാദികളുമായ എം.എം. കൽബുർഗി, നരേന്ദ്ര ധാബോൽക്കർ, ഗോവിന്ദ് പൻസാരെ എന്നിവരുടെ വധത്തിലും ഈ സംഘത്തിന് പങ്കുണ്ടെന്നാണ് വിവരം.