marykom

ന്യൂഡൽഹി: ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ഉരുക്കു വനിത മേരി കോം ഇതിഹാസം രചിച്ചു. വനിതകളുടെ 48 കിലോ ഗ്രാം ഫൈനലിൽ ഉക്രൈന്റെ ഹന്ന ഒഖോറ്രയെ കീഴടക്കി മേരി ആറാം തവണ ലോകചാമ്പ്യനായി. ഏറ്രവും കൂടുതൽ തവണ ലോകചാമ്പ്യനാകുന്ന വനിതാ താരമെന്ന റെക്കാഡും മേരി സ്വന്തമാക്കി. ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി സ്റ്രേഡിയത്തിലെ കെ.ഡി.ജാദവ് അരീന വേദിയായ പോരാട്ടത്തിൽ മേരി, മേരി എന്നാർത്തലച്ച കാണികൾ പകർന്ന് നൽകിയ ഊർജ്ജം കൈകളിലേക്ക് ആവാഹിച്ച് കത്തിക്കയറിയ മേരി (5-0) ഏകപക്ഷീയമായി തന്നെയാണ് സ്വർണം സ്വന്തമാക്കിയത്. തന്നെക്കാൾ പതിമ്മൂന്ന് വയസ് കുറവുള്ള എതിരാളിക്കെതിരെ തകർപ്പൻ പ്രകടനമാണ് 35 കാരിയായ മേരി പുറത്തെടുത്തത്. 2010ലാണ് ഇതിനുമുമ്പ് മേരി അവസാനമായി ലോകചാമ്പ്യനായത്. ന്യൂഡൽഹിയിൽ വച്ച് നേരത്തേ 2016ലും മേരി ചാമ്പ്യനായിട്ടുണ്ട്.

റൗണ്ട് 1

ശ്രദ്ധയോടെയാണ് മേരിയും ഒഖോറ്രയും തുടങ്ങിയത്. ഇതിനിടെ കിട്ടിയ അവസരത്തിൽ മേരിയുടെ വലങ്കൈയൻ പഞ്ച്. തുടർന്ന് വീണ്ടും പഞ്ചുകളുമായി മേരി കളംപിടിച്ചു. ഗാലറിയിൽ ആഹ്ലാദാരവം. തുടർച്ചയായുള്ള വലങ്കൈയൻ പഞ്ചുകളിലൂടെ മേരി ആധിപത്യം ഉറപ്പിച്ചു. തുടർന്ന് പ്രതിരോധത്തിലേക്ക് വലിഞ്ഞ മേരി ഹന്നയെ ആക്രമിക്കാൻ പ്രേരിപ്പിച്ചു. ഒഖോറ്റയുടെ ഒരു പഞ്ച് മേരിയുടെ മുഖത്തുകൊണ്ടു. എന്നാൽ പതറാതെ വലംകൈ - ഇടങ്കൈ കോമ്പോയിലൂടെ തുടർച്ചയായി ഇടികളുമായ മേരി തിരിച്ചടിച്ചു.

റൗണ്ട് 2

കൂടുതൽ ആത്മ വിശ്വാസത്തോടെയാണ് മേരി രണ്ടാം റൗണ്ട് തുടങ്ങിയതെന്ന് നീക്കങ്ങളിൽ നിന്ന് വ്യക്തം. മനോഹരമായ ആക്രമണം പുറത്തെടുത്ത മേരി പെട്ടെന്നുള്ള രണ്ട് പഞ്ചുകളിലൂടെ ഒഖോറ്റയെ വീണ്ടും പ്രതിസന്ധിയിലാക്കി. ഒന്നാം റൗണ്ടിനെക്കാൾ കൂടുതൽ ആക്രമണം മേരി രണ്ടാം റൗണ്ടിൽ പുറത്തെടുത്തു. ഇതിനിടെ വീണുകിട്ടിയ അവസരത്തിൽ ഒഖോറ്രയുടെ ഇടങ്കൈയൻ ഫ്ലിക്ക്. മേരി പിന്നോട്ട് പോയി.എന്നാൽ

ഈ റൗണ്ട് അവസാനിക്കാറാകവെ കൃത്യതയുള്ള റൈറ്ര് ഹുക്കിലൂടെ മേരി തിരിച്ചടിച്ചു.

റൗണ്ട് 3

മൂന്നാം റൗണ്ടിൽ തുടക്കം മുതൽ തന്നെ മേരി ആക്രമണം തുടങ്ങി. ഒരു വലങ്കൈയൻ പഞ്ചിലൂടെയാണ് മേരി തുടങ്ങിയത്. പിന്നീട് ഇരു കൈകൾകൊണ്ടുമുള്ള പഞ്ചുകളിൽ ഒഖോറ്റയുടെ അടിതെറ്റി. ഉക്രൈൻ താരം സമ്മർദ്ദത്തിലായി. ആധിപത്യം തുടർന്ന മേരി സ്വർണം ഉറപ്പിച്ചു.

സോണിയയ്ക്ക് വെള്ളി

അതേസമയം ഇന്നലെ നടന്ന 57 കിലോ ഗ്രാം ഫൈനലിൽ ഇന്ത്യയുടെ സോണിയ ചഹാൽ ജർമ്മനിയുടെ ഒർണെല്ലെ ഗബ്രിയേല വാഹ്ണറിനോട് തോറ്റ് (1-4)വെള്ളി കൊണ്ട് തൃപ്തിപ്പെട്ടു. ഇതോടെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മെഡൽ നേട്ടം നാലായി. നേരത്തേ സിമ്രൻജീത്ത് കൗർ, ലാവ്‌ലിന ബോർഗോഹെയ്‌ൻ എന്നിവർ വെങ്കലം നേടിയിരുന്നു.