തൃശൂർ: തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്രയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ. എൻ. രാധാകൃഷ്ണൻ ഉൾപ്പെടെ 40 പേർക്കെതിരെ പൊലീസ് കേസെടുത്തു. ജില്ലാ പ്രസിഡന്റ് എ. നാഗേഷിനെതിരെയും കേസെടുത്തിട്ടുുണ്ട്. സംഘം ചേരൽ, കലാപശ്രമം, ഗതാഗതം തടസപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
ശബരിമല ഡ്യൂട്ടിക്കിടെ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ തടഞ്ഞ യതീഷ് ചന്ദ്രയ്ക്ക് എതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു ഇന്ന് രാവിലെ മാർച്ച് നടത്തിയത്. മാർച്ച് കമ്മിഷണർ ഓഫീസ് പരിസരത്ത് വച്ച് പൊലീസ് തടഞ്ഞു. എ.എൻ.രാധാകൃഷ്ണനായിരുന്നു മാർച്ച് ഉദ്ഘാടനം ചെയ്തത്.
അതേസമയം, എസ്. പി യതീഷ് ചന്ദ്ര ജൻമനാ ക്രിമിനലെന്ന് എ.എൻ. രാധാകൃഷ്ണൻ പറഞ്ഞു. കേന്ദ്രമന്ത്രി യതീഷിനോട് സംസാരിച്ചത് വളരെ സൗമ്യമായി ആയിരുന്നു. ക്രിമിനൽ പൊലീസുകാരാണ് ശബരിമല നയിക്കുന്നത്. ശബരിമലയിൽ പിണറായി സൃഷ്ടിച്ചത് ശ്മശാന മൂകതയാണെന്നും രാധാകൃഷ്ണൻ പറഞ്ഞു.