minister

കണ്ണൂർ: പ്രളയാനന്തര കേരളം മുഖ്യ ഫോക്കസാക്കി, കുട്ടി ശാസ്ത്ര പ്രതിഭകൾ മാറ്റുരച്ച കേരള സ്കൂൾ ശാസ്ത്രോത്സവത്തിന് ഇന്ന് കണ്ണൂരിൽ തിരശീല വീഴും. പൊലിമ കുറച്ച് കണ്ണൂരിലെ സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ശാസ്‌ത്രമേളയിൽ 'ഇനിയൊരു പ്രളയ ദുരന്തത്തെ നേരിടേണ്ടതെങ്ങനെ, മുൻകരുതലുകൾ' തുടങ്ങിയവ പ്രതിപാദിക്കുന്ന പ്രോജക്ടുകൾ ശ്രദ്ധേയമായി.

പ്രളയാനന്തര കേരളത്തിന്റെ ആശങ്കയായ ഡാം ചോർച്ചയ്ക്കുള്ള പ്രതിവിധികളും കുട്ടി ശാസ്ത്രജ്ഞരുടെ പക്കലുണ്ടായിരുന്നു. ഡാമുകൾ നിറയുമ്പോൾ തന്നെ സമീപത്തെ വീടുകളിലുള്ളവർക്ക് മുന്നറിയിപ്പ് നൽകുന്നതായിരുന്നു തൃക്കരിപ്പൂർ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനികളായ ലാവണ്യയുടെയും അമേയയുടെയും പ്രോജക്ട്. ഡാമിൽ സ്ഥാപിച്ച ചിപ്പിൽ നിന്നു സന്ദേശം പോകുന്നതിന് പിന്നാലെ ഡാം തനിയെ തുറക്കുന്ന രീതിയും ഇവർ ആവിഷ്കരിച്ചു.

ഡാമിലെയും പെൻസ്റ്റോക്ക് പൈപ്പിലെയും ചോർച്ച സെൻസറിലൂടെ കണ്ടെത്തി ഏരിയാ കോഡ് സഹിതം കൺട്രോൾ റൂമുകളിലേക്ക് വിവരമെത്തിക്കുന്ന വിദ്യയാണ് പത്തനംതിട്ട കാത്തലിക് എച്ച്.എസ്.എസിലെ പ്ളസ്ടു വിദ്യാർത്ഥികളായ ടി.ആർ. ഗാഥയും ആർ. രൂപയും സ്റ്റിൽ വർക്കിംഗ് മോഡലാക്കിയത്. പെൻസ്റ്റോക്ക് പൈപ്പ് പൊട്ടിയാൽ വാൽവ് തനിയെ അടയുന്നതാണ് സംവിധാനം.

കണക്കിന്റെ മായാജാലങ്ങൾ തീർത്ത് ഗണിത ശാസ്‌ത്രമേളയും സാങ്കേതിക വിദ്യകളിലെ പുത്തൻ കണ്ടെത്തലുകളുമായി ഐ.ടി മേളയും എളയാവൂർ സി.എച്ച്.എം ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു.

മലപ്പുറത്തിന്റെ ആധിപത്യം

കേരള സ്‌കൂൾ ശാസ്ത്രോത്സവത്തിൽ മലപ്പുറം ജില്ല 113 പോയിന്റ് നേടി ഒന്നാംസ്ഥാനത്ത്. 110 പോയിന്റ് നേടി തൃശൂരാണ് രണ്ടാമത്. കോഴിക്കോട്-105, കൊല്ലം-105, കണ്ണൂർ-102 എന്നിങ്ങനെയാണ് പോയിന്റ് നില.