sabarimala-women-entry

ശബരിമല: ശബരിമലയിൽ സ്ത്രീകൾക്കായി രണ്ടു ദിവസം മാറ്റിവയ്ക്കണമെന്ന സർക്കാർ നിലപാടിനൊപ്പം നിൽക്കാൻ ദേവസ്വം ബോർഡിന് സർക്കാർ തലത്തിൽ നിന്നും കടുത്ത സമ്മർദ്ദമെന്ന് സൂചന. ശബരിമലയിൽ ദർശനം നടത്താൻ സുരക്ഷ ആവശ്യപ്പെട്ട് കൊണ്ട് നാല് സ്ത്രീകൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് രണ്ട് ദിവസം സ്ത്രീകൾക്കായി മാറ്റി വയ്ക്കണമെന്ന സർക്കാർ നിലപാട് സ്റ്റേറ്റ് അറ്രോർണി കോടതിയെ അറിയിച്ചത്. സർക്കാർ നിലപാടിന് അനുകൂലമായി സത്യവാങ്മൂലം സമർപ്പിക്കണമെന്നാണ് ദേവസ്വം ബോർഡിന് മേലുള്ള സമ്മർദ്ദം.

യുവതി പ്രവേശന വിധി നടപ്പിലാക്കാൻ സുപ്രീം കോടതിയിൽ സാവകാശം തോടിയിട്ടുള്ളതിനാൽ തത്കാലം അതിന്റെ ആവശ്യമില്ലെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ പറഞ്ഞത്. ദേവസ്വം ബോർഡ് യോഗത്തിൽ സ്ത്രീകൾക്ക് ദർശനം നടത്താൻ പ്രത്യേക ദിവസം മാറ്റിവയ്ക്കണമെന്ന് ചർച്ച ചെയ്തിട്ടില്ല. അതിനാൽ സർക്കാർ നിലപാടിനെ കുറിച്ച് അഭിപ്രായം പറയാൻ പറ്റില്ല. ഇപ്പോൾ നിലനിൽക്കുന്ന പ്രതിസന്ധി തരണം ചെയ്യാനാണ് സുപ്രീം കോടതിയിൽ സാവകാശം തേടിയതെന്നും പത്മകുമാർ പറഞ്ഞു. മുൻപ് തന്ത്രി കുടുംബവും പന്തളം രാജ കുടുംബവും പങ്കെടുത്ത ചർച്ചയിൽ മുഖ്യമന്ത്രി സ്ത്രീകൾക്കായി പ്രത്യേക ദിവസം മാറ്റി വയക്കുന്നതിനെ കുറിച്ച് നിർദേശം വച്ചിരുന്നു. എന്നാൽ ആചാരം ലംഘിക്കുന്ന നിലപാട് അനുവദിക്കാൽ കഴിയില്ല എന്ന് ഇരു കൂട്ടരും അറിയിച്ചിരുന്നു.