district-kalolsavam

കോഴിക്കോട്: കലോത്സവത്തിലെ നാടകത്തിൽ മത വിരുദ്ധതയെന്ന് ആരോപിച്ച് വിദ്യാ‌ർത്ഥികൾക്കെതിരെ എസ്.ഡി.പി.എെ,​ ലീഗ് ഭീഷണി.കോഴിക്കോട് ജില്ലാ കലോത്സവത്തിൽ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിന് ഒന്നാം സ്ഥാനം നേടിയ നാടകമാണ് 'കിത്താബ്'. പ്രശസ്ത കഥാകൃത്ത് ഉണ്ണി ആറിന്റെ വാങ്ക് എന്ന കഥയുടെ നാടകാവിഷ്കാരമാണിത്. ഒരു മുക്രിയുടെ മകൾ 'വാങ്ക്' വിളിക്കാൻ ആഗ്രഹിക്കുന്നതാണ് നാടകത്തിന്റ ഇതിവൃത്തം.

ഇസ്ലാം മതത്തിലെ കാഴ്ചപ്പാടുകൾ ചർച്ച ചെയ്യുന്ന നാടകം ഇസ്ളാം വിരുദ്ധതയാണ് ചൂണ്ടിക്കാട്ടുവെന്നാണ് മത സംഘടനക‍ൾ പറയുന്നത്. നാടകത്തിനെതിരെ എസ്.ഡി.പി.എെ,​ മുസ്ലിം യൂത്ത് ലീഗ്,​എസ്.കെ.എസ്.എസ്.എഫ്,​ സോളി‌‌ഡാരിറ്റി അടക്കമുള്ള സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്. നാടകത്തിൽ ഇസ്ലാം മതത്തെ വക്രീകരിച്ച് ചിത്രീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് ഇവർ വാദിക്കുന്നു.

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ മതമൂല്യങ്ങളെ ചവിട്ടിമെതിക്കാനനുവദിക്കില്ലെന്ന ടാഗുമായി എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. നാടകത്തിനെതിരെ എസ്.ഡി.പി.എെയും രംഗത്തെത്തിയിരിക്കുകയാണ്. മുസ്ലിം നിലപാടുകളും ആശയങ്ങളും തെറ്റായ രീതിയിൽ അവതരിപ്പിക്കുകയാണ് നാടകത്തിലൂടെ ചെയ്തതെന്ന് എസ്.ഡി.പി.എെ. നേതൃത്ത്വം അഭിപ്രായപ്പെട്ടു.

നാടകത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും സംസ്ഥാനതലത്തിൽ നാടകത്തെ അ‌യോഗ്യമാക്കണമെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു. എന്നാൽ സമൂഹത്തിലും മതത്തിലും സ്ത്രീകൾ നേരിടുന്ന അസമത്വം വരച്ചുകാട്ടുകയാണ് ചെയ്യുന്നതെന്ന് നാടകത്തിന്റ സംവിധായകൻ റഫീഖ് മംഗലശ്ശേരി പറഞ്ഞു.നാടകവുമായി സംസ്ഥാനതലത്തിലേക്ക് പോകാൻ തന്നെയാണ് തീരുമാനമെന്ന് മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപ‌കർ വ്യക്തമാക്കി.