nipa

കോഴിക്കോട് : നിപ വൈറസ് ബാധിച്ച് കോഴിക്കോട് ജില്ലയിൽ മരിച്ചവരുടെ എണ്ണം സംബന്ധിച്ച സംസ്ഥാന സർക്കാർ വാദം തെറ്റാണെന്ന് തെളിയിക്കുന്ന അന്താരാഷ്ട്ര പഠന റിപ്പോർട്ട് പുറത്ത്. ബ്രിട്ടീഷ് മെഡിക്കൽ ജേർണലും ദ ജേർണൽ ഒഫ് ഇൻഫെക്‌ഷ്യസ് സ്റ്റഡീസും നടത്തിയ പഠനത്തിൽ 23 പേർക്ക് രോഗം ബാധിച്ചെന്നും 21 മരണമുണ്ടായെന്നുമാണ് കണ്ടെത്തിയത്. സർക്കാർ കണക്കിൽ 19 പേർക്ക് രോഗം ബാധിച്ചെന്നും 17 പേർ മരിച്ചെന്നുമാണ് പറയുന്നത്.

രണ്ടാമത്തെ രോഗി മരിച്ചപ്പോൾ രോഗം തിരിച്ചറിഞ്ഞെന്ന ആരോഗ്യ വകുപ്പിന്റെ അവകാശവാദവും തെറ്റാണെന്ന് റിപ്പോർട്ട് പറയുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ്, പേരാമ്പ്ര താലൂക്ക് ആശുപത്രി, ബാലുശേരി സർക്കാർ ആശുപത്രി എന്നിവിടങ്ങളിലായി അഞ്ച് പേർ മരിച്ച ശേഷം ആറാമത്തെ രോഗിയായ സാലിഹിലെത്തിയപ്പോഴാണ് രോഗം തിരിച്ചറിഞ്ഞത്. റിപ്പോർട്ട് ഒക്ടോബർ 26, നവംബർ 9 ദിവസങ്ങളിൽ പ്രസിദ്ധീകരിച്ചെങ്കിലും മുൻ മാദ്ധ്യമ പ്രവർത്തകൻ എം.എസ്. സനിൽകുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം പുറത്ത് വിട്ടത്.

രോഗം ബാധിച്ച് മരിച്ച ഏക ആരോഗ്യ പ്രവർത്തക പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ലിനിയാണെന്ന സർക്കാർ വാദം തെറ്റാണെന്നും റിപ്പോർട്ട് പറയുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ റേഡിയോളജി അസിസ്റ്റന്റ് സുധ മരിച്ചതും നിപ ബാധിച്ചാണ്. സുധ നിപ ബാധിതരെ പരിചരിച്ചിരുന്നുവെന്ന് ഭർത്താവ് വിനോദ് കുമാറും പറഞ്ഞു.

എന്നാൽ അന്താരാഷ്ട്ര പഠന റിപ്പോർട്ട് ആരോഗ്യ മന്ത്രി തള്ളി. 18 പേർ മരിച്ചെന്ന് സമ്മതിച്ച മന്ത്രി മറ്റുള്ളവരുടെ മരണം നിപ കാരണമാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും കോഴിക്കോട്ട് പറഞ്ഞു.