ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്രവും മൂല്യമുള്ള കമ്പനിയെന്ന നേട്ടം ഐഫോൺ നിർമ്മാതാക്കളായ ആപ്പിളിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി മൈക്രോസോഫ്‌റ്ര് സ്വന്തമാക്കി. 2010 മുതൽ ഒന്നാംസ്ഥാനം കൈയടിവച്ചിരുന്ന ആപ്പിളിന്റെ മൂല്യം ഇപ്പോൾ 74,680 കോടി ഡോളറാണ്. 75,330 കോടി ഡോളർ മൂല്യവുമായാണ് കഴിഞ്ഞവാരം മൈക്രോസോഫ്‌റ്ര് ഒന്നാംസ്ഥാനം പിടിച്ചെടുത്തത്.
73,660 കോടി ഡോളർ മൂല്യവുമായി ആമസോൺ മൂന്നാമതും 72,550 കോടി ഡോളർ മൂല്യമുള്ള ആൽഫബെറ്ര് നാലാമതുമാണ്. ഗൂഗിളിന്റെ മാതൃകമ്പനിയാണ് ആൽഫബെറ്റ്. പുതുതായി അവതരിപ്പിച്ച ഐഫോണുകൾക്ക് പ്രതീക്ഷിച്ചത്ര വില്‌പന കിട്ടാതിരുന്നതാണ് ആപ്പിളിന് തിരിച്ചടിയായത്. എന്നാൽ ലാപ്‌ടോപ്പ്, ക്ളൗഡ്, ഗെയിമിംഗ് വിഭാഗങ്ങളിൽ ലഭിച്ച മികച്ച സ്വീകാര്യതയുടെ കരുത്തിൽ നടപ്പു സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ വരുമാനം 2,910 കോടി ഡോളറായി ഉയർന്നത് മൈക്രോസോഫ്‌റ്രിന് നേട്ടമായി.
ആപ്പിൾ പുതുതായി വിപണിയിലെത്തിച്ച ഐഫോൺ എക്‌സ്.ആറിന് തണുത്ത പ്രതികരണമാണ് ആഗോളതലത്തിൽ ലഭിച്ചത്. വില്‌പന കുറഞ്ഞതോടെ, ഐഫോണിന്റെ നിർമ്മാണക്കരാറുള്ള ഫോക്‌സ്‌കോണിനോടും പെഗാട്രോണിനോടും ഉത്‌പാദനം നിറുത്തിവയ്‌ക്കാനും ആപ്പിൾ നിർദേശിച്ചിരുന്നു. ഐഫോൺ എക്‌സ്.ആറിന്റെ വില്‌പനയിൽ മൂന്ന് കോടി യൂണിറ്റുകളുടെ കുറവാണ് വിപണി നിരീക്ഷകർ വിലയിരുത്തുന്നത്.