ഭോപ്പാൽ: കാവൽക്കാരൻ (ചൗകിധാർ) എന്നു സ്വയം വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധാരണ ജനങ്ങൾ മിത്രങ്ങളും നീരവ് മോദിയും ലളിത് മോദിയും 'ഭായ്"മാരും (സഹോദരൻ) ആണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പ് റാലിക്കിടെ പെട്രോൾ, പാചക വാതക വിലവർദ്ധനയെ ചൂണ്ടിക്കാട്ടി സംസാരിക്കവെയാണ് രാഹുലിന്റെ പരാമർശം.
വ്യവസായ ഭീമൻമാർക്ക് മോദി സഹായം ചെയ്യുകയാണെന്നും രാഹുൽ ആരോപിച്ചു.
ലോകത്ത് എല്ലായിടത്തും എണ്ണ വില കുറയുകയാണ്. യു.പി.എ ഭരണകാലത്ത് അന്താരാഷ്ട്ര വിപണിയിൽ പെട്രോൾ ബാരലിന് 140 രൂപയായിരുന്നു വില. ഇപ്പോഴത് 70 രൂപയാണ്. മദ്ധ്യപ്രദേശ് ജനത വാഹനങ്ങളുടെ ടാങ്ക് നിറയ്ക്കുമ്പോൾ നീരവ് മോദി അടക്കമുള്ള വ്യവസായ ഭീമൻമാരുടെ കീശയാണ് നിറയുന്നതെന്നും മോദി ആരോപിച്ചു.
പനാമ പേപ്പർ അഴിമതിയുമായി ബന്ധപ്പെട്ട് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവാജ് സിംഗ് ചൗഹാന്റെ മകന്റെ പേര് അബദ്ധത്തിൽ പരാമർശിച്ചപ്പോൾ തനിക്കെതിരെ അപകീർത്തി കേസ് ഫയൽ ചെയ്ത ചൗഹാൻ എന്തുകൊണ്ട് വ്യാപം, ഇ- ടെൻഡറിംഗ്, ഖനന അഴിമതിയിൽ ഭാര്യയുടെയും മകന്റെയും പേര് പരാമർശിച്ചപ്പോൾ പ്രതികരിച്ചില്ലെന്നും രാഹുൽ ചോദിച്ചു.