ശബരിമല: ശബരിമലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ദേവസ്വം ബോർഡല്ല, പൊലീസാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ. നിയന്ത്രണങ്ങൾ കർശനമായതോടെയാണ് തീത്ഥാടകർ കുറഞ്ഞത്. നിയന്ത്രണങ്ങളിൽ അയവ് വരുത്താൻ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും പദ്മകുമാർ പറഞ്ഞു.
അതേ സമയം നിയന്ത്രണങ്ങളിൽ പൊലീസ് ഇളവ് വരുത്തിയത് ബോർഡിന്റെ നിർദേശം സ്വീകരിച്ചാണെന്ന് ബോർഡ് അംഗം കെ.പി. ശങ്കരദാസ് പറഞ്ഞു. യുവതികളെ തടയാൻ സംഘടിതശ്രമം ഉണ്ടായിരുന്നു. സന്നിധാനത്ത് ക്രമസമാധാനം തകർക്കാൻ ക്രിമിനലുകൾ തമ്പടിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് നിയന്ത്രണങ്ങൾ കർക്കശമാക്കിയത്. ക്രമസമാധാനം പാലിക്കാൻ തടസ്സമില്ലെന്ന് കണ്ടാൽ നിലവിലുള്ള നിയന്ത്രണങ്ങളിലും പൊലീസ് അയവ് വരുത്തും. ശബരിമലയിലും പരിസര പ്രദേശങ്ങളിലെയും സർക്കാർ നിലപാട് ഹൈക്കോടതി അംഗീകരിച്ചതായും ശങ്കരദാസ് വ്യക്തമാക്കി.