മലപ്പുറം: കണ്ണുരിൽ പാനൂരിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളെ മലപ്പുറം തിരൂരിൽ നിന്ന് കണ്ടെത്തി. തിരൂരിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. നവംബർ19 മുതലാണ് ദൃശ്യയെയും സാനിയെയും കാണാതായത്. സംസ്ഥാന വ്യാപകമായി ഇവർക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിരുന്നു.
താനൂരിലെ ഒരു ഹോട്ടലിൽ നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ ഇവരോട് സാദൃശ്യമുള്ള രണ്ട്പേരം കണ്ടെത്തിയിരുന്നു. തുടർന്ന് ഈ മേഖല കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. തിങ്കളാഴ്ച പതിവ് പോലെ കോളേജിൽ പോയ കുട്ടികൾ തിരികെ എത്താത്തതിനെ തുടർന്നാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്.
പാനൂരിലെ സ്ഥാപനത്തിൽ ലാബ് ടെക്നീഷ്യൻ കോഴ്സ് വിദ്യാർത്ഥികളാണ് ഇരുവരും. തമ്മിൽ പിരിഞ്ഞിരിക്കാനാവാത്ത വിധം കടുത്ത സൗഹൃദം ഇരുവരും തമ്മിലുണ്ടായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. മണിക്കൂറുകൾ നീളുന്ന ഫോൺ സംഭാഷണവും തമ്മിലുള്ള കൂടിക്കാഴ്ചയും വീട്ടുകാർ എതിർത്തിരുന്നു. ദൃശ്യയുടെ വിവാഹം തീരുമാനിച്ചതോടെയാണ് ഇരുവരെയും കാണാതായത്.