rbi

ന്യൂഡൽഹി: റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരത്തിൽ നിന്നുള്ള വിഹിതം കേന്ദ്രസർക്കാരിന് ആവശ്യമില്ലെന്ന് ധനമന്ത്രി അരുൺ ജയ്‌റ്ര്‌ലി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി റിസർവ് ബാങ്കിൽ നിന്ന് പണം വാങ്ങി ജനപ്രിയ പദ്ധതികൾ നടപ്പാക്കാനാണ് സർക്കാരിന്റെ ശ്രമമെന്ന പ്രതിപക്ഷ ആരോപണവും ഒരു ടിവി ചാനലിന് നൽകിയ അഭിമുത്തിൽ ധനമന്ത്രി തള്ളി.

റിസർവ് ബാങ്കിന്റെ 9.59 ലക്ഷം കോടി രൂപ വരുന്ന കരുതൽ ധനശേഖരത്തിൽ നിന്ന് മൂന്നു ലക്ഷം കോടി രൂപ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടുവെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതേച്ചൊല്ലി റിസർവ് ബാങ്കും കേന്ദ്രസർക്കാരും തമ്മിലെ പോരും രൂക്ഷമായി. കേന്ദ്ര ഇടപെടൽ റിസർവ് ബാങ്കിന്റെ സ്വയംഭരണാധികാരത്തെ തകർക്കുന്നതാണെന്നും ഇത് പ്രവർത്തനത്തെ ബാധിക്കുന്നുവെന്നും ഗവർണർ ഉർജിത് പട്ടേലും ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാര്യയും വിമർശിക്കുകയും ചെയ്‌തു. തുടർന്ന്, റിസർവ് ബാങ്കിന്റെ പണം കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ലെന്ന വിശദീകരണവുമായി ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ്, ധനമന്ത്രിയും കേന്ദ്ര നിലപാട് വ്യക്തമാക്കിയത്. അടുത്ത ആറുമാസത്തേക്ക് റിസർവ് ബാങ്കിൽ നിന്ന് കേന്ദ്രസർക്കാരിന് പണം ആവശ്യമില്ലെന്ന് ജയ്‌റ്ര്‌ലി പറഞ്ഞു. റിസർവ് ബാങ്കിന്റെ സ്വയംഭരണാധികാരത്തെ മാനിക്കുന്നു. എന്നാൽ, സമ്പദ്‌വ്യവസ്ഥയിൽ പണലഭ്യത കുറഞ്ഞാൽ കേന്ദ്രബാങ്കിനോട് അതേക്കുറിച്ച് അന്വേഷിക്കുകയും ഇടപെടുകയും ചെയ്യേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ജയ്‌റ്ര്‌ലി പറഞ്ഞു.

വിദേശ നാണയ ശേഖരത്തിൽ

$58.89 കോടിയുടെ വർദ്ധന

ഇന്ത്യയുടെ വിദേശ നാണയ കരുതൽ ശേഖരം നവംബർ 16ന് അവസാനിച്ച വാരത്തിൽ 58.89 കോടി ഡോളർ ഉയർന്ന് 39,358 കോടി ഡോളറിലെത്തി. തൊട്ടുമുമ്പത്തെ വാരത്തിൽ 12.12 കോടി ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. വിദേശ നാണയ ആസ്‌തി 50.60 കോടി ഡോളർ വർദ്ധിച്ച് 36,854.10 കോടി ഡോളറുമായിട്ടുണ്ട്. കരുതൽ സ്വർണ ശേഖരം 7.30 കോടി ഡോളർ വർദ്ധിച്ച് 2,096.10 കോടി ഡോളറായി. ഈവർഷം ഏപ്രിൽ 13ന് വിദേശ നാണയ കരുതൽ ശേഖരം സർവകാല ഉയരമായ 42,602.8 കോടി ഡോളറിലെത്തിയിരുന്നു.