ഗോവ: വിളവ് കൂടുതൽ ലഭിക്കാൻ കർഷകർ വേദമന്ത്രം ജപിച്ചാൽ മതിയെന്ന ഉപദേശവുമായി ഗോവ സർക്കാർ. കോസ്മിക് ഫാമിംഗ് നടത്തിയാൽ കൂടുതൽ വിളവ് ലഭിക്കുമെന്നാണ് ഗോവ സർക്കരിന്റെ പുതിയ കണ്ടെത്തൽ. മന്ത്രജപം ദിനവും തുടർന്നാൽ വിളവ് ഇരട്ടിയായി ലഭിക്കുമെന്നും പറയുന്നു.
കൃഷിയിടങ്ങളിൽ വേദമന്ത്രം ജപിച്ചാൽ വിളവ് കൂടുമെന്ന് വിശ്വസിക്കുന്ന രീതിയെയാണ് കോസ്മിക് ഫാമിംഗ് എന്ന് പറയുന്നത്. മുമ്പ് മന്ത്രി വിജയ് സർദേശായി ഈ രീതിയെക്കുറിച്ച് കർഷകർക്ക് ഉപദേശം നൽകിയിരുന്നു. ഇരുപത് ദിവസം വേദമന്ത്രം തുടർന്നാൽ മതിയെന്നാണ് കോസ്മിക് ഫാമിംഗ് ചെയ്യുന്നവർ പറയുന്നത്. ഒാരോ ദിവസവും ഇരുപത് മിനുട്ടാണ് മന്ത്രം ചൊല്ലേണ്ടത്.
കോസ്മിഗ് ഫാമിംഗിനെക്കുറിച്ച് ശിവ് യോഗ് ഫൗണ്ടേഷൻ ബ്രഹ്മകുമാരീസ് എന്നിവരുമായി ചർച്ച നടത്തി വരികയാണെന്ന് കൃഷി വകുപ്പിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.കോസ്മിക് ഫാമിംഗിലുടെ ഗോവയിൽ വിളവ് വർധിപ്പിക്കുന്ന പ്രവർത്തനത്തിലാണ് കൃഷിവകുപ്പ്. കൃഷിയിടങ്ങളിൽ ജെെവ ഫാമിംഗ് വർധിപ്പിക്കാൻ പറ്രുമെന്ന് കൃഷിവകുപ്പ് ഡയറക്ടർ നെൽസൺ ഫിഗറെഡോ പറഞ്ഞു.