ചെന്നൈ: തമിഴ്നാട്ടിലെ സ്കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും 2400 കോടി രൂപ വെട്ടിച്ചതായി ആദായ നികുതി വകുപ്പിന് രേഖകൾ ലഭിച്ചു. തിരുച്ചെങ്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിസ്റ്രി ഫ്രൈഡ്ഗ്രാം എന്ന സ്വകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് തമിഴ്നാട്ടിലെ ഉച്ചക്കഞ്ഞി വിതരണ പദ്ധതിയിൽ 2400 കോടി രൂപയുടെ അഴിമതി കണ്ടെത്തിയത്. രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും ബന്ധുക്കൾക്കുമായി 2400 കോടി രൂപ കൈക്കൂലി നൽകിയതായി ക്രിസ്റ്രി ഫ്രൈഡ്ഗ്രാം തൊഴിലാളികൾ വെളിപ്പെടുത്തി. കുട്ടികൾക്കുള്ള ഭക്ഷണം, ധാന്യങ്ങൾ, എണ്ണ തുടങ്ങി ഉച്ചക്കഞ്ഞി വിതരണത്തിനായുള്ള സാധനങ്ങൾ നൽകിവരുന്നത് ക്രിസ്റ്രി ഫ്രൈഡ്ഗ്രാം എന്ന കമ്പനിയാണ്. എന്തിനാണ് ഇവർ ഇത്രയും തുക നൽകി രാഷ്ട്രീയക്കാരെയും ഉന്നത ഉദ്യോഗസ്ഥരെയും സ്വാധീനിക്കാൻ ശ്രമിച്ചതെന്ന് അന്വേഷിച്ചു വരികയാണ്. ആവശ്യമായ സാധനങ്ങളുടെ ഓർഡർ ശേഖരിക്കുന്നതും ബില്ലുകൾ അനുവദിക്കുന്നതും ചുമതലയുള്ള ഉദ്യോഗസ്ഥരാണ്. ഇതു സംബന്ധിച്ച വിശദ വിവരം ആദായ നികുതി വകുപ്പ് ഉടൻ സംസ്ഥാന സർക്കാരിനും കേന്ദര സർക്കാരിനും കൈമാറും.