കൊച്ചി: വാട്ടിയ വാഴയിലയിൽ പൊതിഞ്ഞ ചോറിന്റെയും കറികളുടെയും ആ ഗന്ധം സ്കൂളുകളിൽ ഇനിയുണ്ടാവില്ല. ഹരിത പെരുമാറ്റ ചട്ടത്തിന്റെ ഭാഗമായി സ്കൂളുകളിൽ ഇനി പൊതിച്ചോറുകൾ കൊണ്ട് വരരുതെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകി. ഇനിമുതൽ ടിഫിൻ-സ്റ്റീൽ പാത്രങ്ങളിൽ മാത്രം ആഹാരം കൊണ്ട് വന്നാൽ മതിയെന്നാണ് പുതിയ നിയമം. സ്കൂളിലെ പൊതുവേദിയിൽ ഭക്ഷണപദാർത്ഥങ്ങൾ വിതരണം ചെയ്യരുതെന്നും നിർദ്ദേശത്തിലുണ്ട്.
ചില സ്കൂളുകൾ ഹരിത പെരുമാറ്റ ചട്ടം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് പുതിയ മാറ്റങ്ങൾ. സ്കൂളുകളിൽ നടക്കുന്ന യോഗങ്ങളിൽ പ്ലാസ്റ്റിക് കുപ്പിൾ, ക്യാരി ബാഗുകൾ പേപ്പർ കപ്പുകൾ എന്നിവ ഉപയോഗിക്കാൻ പാടില്ല. പകരം സ്റ്റീൽ, കുപ്പി ഗ്ലാസുകൾ ഉപയോഗിക്കാനാണ് നിർദ്ദേശം. പ്ലാസ്റ്റിക് പൊതിഞ്ഞ ബൊക്കെ, ഫ്ലക്സ്, ബാനറുകൾ കൊടിതോരണങ്ങൾ എന്നിവ പൂർണ്ണമായും ഒഴിവാക്കണം കൂടാതെ സ്റ്റീൽ കുപ്പികളിൽ വെള്ളം കൊണ്ട് വരാനും കുട്ടികളെ പ്രേരിപ്പിക്കണമെന്നുമാണ് പുതിയ നിർദ്ദേശം.
സ്കൂളുകളിലെ ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സൂക്ഷിക്കാനും സംസ്കരിക്കാനുമുള്ള സംവിധാനങ്ങൾ വേണം. ശുചി മുറികളിൽ ജല ലഭ്യത ഉറപ്പാക്കണം. ആരോഗ്യകരമായ ജല ഉപഭോഗ സംസ്കാരവും കുട്ടികളിൽ വളർത്തണം, അതിനായി ബോധവത്കരണ ക്ലാസുകൾ നടത്താനും ശുദ്ദമായ കുടി വെള്ളം ലഭ്യമാക്കാനും നിർദ്ദേശമുണ്ട്. പുതിയ നിർദ്ദേശങ്ങൾ പ്രാവർത്തികമാകുമ്പോൾ ഒരു കാലഘട്ടത്തിന്റെ തന്നെ ഓർമ്മകൾ കൂടിയാണ് നഷ്ടമാകുന്നത്..