സിഡ്നി: മഴയുടെ വിളയാട്ടം നടക്കുന്ന ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള ട്വന്റി -20 പരമ്പരയിലെ നിർണായകമായ അവസാന മത്സരം ഇന്ന് സിഡ്നിയിൽ നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.20 മുതലാണ് മത്സരം. പരമ്പരയിൽ 0-1ന് പിന്നിലായിരിക്കുന്ന ഇന്ത്യയ്ക്ക് ഇന്ന് ജയിച്ചാൽ മാത്രമേ പരമ്പര സമനിലയാക്കാൻ കഴിയൂ.
മഴ തടസപ്പെടുത്തിയ ഗാബയിൽ നടന്ന ആദ്യ മത്സരത്തിൽ ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരം നാല് റൺസിനായിരുന്നു ആസ്ട്രേലിയയുടെ ജയം. ആസ്ട്രേലിയ നേടിയ റൺസിനെക്കാൾ കൂടുതൽ നേടിയിട്ടും മഴ നിയമം ഇന്ത്യയ്ക്ക് പാരയാവുകയായിരുന്നു. മെൽബൺ വേദിയായ രണ്ടാം മത്സരം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആസ്ട്രേലിയ 19 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് എന്ന നിലിയിലായിരിക്കുമ്പോഴാണ് രണ്ടാം മത്സരത്തിനിടെ മഴയെത്തിയത്. പിന്നീട് ഇന്ത്യയുടെ വിജയ ലക്ഷ്യം ആദ്യം 19 ഓവറിൽ 137 റൺസായി നിശ്ചയിച്ചു. പിന്നീട് 11 ഓവറിൽ 90 റൺസായും 5 ഓവറിൽ 46 റൺസായും പുനർനിശ്ചയിച്ചെങ്കിലും മോശംകാലാവസ്ഥമൂലം കളികാണാനെത്തിയ അറുപതിനായിരത്തോളം കാണികളെ നിരാശരാക്കി മത്സരം ഉപേക്ഷിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
സിഡ്നിയിൽ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ പ്രവചനമെങ്കിലും ഇവിടെ കടുത്ത കാറ്റ് വീശുന്നുണ്ട്.ഇരു ടീമും ഒരു ട്വന്റി-20 മത്സരത്തിൽ ഏറ്രുമുട്ടിയിട്ടുണ്ട്. 2016ൽ നടന്ന ആ മത്സരത്തിൽ അവസാന പന്തിൽ ഇന്ത്യ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയിരുന്നു.
ഇന്ന് ഇന്ത്യ ചഹാലിന് ആദ്യ ഇലവനിൽ അവസരം നൽകാൻ സാധ്യതയുണ്ട്.
ബില്ലി സ്റ്രാൻലേക്കിന് പരിക്കേറ്റതിനാൽ ടെസ്റ്റ് പരമ്പര മുന്നിൽക്കണ്ട് വിശ്രമം അനുവദിച്ചിരുന്ന മിച്ചൽ സ്റ്റാർക്കിനെ ആസ്ട്രേലിയ മൂന്നാം ട്വന്റി-20യ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.