ന്യൂഡൽഹി: അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണം ആരഭിക്കുന്ന തീയതി പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് ശിവസേന അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ. പാർലമെന്റിൽ ഭൂരിപക്ഷമുള്ള ബി.ജെ.പി രാമക്ഷേത്ര നിർമ്മാണത്തിന് വേണ്ടി എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഓർഡിനൻസ് കൊണ്ടുവന്നാൽ ശിവസേന അതിനെ പിന്തുണയ്ക്കുമെന്നും ഉദ്ധവ് പറഞ്ഞു.
രണ്ടുദിവസത്തെ സന്ദർശനത്തിനായി അയോദ്ധ്യയിൽ എത്തിയതായിരുന്നു ശിവസേന അദ്ധ്യക്ഷൻ. ഭാര്യ രശ്മിയും മകൻ ആദിത്യയും ഉദ്ധവിനൊപ്പം ഉണ്ടായിരുന്നു.
രാമക്ഷേത്ര നിർമ്മാണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേനയും വി.എച്ച്.പിയും ഞായറാഴ്ച അയോദ്ധ്യയിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇരുപരിപാടികളുടെയും പശ്ചാത്തലത്തിൽ അയോദ്ധ്യയിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.