ഐബർ: സ്‌പാനിഷ് ലീലിഗയിൽ റയൽ മാഡ്രിഡിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. ഇന്നലെ നടന്ന മത്സരത്തിൽ കുഞ്ഞൻമാരായ ഐബർ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് റയലിനെ അട്ടിമറിച്ചു. തുടർച്ചയായ തോൽവികൾ മൂലം ജുലാൻ ലൊപറ്ര്യൂഗിയെ പുറത്താക്കി പരിശീലന ചുമതലയേല്പിച്ച സാന്റിയാഗോ സൊളാരിക്ക് കീഴിൽ റയലിന്റെ ആദ്യ തോൽവിയാണിത്. സൊളാരിക്ക് കീഴിൽ തുടർച്ചയായ നാല് ജയങ്ങൾ നേടിയതിന്റെ ആത്മ വിശ്വാസത്തിൽ എയ്ബറിനെ നേരിടാനിറങ്ങിയ റയലിന് പക്ഷേ ഐബറിന്റെ മൈതാനത്ത് എല്ലാം പിഴയ്ക്കുകയായിരുന്നു. സൊളാരി റയലിന്റെ സ്ഥിരം പരിശീലകനായി ചുമതലയേറ്ര ശേഷമുള്ള ആദ്യ മത്സരമായിരുന്നു ഇത്.
16ാം മിനിറ്റിൽ ഗോൺസാലോ എസ്കലാന്റെയാണ് ഐബറിനെ മുന്നിലെത്തിച്ചത്. തുടർന്ന് രണ്ടാം പകുതിയിൽ സെർജി എന്റിച്ച് (52), കിക്കെ (57) എന്നിവർ ഐബറിന്റെ ഗോൾ പട്ടിക തികച്ചു. കൂടുതൽ സമയം പന്ത് കാൽക്കൽ വെച്ചിട്ടും ഐബർ പ്രതിരോധം പിളർത്താൻ റയലിനായില്ല.
റാമോസ് ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടെന്ന് റിപ്പോർട്ട് മാഡ്രിഡ്: റയൽ നായകൻ സെർജിയോ റാമോസ് ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടെന്ന് റിപ്പോർട്ടുകൾ. 2017ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിന് മുമ്പ് നടത്തിയ പരിശോധനയിലാണ് റാമോസ് നിരോധിത മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തയതെന്ന് ഒരു ജർമ്മൻ മാധ്യമാണ് റിപ്പോർട്ട് ചെയ്തത്. റാമോസ് വേദന സംഹാരിയായി ഉപയോഗിച്ച ഡെക്‌സാമെറ്റാസോണ്‍ എന്ന മരുന്നാണ് വിവാദത്തിന് ഇടയാക്കിയത്. ഇത് ഡോപിംഗ് പരിശോധനാ ഏജൻസികളെ മുൻകൂട്ടി അറിയിച്ചില്ലെങ്കിൽ ഉത്തേജക മരുന്നായി പരിഗണിക്കും. എന്നാൽ വിവാദത്തിന് അടിസ്ഥാനമില്ലെന്നും ചികിത്സയുടെ ഭാഗമായാണ് മരുന്ന് ഉപയോഗിച്ചതെന്ന് യുവേഫയെ ബാധ്യപ്പെടുത്തിയെന്നുമാണ് റയൽ മാഡ്രിഡ് അധികൃതരുടെ നിലപാട്.