ന്യൂഡൽഹി: രാമക്ഷേത്രം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേനയുടെയും വിശ്വഹിന്ദു പരിഷത്തിന്റെയും നേതൃത്വത്തിൽ ഞായറാഴ്ച സമ്മേളനങ്ങൾ നടക്കാനിരിക്കെ അയോദ്ധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്തെ ന്യൂനപക്ഷങ്ങൾ ആശങ്കയിലാണെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഉദ്ധവ് താക്കറെ പങ്കെടുക്കുന്ന ശിവസേനയുടെ പരിപാടിയിലും വി.എച്ച്.പിയുടെ പരിപാടിയിലും രണ്ടുലക്ഷത്തിലേറെ പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1992 ന് ശേഷം നടക്കുന്ന ഏറ്റവും വലിയ സമ്മേളനമാണ് നാളെ നടക്കുന്നതെന്ന് വി.എച്ച്.പിയും അറിയിച്ചിട്ടുണ്ട്.
സുരക്ഷയുടെ ഭാഗമായി മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. അയോദ്ധ്യയിലെ മുഴുവൻ ഹോട്ടലുകളും ശിവസേന പ്രവർത്തകർ ബുക്ക് ചെയ്തതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.