ശബരിമലയിൽ സിനിമാസ്റ്റൈൽ പ്രകടനം നടത്തുന്ന യതീഷ്ചന്ദ്രക്ക് ഇപ്പോൾ താരപരിവേഷമാണ്. മുഖം നോക്കാതെ നടപടിയെടുക്കുന്ന ഈ യുവ ഐ.പി.എസ് ഓഫീസർ വിവാദങ്ങളുടെയും തോഴനാണ്. മുൻപ് സി.പി.എം നേതാക്കളെ ഉൾപ്പെടെ ലാത്തി കൊണ്ട് നേരിട്ട ചരിത്രമുള്ള യതീഷ്ചന്ദ്ര ഇപ്പോൾ സംഘപരിവാർ സംഘടനകളുടെ കണ്ണിലെ കരടാണ്. ശബരിമലയിൽ എത്തിയ ബി.ജെ.പി നേതാക്കളെ തടയുന്ന യതീഷ്ചന്ദ്രയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ആരാധകരെ ഏറെ സമ്പാദിച്ച യതീഷിനെ വിമർശിക്കുന്നവരുമേറെയാണ്. കണ്ണിൽ ചോരയില്ലാത്ത പെരുമാറ്റമാണ്, കാടത്തമാണ് എന്ന് തുടങ്ങി ഒട്ടേറെ വിമർശനങ്ങൾ യതീഷ്ചന്ദ്രക്ക് നേരെ ഉയരുന്നുണ്ട്. തന്റെ നടപടികൾ കാരണം മനുഷ്യാവകാശ കമ്മീഷന് മുൻപിൽ വരെ അദ്ദേഹത്തിന് ഉത്തരം പറയേണ്ടി വന്നിട്ടുണ്ട്.
എന്നാൽ ഇപ്പോൾ യതീഷ്ചന്ദ്രക്ക് വ്യത്യസ്തമായ മുഖമുണ്ടെന്ന് പറയുന്ന വീഡിയോ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. പ്രളയകാലത്ത് ഭാരമേറിയ ദുരിതാശ്വാസ സാമഗ്രികൾ ഒറ്റക്ക് ചുമക്കുന്ന യതീഷ്ചന്ദ്രയെ ഈ വീഡിയോയിൽ കാണാം.