നടൻ വിജയ് സേതുപതി ഇന്ന് തമിഴിൽ മാത്രമല്ല മലയാളത്തിന്റെയും പ്രിയതാരമാണ്. എട്ട് വർഷങ്ങൾക്ക് മുൻപ് നടൻ വിജയ് സേതുപതിയെ കുറിച്ച് സംവിധായകൻ കാർത്തിക് സുബ്ബരാജ് ഫേസ്ബുക്കിൽ എഴുതിയ പോസ്റ്റ് ഇന്ന് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയമാണ്. 2010ൽ പുറത്തിറങ്ങിയ 'തെൻമെർക്ക് പരുവക്കാറ്റ്' എന്ന ചിത്രത്തിലൂടെ തമിഴ് മുൻനിര താരനിരയിലേക്ക് എത്തിയ വിജയ് സേതുപതിക്ക് ആശംസകൾ നേർന്നുകൊണ്ടായിരുന്നു കാർത്തികിന്റെ പോസ്റ്റ്.
''തെൻമെർക്ക് പരുവക്കാറ്റ് നാളെ റിലീസ് ചെയ്യുകയാണ്. വിജയ് സേതുപതിയെ ബിഗ് സ്ക്രീനിൽ കാണാൻ കാത്തിരിക്കുന്നു, ആശംസകൾ വിജയ്'' കാർത്തിക് സുബ്ബരാജിന്റെ പോസ്റ്റിന് താഴെ ആരാണീ വിജയ് സേതുപതി എന്ന് ഒരാൾ കമന്റിട്ടു. അതിന് കാർത്തി നൽകിയ മറുപടി ''നിങ്ങളത് വൈകാതെ അറിയും''എന്നായിരുന്നു. കാർത്തിയുടെ ദീർഘ ദൃഷ്ടി തന്നെയാണ് ഈ മറുപടി എന്ന് വ്യക്തം.
2010ൽ വിജയ് മുൻനിരയിലേക്കെത്തിയെങ്കിലും കാർത്തിക് സുബ്ബരാജിന്റെ പിസ്സയിലൂടെയാണ് വിജയ് സേതുപതി ശ്രദ്ദേയനായത്. പിന്നീട് വന്ന നടുവിലെ കൊഞ്ചം പക്കത്തെ കാണോം , സൂദ് കാവും എന്നീ ചിത്രങ്ങളും വിജയ്ക്ക പ്രേക്ഷക പ്രശംസ നേടിക്കൊടുത്തു. ഇരെവി, ജിഗർതണ്ട എന്നീ സിനിമകളും ഹിറ്റായിരുന്നു. ജിഗർതണ്ടയിൽ വിജയ് അതിഥി വേഷത്തിലെത്തിയാണ് കൈയ്യടി നേടിയത്. ഒരിടവേളയ്ക്ക് ശേഷം കാർത്തിക്കും വിജയും ഒന്നിക്കുകയാണ് പേട്ടയിലൂടെ. സൂപ്പർസ്റ്റാർ രജനികാന്ത് നായകനാകുന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് വിജയ് എത്തുന്നത്. നേരത്തേ തന്നെ വിക്രം വേദയിലൂടെ വില്ലൻ വേഷത്തിലെത്തി പ്രേക്ഷകരെ ഞെട്ടിക്കുക മാത്രമല്ല ഫിലിം ഫെയർ അവാർഡ് ഉൾപ്പെടെ മികച്ച നടനുള്ള മൂന്ന് അവാർഡുകളും സ്വന്തമാക്കിയിരുന്നു. പുതിയ വില്ലൻ വേഷത്തിൽ വിജയിയെ കാണാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ.