ബംഗളൂരു: കന്നഡ ചലച്ചിത്രതാരവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന എം.എച്ച്.അംബരിഷ് (66)അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കിഡ്നി സംബന്ധിയായ അസുഖം മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു. ഹൃദയാഘാതം മൂലമാണ് അന്ത്യം സംഭവിച്ചതെന്ന് ഡോക്‌ടർമാർ അറിയിച്ചു. പ്രശസ്ത സിനിമാ താരമായ സുമലത ഭാര്യയും അഭിഷേക് ഗൗഡ മകനുമാണ്.
1952 മേയ് 29നു ജനിച്ച അംബരീഷ് എൺപതുകളിലെ ജനപ്രിയ കന്നഡ നായകനായിരുന്നു. 'പുത്തനകനഗൾ' എന്ന ചിത്രത്തിലൂടെയാണ് കന്നഡസിനിമയിലെ അരങ്ങേറ്റം. 1970-കളിൽ തുടർച്ചയായി ഹിറ്റുകൾ സൃഷ്ടിച്ചു കൊണ്ട് അംബരീഷ് കന്നഡ സിനിമയിൽ തരംഗം സൃഷ്ടിച്ചു. അംബി എന്ന പേരിൽ അറിയപ്പെട്ടിരുന്ന അംബരീഷിനെ റിബൽ സ്റ്റാർ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.
1998-99ൽ ലോക്‌സഭയിൽ ജനതാദൾ (എസ്) എംപിയായി രാഷ്‌ട്രീയ പ്രവേശം. പിന്നീടു കോൺഗ്രസിൽ ചേർന്ന അംബരീഷ് 2 തവണ കൂടി മണ്ഡ്യയിൽനിന്നു ലോക്‌സഭയിലെത്തി.
2006ലെ യു.പി.എ സർക്കാരിൽ വാർത്താവിനിമയ സഹമന്ത്രിയായി. കാവേരി തർക്കപരിഹാര ട്രൈബ്യൂണൽ വിധിയിൽ പ്രതിഷേധിച്ചു 2008ൽ മന്ത്രിസ്‌ഥാനം രാജിവച്ചു. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മണ്ഡ്യയിൽ എൻ.ചെലുവരായ സ്വാമിയോടു (ദൾ) പരാജയപ്പെട്ടു.
5 പതിറ്റാണ്ടോളം നീണ്ട ചലച്ചിത്ര ജീവിതത്തിൽ ഇരുനൂറിലധികം ചിത്രങ്ങളിൽ വേഷമിട്ടു. ‘അംബി നിങ്ങ് വയസായിതോ’ ആണ് അവസാന സിനിമ. ഈ ചിത്രം ബോക്സ് ഓഫീസിൽ സൂപ്പർഹിറ്റായിരുന്നു. മലയാളത്തിൽ വിഷ്ണുവിജയം, ചന്ദ്രഗിരിക്കോട്ട, ആ ഭീകരരാത്രി, ഗാനം, ഒരേ രക്തം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
കന്നഡ ചലച്ചിത്ര താരങ്ങളായ പുനീത് രാജ്കുമാർ, ദുനിയ വിജയ് ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി അന്ത്യോപചാരമർപ്പിച്ചു.