വംഗദേശത്തെ ചലച്ചിത്രാരാധകർ ബംഗാളി സിനിമയുടെ ശതാബ്ദിയാഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ്. അവരുടെ സിനിമയോടുള്ള ആഭിമുഖ്യവും ആവേശവും അനിതരസാധാരണമായ ആരാധനയുമാണ് ഈ ആഘോഷങ്ങൾ ഇപ്പോൾ തുടങ്ങാൻ കാരണം. എന്തെന്നാൽ, 2019 നവംബർ എട്ടിനാണ് വാസ്തവത്തിൽ ബംഗാളി സിനിമയ്ക്ക് നൂറു വർഷം തികയുന്നത്. ബംഗാളിയിലെ ആദ്യചിത്രമായ 'വില്വമംഗൽ" പുറത്തുവരുന്നത് 1919 നവംബർ എട്ടിനാണ്. 'രാജാ ഹരിശ്ചന്ദ്ര" ' ഇന്ത്യയുടെ ആദ്യചിത്രമാണെന്ന് പറയുന്നത് എന്തുകൊണ്ടാണോ അതേ കാരണങ്ങൾ കൊണ്ടാണ് ' വില്വമംഗൽ " ബംഗാളിയിലെ ആദ്യചിത്രമാണെന്നു പറയുന്നതും.
'രാജാ ഹരിശ്ചന്ദ്ര" യ്ക്കു മുമ്പും ഇന്ത്യയിൽ സിനിമകളുണ്ടായിട്ടുണ്ട്.1899 ൽ ഹരിശ്ചന്ദ്ര സഖാറാം ഭട് വ ഡേക്കറുടെ 'ഗുസ്തി"യിലായിരുന്നു തുടക്കം.എന്നാൽ, ഇതൊരു ഗുസ്തിമത്സരം അതേപോലെ പകർത്തിവച്ച ഒരു ഫിലിം മാത്രമായിരുന്നു.' രാജാ ഹരിശ്ചന്ദ്ര " റിലീസാവുന്നതിന്റെ തലേക്കൊല്ലം അതേ തിയേറ്ററിൽ ദാദ സാഹേബ് തോർനെയുടെ ' പുണ്ഡലിക് " എന്ന ചിത്രം പ്രദർശനത്തിനെത്തിയിരുന്നു.ഇതും ഒരു സ്റ്റേജ് നാടകത്തിന്റെ പകർപ്പ് മാത്രമായിരുന്നു. ഷോട്ടുകളായി തിരിക്കപ്പെടുകയോ എഡിറ്റ് ചെയ്യപ്പെടുകയോ ചെയ്യാതെ സ്റ്റേജിൽ നടന്നത് അതേപോലെ പകർത്തിവച്ച ഒന്ന്. ' വില്വമംഗലി"ന് മുൻപ് ബംഗാളിയിലും ഇത്തരം ചിത്രങ്ങൾ എമ്പാടുമുണ്ടായി. അക്കാലയളവിലെ ഹീരലാൽ സെന്നാണ് ഇന്ത്യൻ സിനിമയുടെ പിതാവ് എന്നൊരു വാദം പോലും ഒരു കാലത്തു ബംഗാളികൾ ഉയർത്തിയിരുന്നു. എന്നാൽ, തിയേറ്റർ അവതരണങ്ങളെ മൂവി കാമറ കൊണ്ട് പകർത്തിവയ്ക്കുക മാത്രമേ സെൻ ചെയ്തിട്ടുള്ളൂ എന്നാണ് മനസിലാക്കേണ്ടത്. സെന്നിന്റേതായി ഒരു തുണ്ടു ഫിലിം പോലും അവശേഷിച്ചിട്ടില്ല. 1904 ൽ അദ്ദേഹം രണ്ടു മണിക്കൂർ ദൈർഘ്യമുള്ള 'ആലിബാബയും നാല്പതു കള്ളന്മാരും " നിർമിച്ചു. ലോകസിനിമയിൽ ഒരു ഫീച്ചർ സിനിമ നിർമ്മിക്കപ്പെടുന്നത് പിന്നെയും പത്തുവർഷം കഴിഞ്ഞിട്ടാണ്. എന്നാൽ, ക്ലാസ്സിക് തിയേറ്ററിന്റെ ഒരു നാടകം അതേപോലെ പകർത്തുക മാത്രമാണ് ഹീരലാൽ ചെയ്തത്. ഒരു പ്രദർശനം പോലും നടന്നതായും തെളിഞ്ഞിട്ടില്ല. എന്തായാലും 1900 നും 1912 നുമിടയിൽ 12 കഥാചിത്രങ്ങളും പത്തു ഡോക്യുമെന്ററി ചിത്രങ്ങളും മൂന്നു പരസ്യചിത്രങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നുവെന്നു കണക്കാക്കപ്പെടുന്നു. സെന്നിന്റെ അവസാനദിനങ്ങൾ കടുത്ത ദാരിദ്ര്യത്തിന്റെയും കാൻസറിന്റെയും നീരാളിപ്പിടിത്തത്തിലായിരുന്നു.സിനിമാരംഗത്തു അദ്ദേഹത്തോട് മത്സരിച്ചു കൊണ്ടിരുന്ന ജെ.എഫ്. മദൻ അപ്പോഴേക്ക് ഏറെ മുന്നിലെത്തിയിരുന്നു. ഇതേ മദൻ തന്നെയാണ് ആദ്യബംഗാളി ചിത്രമായി അംഗീകാരം നേടിയ 'വില്വമംഗൽ" നിർമിക്കുന്നത്.1917 ൽ ശയ്യാവലംബിയായിരുന്ന ഹീരലാലിന്റെ ഗോഡൗണിൽ ഒരു തീപിടിത്തമുണ്ടായി. അദ്ദേഹം അതുവരെ നിർമിച്ച എല്ലാ ചിത്രങ്ങളും ആ അഗ്നിയിൽ വെന്തു വെണ്ണീറായി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഹീരലാലും ഈ ലോകത്തോട് വിട പറഞ്ഞു.
ബോംബെയിലെ ഒരു പാഴ്സി കുടുംബത്തിൽ ജനിച്ച ജാംഷെഡ്ജി ഫ്രാജി മദൻ ദാരിദ്ര്യം കാരണം സ്കൂൾ ജീവിതത്തോട് വിടപറഞ്ഞ് എൽഫിൻസ്റ്റൻ ഡ്രമാറ്റിക് ക്ലബിൽ ഒരു പ്രോപ്പർട്ടി ബോയിയായി ചേർന്നു. പിന്നീടദ്ദേഹം ബിസിനസിലേക്ക് തിരിയുകയും കുറച്ചുകാലം കഴിഞ്ഞു ബിസിനസ് സംബന്ധമായി കൽക്കത്തയിലെത്തുകയും ചെയ്തു. പണിയുടെ ഭാഗമായി അവിടത്തെ കൊറിന്തിയൻ ഹാൾ അദ്ദേഹം സന്ദർശിക്കാറുണ്ടായിരുന്നു. ഈ ഹാളിൽ ഇടയ്ക്കിടെ നാടകാവതരണങ്ങൾ നടക്കാറുണ്ടായിരുന്നു. ബിസിനസിൽ നിന്ന് കിട്ടിയ പണമുപയോഗിച്ചു പണ്ടു താൻ പ്രോപ്പർട്ടി ബോയിയായിരുന്ന എൽഫിൻസ്റ്റൺ കമ്പനി അദ്ദേഹം വിലയ്ക്കെടുത്തു. കൊറിന്തിയൻ ഹാൾ കൊറിന്തിയൻ തിയേറ്ററായി. അവിടെ പാഴ്സി നാടകങ്ങൾ അരങ്ങേറി. അവയൊക്കെ വലിയ സാമ്പത്തികവിജയവുമായി. 1902 ൽ ജെ.എഫ്. മദൻ സിനിമയിലേക്ക് കടന്നു. ടെന്റുകളിലാണ് ആദ്യത്തെ സിനിമാപ്രദർശനങ്ങൾ നടന്നത്. എൽഫിൻസ്റ്റൻ ബയോസ്കോപ് കമ്പനിയുടെ പേരിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെട്ടത്. കൊറിന്തിയൻ തിയേറ്ററും പതുക്കെപ്പതുക്കെ സിനിമാ തിയേറ്ററായി രൂപം മാറി. വിദേശത്തുനിന്നു കിട്ടുന്ന ചിത്രങ്ങളാണ് മദൻ പ്രദർശിപ്പിച്ചുകൊണ്ടിരുന്നത്. കുറേക്കഴിഞ്ഞപ്പോൾ സ്വദേശിച്ചിത്രങ്ങൾ കൂടെയുണ്ടെങ്കിലേ ജനങ്ങൾ തിയേറ്ററുകളിലേക്ക് കൂടുതലായി എത്തൂ എന്ന് മനസിലാക്കിയ മദൻ അന്നത്തെ രീതിയിൽ ചുറ്റിനും കാണുന്ന ജീവിത ദൃശ്യങ്ങൾ ഫിലിമിൽ പകർത്തി അതും കൂടി പ്രദർശിപ്പിക്കാൻ തുടങ്ങി.പ്രതീക്ഷിച്ചതുപോലെ പ്രേക്ഷകപങ്കാളിത്തം വർദ്ധിച്ചു.ആവേശം പൂണ്ട മദൻ എൽഫിൻസ്റ്റൻ പിക്ച്ചർ പാലസ്, മദൻ തിയേറ്റർ,പാലസ് ഓഫ് വെറൈറ്റിസ് ഇങ്ങനെ ഒന്നിനു പിന്നിലൊന്നായി തിയേറ്ററുകൾ നിർമിച്ചു. ഇതിന്റെ തുടർച്ചയായിട്ടാണ് 'വില്വമംഗൽ "എന്ന ബംഗാളിയിലെ ആദ്യത്തെ ഫീച്ചർ ഫിലിം അദ്ദേഹം നിർമിക്കുന്നത്. റുസ്തംജി ദോത്തിവാലയായിരുന്നു സംവിധായകൻ. വില്വമംഗലത്തു സ്വാമിയാരുടെ പ്രശസ്തമായ കഥ അവതരിപ്പിച്ച ഈ ചിത്രത്തിൽ ദൊറാബ്ജി മേവാവാലയും മിസ് ജോഹറും പ്രധാനവേഷങ്ങളിൽ അഭിനയിച്ചു. പന്ത്രണ്ടായിരം അടി നീളമുള്ള ചിത്രം 1919 നവംബർ 8 ന് പ്രദർശനം തുടങ്ങി.
ബംഗാളി സിനിമയുടെ നിശബ്ദകാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിർമാതാവ് മദൻ തന്നെയാണ്. വിദേശസംവിധായകരെക്കൊണ്ടുവന്ന് ഇന്ത്യയുടെ പ്രശസ്തമായ പുരാണകഥകൾ സാങ്കേതികത്തികവോടെ സിനിമയിലേക്ക് പകർത്തുകയായിരുന്നു മദന്റെ പ്രത്യേകത. യൂജിനിയോ ഡി ലിഗോറ എന്ന സംവിധായകൻ നളദമയന്തി (1920 ), ധ്രുവചരിത്ര(1921 ) എന്നീ ചിത്രങ്ങളും കനില ലെ ഗ്രാൻഡ് 'രത്നാവലി "(1922 ) യും ജോർജ് മാനിനി ' സാവിത്രി"(1923 ) യും സംവിധാനം ചെയ്തു. പേഷ്യൻസ് കൂപ്പറായിരുന്നു മിക്ക ചിത്രങ്ങളിലെയും നായിക. ബങ്കിം ചന്ദ്ര ചാറ്റർജിയുടെയും രവീന്ദ്രനാഥടാഗോറിന്റെയും സാഹിത്യ കൃതികൾക്കും മദൻ സിനിമാരൂപം നൽകി. മദന്റെ മരണശേഷം അദ്ദേഹത്തിന്റെ പുത്രനായ ജെ.ജെ.മദൻ പിതാവിന്റെ പാത പിന്തുടർന്നു. വിഷവൃക്ഷം, ദുർഗേശനന്ദിനി, ഗിരിബാല, രാധാറാണി തുടങ്ങിയ ബംഗാളിസാഹിത്യത്തിലെ പ്രകൃഷ്ടകൃതികൾ അദ്ദേഹം ചലച്ചിത്രത്തിലേക്കു പകർത്തി. ബംഗാളിയിലെ ആദ്യസിനിമ നിർമ്മിച്ചത് ജെ.എഫ്. മദനാണെങ്കിൽ ബംഗാളിയിലെ ആദ്യത്തെ ശബ്ദസിനിമ നിർമ്മിച്ചത് ജെ.ജെ. മദനാണ്.
ബംഗാളിയിലെ നിശബ്ദ സിനിമാകാലഘട്ടവിജയ കൃഷ്ണൻ
ഗദേശത്തെ ചലച്ചിത്രാരാധകർ ബംഗാളി സിനിമയുടെ ശതാബ്ദിയാഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ്. അവരുടെ സിനിമയോടുള്ള ആഭിമുഖ്യവും ആവേശവും അനിതരസാധാരണമായ ആരാധനയുമാണ് ഈ ആഘോഷങ്ങൾ ഇപ്പോൾ തുടങ്ങാൻ കാരണം. എന്തെന്നാൽ, 2019 നവംബർ എട്ടിനാണ് വാസ്തവത്തിൽ ബംഗാളി സിനിമയ്ക്ക് നൂറു വർഷം തികയുന്നത്. ബംഗാളിയിലെ ആദ്യചിത്രമായ 'വില്വമംഗൽ" പുറത്തുവരുന്നത് 1919 നവംബർ എട്ടിനാണ്. 'രാജാ ഹരിശ്ചന്ദ്ര" ' ഇന്ത്യയുടെ ആദ്യചിത്രമാണെന്ന് പറയുന്നത് എന്തുകൊണ്ടാണോ അതേ കാരണങ്ങൾ കൊണ്ടാണ് ' വില്വമംഗൽ " ബംഗാളിയിലെ ആദ്യചിത്രമാണെന്നു പറയുന്നതും.
'രാജാ ഹരിശ്ചന്ദ്ര" യ്ക്കു മുമ്പും ഇന്ത്യയിൽ സിനിമകളുണ്ടായിട്ടുണ്ട്.1899 ൽ ഹരിശ്ചന്ദ്ര സഖാറാം ഭട് വ ഡേക്കറുടെ 'ഗുസ്തി"യിലായിരുന്നു തുടക്കം.എന്നാൽ, ഇതൊരു ഗുസ്തിമത്സരം അതേപോലെ പകർത്തിവച്ച ഒരു ഫിലിം മാത്രമായിരുന്നു.' രാജാ ഹരിശ്ചന്ദ്ര " റിലീസാവുന്നതിന്റെ തലേക്കൊല്ലം അതേ തിയേറ്ററിൽ ദാദ സാഹേബ് തോർനെയുടെ ' പുണ്ഡലിക് " എന്ന ചിത്രം പ്രദർശനത്തിനെത്തിയിരുന്നു.ഇതും ഒരു സ്റ്റേജ് നാടകത്തിന്റെ പകർപ്പ് മാത്രമായിരുന്നു. ഷോട്ടുകളായി തിരിക്കപ്പെടുകയോ എഡിറ്റ് ചെയ്യപ്പെടുകയോ ചെയ്യാതെ സ്റ്റേജിൽ നടന്നത് അതേപോലെ പകർത്തിവച്ച ഒന്ന്. ' വില്വമംഗലി"ന് മുൻപ് ബംഗാളിയിലും ഇത്തരം ചിത്രങ്ങൾ എമ്പാടുമുണ്ടായി. അക്കാലയളവിലെ ഹീരലാൽ സെന്നാണ് ഇന്ത്യൻ സിനിമയുടെ പിതാവ് എന്നൊരു വാദം പോലും ഒരു കാലത്തു ബംഗാളികൾ ഉയർത്തിയിരുന്നു. എന്നാൽ, തിയേറ്റർ അവതരണങ്ങളെ മൂവി കാമറ കൊണ്ട് പകർത്തിവയ്ക്കുക മാത്രമേ സെൻ ചെയ്തിട്ടുള്ളൂ എന്നാണ് മനസിലാക്കേണ്ടത്. സെന്നിന്റേതായി ഒരു തുണ്ടു ഫിലിം പോലും അവശേഷിച്ചിട്ടില്ല. 1904 ൽ അദ്ദേഹം രണ്ടു മണിക്കൂർ ദൈർഘ്യമുള്ള 'ആലിബാബയും നാല്പതു കള്ളന്മാരും " നിർമിച്ചു. ലോകസിനിമയിൽ ഒരു ഫീച്ചർ സിനിമ നിർമ്മിക്കപ്പെടുന്നത് പിന്നെയും പത്തുവർഷം കഴിഞ്ഞിട്ടാണ്. എന്നാൽ, ക്ലാസ്സിക് തിയേറ്ററിന്റെ ഒരു നാടകം അതേപോലെ പകർത്തുക മാത്രമാണ് ഹീരലാൽ ചെയ്തത്. ഒരു പ്രദർശനം പോലും നടന്നതായും തെളിഞ്ഞിട്ടില്ല. എന്തായാലും 1900 നും 1912 നുമിടയിൽ 12 കഥാചിത്രങ്ങളും പത്തു ഡോക്യുമെന്ററി ചിത്രങ്ങളും മൂന്നു പരസ്യചിത്രങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നുവെന്നു കണക്കാക്കപ്പെടുന്നു. സെന്നിന്റെ അവസാനദിനങ്ങൾ കടുത്ത ദാരിദ്ര്യത്തിന്റെയും കാൻസറിന്റെയും നീരാളിപ്പിടിത്തത്തിലായിരുന്നു.സിനിമാരംഗത്തു അദ്ദേഹത്തോട് മത്സരിച്ചു കൊണ്ടിരുന്ന ജെ.എഫ്. മദൻ അപ്പോഴേക്ക് ഏറെ മുന്നിലെത്തിയിരുന്നു. ഇതേ മദൻ തന്നെയാണ് ആദ്യബംഗാളി ചിത്രമായി അംഗീകാരം നേടിയ 'വില്വമംഗൽ" നിർമിക്കുന്നത്.1917 ൽ ശയ്യാവലംബിയായിരുന്ന ഹീരലാലിന്റെ ഗോഡൗണിൽ ഒരു തീപിടിത്തമുണ്ടായി. അദ്ദേഹം അതുവരെ നിർമിച്ച എല്ലാ ചിത്രങ്ങളും ആ അഗ്നിയിൽ വെന്തു വെണ്ണീറായി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഹീരലാലും ഈ ലോകത്തോട് വിട പറഞ്ഞു.
ബോംബെയിലെ ഒരു പാഴ്സി കുടുംബത്തിൽ ജനിച്ച ജാംഷെഡ്ജി ഫ്രാജി മദൻ ദാരിദ്ര്യം കാരണം സ്കൂൾ ജീവിതത്തോട് വിടപറഞ്ഞ് എൽഫിൻസ്റ്റൻ ഡ്രമാറ്റിക് ക്ലബിൽ ഒരു പ്രോപ്പർട്ടി ബോയിയായി ചേർന്നു. പിന്നീടദ്ദേഹം ബിസിനസിലേക്ക് തിരിയുകയും കുറച്ചുകാലം കഴിഞ്ഞു ബിസിനസ് സംബന്ധമായി കൽക്കത്തയിലെത്തുകയും ചെയ്തു. പണിയുടെ ഭാഗമായി അവിടത്തെ കൊറിന്തിയൻ ഹാൾ അദ്ദേഹം സന്ദർശിക്കാറുണ്ടായിരുന്നു. ഈ ഹാളിൽ ഇടയ്ക്കിടെ നാടകാവതരണങ്ങൾ നടക്കാറുണ്ടായിരുന്നു. ബിസിനസിൽ നിന്ന് കിട്ടിയ പണമുപയോഗിച്ചു പണ്ടു താൻ പ്രോപ്പർട്ടി ബോയിയായിരുന്ന എൽഫിൻസ്റ്റൺ കമ്പനി അദ്ദേഹം വിലയ്ക്കെടുത്തു. കൊറിന്തിയൻ ഹാൾ കൊറിന്തിയൻ തിയേറ്ററായി. അവിടെ പാഴ്സി നാടകങ്ങൾ അരങ്ങേറി. അവയൊക്കെ വലിയ സാമ്പത്തികവിജയവുമായി. 1902 ൽ ജെ.എഫ്. മദൻ സിനിമയിലേക്ക് കടന്നു. ടെന്റുകളിലാണ് ആദ്യത്തെ സിനിമാപ്രദർശനങ്ങൾ നടന്നത്. എൽഫിൻസ്റ്റൻ ബയോസ്കോപ് കമ്പനിയുടെ പേരിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെട്ടത്. കൊറിന്തിയൻ തിയേറ്ററും പതുക്കെപ്പതുക്കെ സിനിമാ തിയേറ്ററായി രൂപം മാറി. വിദേശത്തുനിന്നു കിട്ടുന്ന ചിത്രങ്ങളാണ് മദൻ പ്രദർശിപ്പിച്ചുകൊണ്ടിരുന്നത്. കുറേക്കഴിഞ്ഞപ്പോൾ സ്വദേശിച്ചിത്രങ്ങൾ കൂടെയുണ്ടെങ്കിലേ ജനങ്ങൾ തിയേറ്ററുകളിലേക്ക് കൂടുതലായി എത്തൂ എന്ന് മനസിലാക്കിയ മദൻ അന്നത്തെ രീതിയിൽ ചുറ്റിനും കാണുന്ന ജീവിത ദൃശ്യങ്ങൾ ഫിലിമിൽ പകർത്തി അതും കൂടി പ്രദർശിപ്പിക്കാൻ തുടങ്ങി.പ്രതീക്ഷിച്ചതുപോലെ പ്രേക്ഷകപങ്കാളിത്തം വർദ്ധിച്ചു.ആവേശം പൂണ്ട മദൻ എൽഫിൻസ്റ്റൻ പിക്ച്ചർ പാലസ്, മദൻ തിയേറ്റർ,പാലസ് ഓഫ് വെറൈറ്റിസ് ഇങ്ങനെ ഒന്നിനു പിന്നിലൊന്നായി തിയേറ്ററുകൾ നിർമിച്ചു. ഇതിന്റെ തുടർച്ചയായിട്ടാണ് 'വില്വമംഗൽ "എന്ന ബംഗാളിയിലെ ആദ്യത്തെ ഫീച്ചർ ഫിലിം അദ്ദേഹം നിർമിക്കുന്നത്. റുസ്തംജി ദോത്തിവാലയായിരുന്നു സംവിധായകൻ. വില്വമംഗലത്തു സ്വാമിയാരുടെ പ്രശസ്തമായ കഥ അവതരിപ്പിച്ച ഈ ചിത്രത്തിൽ ദൊറാബ്ജി മേവാവാലയും മിസ് ജോഹറും പ്രധാനവേഷങ്ങളിൽ അഭിനയിച്ചു. പന്ത്രണ്ടായിരം അടി നീളമുള്ള ചിത്രം 1919 നവംബർ 8 ന് പ്രദർശനം തുടങ്ങി.
ബംഗാളി സിനിമയുടെ നിശബ്ദകാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിർമാതാവ് മദൻ തന്നെയാണ്. വിദേശസംവിധായകരെക്കൊണ്ടുവന്ന് ഇന്ത്യയുടെ പ്രശസ്തമായ പുരാണകഥകൾ സാങ്കേതികത്തികവോടെ സിനിമയിലേക്ക് പകർത്തുകയായിരുന്നു മദന്റെ പ്രത്യേകത. യൂജിനിയോ ഡി ലിഗോറ എന്ന സംവിധായകൻ നളദമയന്തി (1920 ), ധ്രുവചരിത്ര(1921 ) എന്നീ ചിത്രങ്ങളും കനില ലെ ഗ്രാൻഡ് 'രത്നാവലി "(1922 ) യും ജോർജ് മാനിനി ' സാവിത്രി"(1923 ) യും സംവിധാനം ചെയ്തു. പേഷ്യൻസ് കൂപ്പറായിരുന്നു മിക്ക ചിത്രങ്ങളിലെയും നായിക. ബങ്കിം ചന്ദ്ര ചാറ്റർജിയുടെയും രവീന്ദ്രനാഥടാഗോറിന്റെയും സാഹിത്യ കൃതികൾക്കും മദൻ സിനിമാരൂപം നൽകി. മദന്റെ മരണശേഷം അദ്ദേഹത്തിന്റെ പുത്രനായ ജെ.ജെ.മദൻ പിതാവിന്റെ പാത പിന്തുടർന്നു. വിഷവൃക്ഷം, ദുർഗേശനന്ദിനി, ഗിരിബാല, രാധാറാണി തുടങ്ങിയ ബംഗാളിസാഹിത്യത്തിലെ പ്രകൃഷ്ടകൃതികൾ അദ്ദേഹം ചലച്ചിത്രത്തിലേക്കു പകർത്തി. ബംഗാളിയിലെ ആദ്യസിനിമ നിർമ്മിച്ചത് ജെ.എഫ്. മദനാണെങ്കിൽ ബംഗാളിയിലെ ആദ്യത്തെ ശബ്ദസിനിമ നിർമ്മിച്ചത് ജെ.ജെ. മദനാണ്.
ബംഗാളിയിലെ നിശബ്ദ സിനിമാകാലഘട്ടത്തിൽ ഏറ്റവും മികച്ച സംഭാവനകൾ നൽകിയ മറ്റൊരാൾ ധീരേന്ദ്രനാഥഗാംഗുലി എന്ന ധീരേൻ ഗാംഗുലിയാണ്. 1921 ൽ അദ്ദേഹം ചെയ്ത ' ഇംഗ്ലണ്ട് റിട്ടേൺഡ് " അപൂർവതയുള്ള ഒരു ഹാസ്യചിത്രമാണ്. മൂന്നു ചിത്രങ്ങൾക്ക് ശേഷം ഹൈദരാബാദിലേക്ക് പോയ ധീരേൻ ഗാംഗുലി അവിടെ ചില സാഹസികസംരംഭങ്ങളിലേർപ്പെട്ടശേഷം കൽക്കത്തയിലേക്ക് മടങ്ങിയെത്തി. ഈ രണ്ടാം വരവിൽ അദ്ദേഹം ചെയ്ത ഏറ്റവും വലിയ കാര്യം പ്രതിഭാശാലികളായ പലരെയും സിനിമയിലേക്കാനയിച്ചു എന്നതാണ്. ബംഗാളി സിനിമയിലെ മാത്രമല്ല, ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യകാലഘട്ടത്തിലെ അതികായരായ പി.സി.ബറുവയും ദേബകി ബോസും അക്കൂട്ടത്തിൽപ്പെടുന്നു.
1931 മാർച്ച് 14 ന് ഇന്ത്യൻ സിനിമയിലെ ആദ്യത്തെ ശബ്ദചിത്രമായ 'ആലം ആര" റിലീസ് ചെയ്യപ്പെട്ടു. കേവലം ആറാഴ്ച കഴിഞ്ഞപ്പോൾ രണ്ടാമത്തെ ശബ്ദചിത്രം പുറത്തിറങ്ങി. അത് ജെ.ജെ. മദൻ നിർമിച്ച ചിത്രമായിരുന്നു. വാസ്തവത്തിൽ ആർദേഷിർ ഇറാനി 'ആലം ആര" യുടെ ജോലികൾ ആരംഭിച്ചപ്പോൾത്തന്നെ മദനും 'ഷിറിൻ ഫർഹദ് "എന്ന തന്റെ ചിത്രം തുടങ്ങിയിരുന്നു. പിന്നീട് ഇരുവരും തമ്മിൽ ആദ്യം ചിത്രം പുറത്തിറക്കുന്നതിനെ സംബന്ധിച്ച് ഒരു വലിയ മത്സരം തന്നെ നടന്നു. ഒടുവിൽ ആ മത്സരത്തിൽ ആർദേഷിർ ഇറാനി തന്നെ വിജയം വരിച്ചു . രണ്ടാമനാകാൻ മാത്രമേ മദന് സാധിച്ചുള്ളൂ. എന്തായാലും ആദ്യത്തെ ബംഗാളി ശബ്ദചിത്രം മദൻ തന്നെ നിർമിച്ചു. (ഷിറിൻ ഫർഹദ് ഹിന്ദി ചിത്രമായിരുന്നു.) 1931 ൽ തന്നെ അത് പുറത്തുവരികയും ചെയ്തു.'ജമായ് ഷഷ്ഠി "എന്ന ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനും അമർ ചൗധരിയായിരുന്നു. അദ്ദേഹം തന്നെ പ്രധാനവേഷത്തിൽ അഭിനയിക്കുകയും ചെയ്തു.' ജമായ് ഷഷ്ഠി " ഹ്രസ്വചിത്രമായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. അങ്ങനെയെങ്കിൽ അതേ വർഷം തന്നെ ഡിസംബറിൽ പുറത്തിറങ്ങിയ പ്രേമാങ്കുർ അതാർത്ഥിയുടെ 'ദേനാ പവോന " യെ ആദ്യത്തെ ഫീച്ചർ ശബ്ദചിത്രമായിക്കാണാം.
ഇന്ത്യൻ ശബ്ദസിനിമയുടെ ആദ്യഘട്ടത്തിലെ ഏറ്റവും പ്രഗല്ഭനായ സംവിധായകനാണ് പ്രമതേഷ് ചന്ദ്ര ബറുവ. നാല്പത്തിയെട്ടാമത്തെ വയസ്സിൽ ക്ഷയരോഗബാധിതനായി മരണമടഞ്ഞ ബറുവ കേവലം ഇരുപതുകൊല്ലമാണ് ചലച്ചിത്രരംഗത്തുണ്ടായിരുന്നത്. ഹ്രസ്വമായ ഈ കാലയളവിനുള്ളിൽ ഇരുപത്തിയഞ്ചു ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. പന്ത്രണ്ടു ചിത്രങ്ങളിൽ അഭിനയിച്ചു. അഞ്ചു ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. ഒരു ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവഹിച്ചു. ബറുവ ആദ്യമായി നിർമിച്ച 'അപരാധി " ദേബകി ബോസാണ് സംവിധാനം ചെയ്തത്. ഇതിൽ ബറുവ തന്നെയായിരുന്നു. തുടർന്ന് രണ്ടു ചിത്രങ്ങൾ കൂടി നിർമ്മിച്ചശേഷം അദ്ദേഹം സ്വയം സംവിധായകനായി.സ്വന്തം നിർമാണക്കമ്പനി നഷ്ടത്തിലായ സമയത്താണ് ബംഗാളിലെ പ്രസിദ്ധമായ ന്യൂ തിയേറ്റേഴ്സിന്റെ ഉടമ ബി.എൻ. സർക്കാർ അദ്ദേഹത്തെ ക്ഷണിക്കുന്നത്. അവിടെ അദ്ദേഹം ചെയ്ത ചിത്രങ്ങൾ വിജയം കൊയ്തു. അധികാർ, ദേവദാസ്, ഗൃഹദാഹ, മുക്തി, രജത് ജയന്തി ഈ ചിത്രങ്ങളിലൂടെ അദ്വിതീയനായ സംവിധായകൻ എന്ന ഖ്യാതി അദ്ദേഹം നേടി. ഒപ്പം ബംഗാളിയിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ എന്ന പദവിയും അദ്ദേഹത്തിന് സ്വന്തമായി. ശബ്ദസിനിമയിൽ ആദ്യമായി ശരത്ചന്ദ്ര ചാറ്റർജിയുടെ 'ദേവദാസ് " ചലച്ചിത്രത്തിലേക്കു പകർത്തുന്നത് ബറുവയാണ്. ദേവദാസായി അഭിനയിച്ചതും അദ്ദേഹം തന്നെ. ഇന്ത്യൻ സിനിമയിൽ ദിലീപ് കുമാർ അടക്കം ഒട്ടേറെ പേർ ദേവദാസായി അഭിനയിച്ചിട്ടുണ്ടെങ്കിലും ദേവദാസായി ജീവിച്ച ഒരേയൊരാൾ ബറുവ തന്നെയാണ്. 'ദേവദാസി ' ന്റെ ഛായാഗ്രഹണം നിർവഹിച്ചത് ബിമൽ റോയിയായിരുന്നു. ഏതാനും കൊല്ലം കഴിഞ്ഞു ഇതേ ബിമൽ റോയ് ' ദേവദാസി "ന്റെ ഒരു ഹിന്ദിപ്പതിപ്പുണ്ടാക്കി. ദിലീപ് കുമാർ നായകനായ,അതിമനോഹരഗാനങ്ങളുള്ള ആ 'ദേവദാസ് " തന്നെ. ബിമൽ റോയ് ഹിന്ദിസിനിമയിലാണ് പ്രവർത്തിച്ചത്.അതിപ്രശസ്തരായ പല ബംഗാളികളും ഹിന്ദി തങ്ങളുടെ തട്ടകമായി തിരഞ്ഞെടുത്തിട്ടുണ്ട്. ഋഷികേശ് മുഖർജിയും സലിൽ ചൗധരിയുമൊക്കെ അക്കൂട്ടത്തിൽപ്പെടും. ആദ്യഘട്ടത്തിൽ ബോംബേക്കു തുല്യമായ ഒരു ഹിന്ദിസിനിമാനിർമാണകേന്ദ്രമായിരുന്നു കൽക്കത്ത. ബോംബെയിലെ ബോംബെ ടാക്കീസിനും പ്രഭാതിനും ബദലായിരുന്നു കൽക്കത്തയിലെ ന്യൂ തിയേറ്റേഴ്സ്. അചിരേണ ഹിന്ദി സിനിമയിൽ നിലനിൽക്കാനാഗ്രഹിച്ചവരൊക്കെ ബോംബെയിലേക്ക് ചേക്കേറിയതോടെ കൽക്കത്ത ബംഗാളിസിനിമയുടെ മാത്രം കേന്ദ്രമായിത്തീർന്നു. എന്നാൽ, അതിനു ശേഷമാണ് ബംഗാളി സിനിമയുടെ സുവർണകാലം തുടങ്ങുന്നത്.
1955 ൽ സത്യജിത് റായിയുടെ 'പഥേർ പാഞ്ചാലി" പുറത്തിറങ്ങിയപ്പോൾ ഇന്ത്യൻ സിനിമ ലോകസിനിമാഭൂപടത്തിൽ മാന്യമായ ഇടം നേടി. അതുപോലെ, ബംഗാളി സിനിമ ഇന്ത്യൻ സിനിമയുടെ ഭൂപടത്തിൽ ഏറ്റവും വലിയ സ്ഥാനമാർജിച്ചു.പിന്നെയങ്ങോട്ടു കലാപരമായ സിനിമയുടെ തലസ്ഥാനമായി മാറി ബംഗാൾ . എല്ലാക്കൊല്ലവും ദേശീയ അവാർഡുകളുടെ പട്ടികയിൽ ഏറ്റവും വലിയ പങ്കു നേടി. അന്തർദേശീയ അവാർഡുകളും അതുപോലെ. ഇവയിലേറിയ കൂറും റായിയുടെ സൃഷ്ടികൾക്കായിരുന്നു. ഇന്നും ലോകസിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടിക തയാറാക്കുമ്പോൾ ' പഥേർ പാഞ്ചാലി" ഒഴിവാകുകയില്ല.' അപുത്രയ"ത്തിനു ശേഷം ജൽസാ ഘർ,ദേവി, തീൻ കന്യ , കാഞ്ചൻ ജംഗ,മഹാനഗർ,ചാരുലത,അരണ്യേർ ദിൻ രാത്രി,പ്രതിദ്വന്ദ്വി, സീമാബദ്ധ, അശനി സങ്കേത് , ജന ആരണ്യ തുടങ്ങി കൈവച്ച ചിത്രങ്ങളെല്ലാം വിജയമാക്കാൻ കഴിഞ്ഞ സംവിധായകനാണ് സത്യജിത് റായ്. ഫ്രഞ്ച് സർക്കാറിന്റെ ലീജിയൻ ഓഫ് ഓണറും ഓസ്കാറുമെല്ലാം റായിയെത്തേടി എത്തി. ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ' ഭാരതരത്ന ' ലഭിച്ച ഏക സംവിധായകനാണ് റായ്.
സത്യജിത് റായിക്കും മുൻപേ ആദ്യചിത്രം നിർമിച്ച സംവിധായകനാണ് ഋത്വിക് ഘട്ടക്. ' പഥേർ പാഞ്ചാലി"ക്കും രണ്ടു വർഷം മുൻപ് അദ്ദേഹം തന്റെ ആദ്യചിത്രമായ 'നാഗരിക് " തയാറാക്കിയിരുന്നു. എന്നാൽ അത് വെളിച്ചം കണ്ടത് ഇരുപത്തിയഞ്ചു വർഷം കഴിഞ്ഞ് അദ്ദേഹത്തിന്റെ മരണത്തിനു ശേഷം മാത്രമാണ്. നിർഭാഗ്യം അദ്ദേഹത്തിന്റെ ജീവിതത്തിലും സിനിമയിലും ഉടനീളം നിഴൽ പടർത്തിയിട്ടുണ്ട്. 'സുവർണരേഖ ", 'അജാന്ത്രിക് ", ' മേഘേ ധാക്ക താരാ" , 'കോമൾ ഗാന്ധാ ർ" എന്നിങ്ങനെ എട്ടു ചിത്രങ്ങൾ മാത്രമാണ് അദ്ദേഹം സംവിധാനം ചെയ്തത്. കലാസുന്ദരമായ ചിത്രങ്ങളാണ് അവയെങ്കിലും അർഹിക്കുന്ന അംഗീകാരങ്ങളൊന്നും അവയ്ക്കു ലഭിച്ചില്ല. മരണശേഷമാണ് അദ്ദേഹത്തെപ്പറ്റിയുള്ള ശരിയായ വിലയിരുത്തലുകളുണ്ടായത്.
ചിത്രങ്ങളുടെ പ്രശസ്തിയിൽ മാത്രമല്ല, അവയ്ക്കു ലഭിച്ച അംഗീകാരങ്ങളുടെ കാര്യത്തിലും സത്യജിത് റായിയുടെ തൊട്ടുപിന്നിൽ മൃണാൾ സെന്നുണ്ട് റായ് രംഗത്ത് വരുന്നതിന്റെ പിന്നാലെ സെൻ ആദ്യചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹം ശ്രദ്ധേയനാവുന്നത് നവതരംഗകാലഘട്ടത്തിലാണ്.1969 ൽ പുറത്തിറങ്ങിയ ' ഭുവൻ ഷോ"മാണ് ഇന്ത്യൻ നവതരംഗത്തിലെ ആദ്യചിത്രമായി കണക്കാക്കപ്പെടുന്നത്. തുടർന്നദ്ദേഹം ചെയ്ത കൽക്കത്താ ചിത്രത്രയം ഇന്ത്യയിലെ തന്നെ ഏറ്റവും രാഷ്ട്രീയബോധമുള്ള സംവിധായകൻ എന്ന വിശേഷണം അദ്ദേഹത്തിന് നേടിക്കൊടുത്തു.' ഇന്റർവ്യൂ", 'കൽക്കത്ത 71", 'പദാതിക് " എന്നിവയാണ് കൽക്കത്താത്രയത്തിലെ ചിത്രങ്ങൾ.'അകാലേർ സന്ധാനെ",'ഏക് ദിൻ പ്രതിദിൻ", ഖാണ്ഡഹാർ ", 'ഖരീജ് " ,'ഏക് ദിൻ അചാനക് " എന്നിവയെല്ലാം അദ്ദേഹത്തിന് രാജ്യത്തിനകത്തും പുറത്തും പ്രശസ്തി നേടിക്കൊടുത്ത ചിത്രങ്ങളത്രേ.
ഈ ത്രിമൂർത്തികളുടെ സമകാലീനരായ തപൻ സിൻഹ , അജയ് കർ, രാജൻ തരഫ്ദാർ തുടങ്ങിയവരും ബംഗാളി സിനിമയുടെ യശസുയർത്തിയവരാണ്. ത്രിമൂർത്തികളുടെ അസ്തമയത്തിനുശേഷവും ബംഗാളി സിനിമ അതിന്റെ കലാപരമായ മുൻതൂക്കം തുടർന്നു. അകാലത്തിൽ അന്തരിച്ച ഋതുപർണ ഘോഷ് വൈവിദ്ധ്യം പുലർത്തുന്ന സിനിമകളിലൂടെ പാരമ്പര്യം പിന്തുടർന്നു. 'ഉനീഷേ ഏപ്രിൽ", 'ദഹൻ", 'ചൊക്കെർ ബാലി", 'തിത് ലി" തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ. ഘോഷിന് മുൻപേ വന്ന തലമുറ ഇപ്പോഴും സജീവമാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീസാന്നിധ്യം എന്ന് വിശേഷിപ്പിക്കാവുന്ന അപർണ്ണ സെന്നാണ് ഇവരിൽ ഏറ്റവും പ്രധാനി. സത്യജിത് റായിയുടെ ചിത്രത്തിലൂടെ നടിയായി രംഗത്തു വന്ന അപർണ സെൻ '36 ചൗരംഗി ലെയ്ൻ" എന്ന ആദ്യചിത്രത്തിലൂടെതന്നെ സംവിധായകരുടെ മുൻനിരയിലേക്ക് വന്നു. ഹിന്ദിയിലും ബംഗാളിയിലും മാറിമാറി അവർ ചിത്രങ്ങൾ സംവിധാനം ചെയ്തു. ഗൗതം ഘോഷ്, ബുദ്ധദേവ് ദാസ്ഗുപ്ത, ഉല്പലേന്ദു ചക്രവർത്തി എന്നിവർക്കൊപ്പം സത്യജിത് റായിയുടെ പുത്രനായ സാന്ദീപ് റായിയും ബംഗാളി സിനിമയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. എന്നാൽ,ഇന്ന് സ്ഥിതിഗതികൾ അത്രതന്നെ ആശാസ്യമാണെന്നു പറഞ്ഞുകൂടാ. ദേശീയ അവാർഡുകളിലും ഇന്ത്യൻ പനോരമയിലും ബംഗാളി സിനിമ വഹിച്ചിരുന്ന പ്രമാണിത്തത്തിന് ഉലച്ചിൽ തട്ടിയിട്ടുണ്ട്. മറാത്തി, മലയാളം ചിത്രങ്ങൾക്ക് മുന്നിൽ പതറിപ്പോകുന്ന ഒരവസ്ഥയാണ് ഇന്ന് ബംഗാളി സിനിമയ്ക്കുള്ളത്. ഒരുപക്ഷേ, ശതാബ്ദിയാഘോഷവേള ബംഗാളി സിനിമയ്ക്ക് പുനരുജ്ജീവനം നൽകുമെന്ന് പ്രത്യാശിക്കാം.