ഒരുപാടു ദശാബ്ദങ്ങൾക്ക് പിന്നിലേക്ക് സഞ്ചരിച്ച പോലെ തോന്നും കാക്കാത്തുരുത്തിലെത്തുമ്പോൾ. വേമ്പനാട്ടുകായലിൽ നാലു കിലോമീറ്റർ നീളത്തിൽ കരയുമായി യാതൊരു ബന്ധവുമില്ലാത്ത ഒറ്റപ്പെട്ട ദ്വീപാണ് ആലപ്പുഴ ജില്ലയിലെ എഴുപുന്ന പഞ്ചായത്തിലെ കാക്കാത്തുരുത്ത്. ലോക പ്രശസ്ത ട്രാവൽ മാസികയായ നാഷണൽ ജ്യോഗ്രഫിക് ട്രാവലർ ആണ് ഈ സ്ഥലത്തെ ലോകത്തിനു മുന്നിലേക്കെത്തിച്ചത്. 'എറൗണ്ട് ദി വേൾഡ് ഇൻ 24 അവേഴ്സ് "എന്ന ട്രാവൽ ഫോട്ടോ ഫീച്ചറിലാണ് ദിവസത്തിലെ ഓരോ മണിക്കൂറിലും നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നായി കാക്കാത്തുരുത്തും സ്ഥാനം പിടിച്ചത്. ഈ ലിസ്റ്റിൽ ഇടം നേടിയ ദക്ഷിണേന്ത്യയിലെ ഒരേയൊരു സ്ഥലമാണിത്. വിദേശികളുടെ ഭാഷയിൽ 'ഐലൻഡ് ഓഫ് ക്രൗസ് ".
ഫ്രഞ്ച് എഴുത്തുകാരൻ ജൂൾസ് വേണിന്റെ'എറൗണ്ട് ദി വേൾഡ് ഇൻ എയ്റ്റി ഡേയ്സ് " വായിച്ചതോർമ്മ വന്നു. 80 ദിവസത്തിനുള്ളിൽ ലോകം ചുറ്റി വരുന്ന നായകൻ കുട്ടിക്കാലത്തെ ഹീറോ ആയിരുന്നു. നാറ്റ് ജിയോയുടെ ഫീച്ചർ പ്രകാരം 24 മണിക്കൂർ ലോകസഞ്ചാരത്തിനിറങ്ങുന്ന ഒരു സഞ്ചാരി അർദ്ധരാത്രി 12 മണിക്ക് ആർട്ടിക് സർക്കിളിൽ നിന്നും 250 മൈൽ അകലെ നോർവേയിൽ വ്യത്യസ്ത നിറങ്ങളുള്ള പ്രകാശങ്ങളുടെ ആകാശ നൃത്തമായ ധ്രുവദീപ്തി കണ്ടുതുടങ്ങി ടെൽ അവീവിലെ രാത്രിജീവിതമാസ്വദിച്ച് പുലർച്ചെ അഞ്ചു മണിക്ക് ഹവായ് ദ്വീപിലെ അഗ്നിപർവ്വതങ്ങളിൽ നിന്ന് കടൽ ജലത്തിലേക്കു വീഴുന്ന ലാവയും ഫ്രഞ്ച് തലസ്ഥാനം പാരീസും കണ്ട് സാൻഫ്രാൻസിസ്കോയിലെ സ്റ്റെയർവേസ് ഉന്മേഷഭരിതരായി കയറി അബുദാബിയും മെൽബനും കണ്ടു ടാൻസാനിയയിലെ മസായ് ജീവിതങ്ങൾ കണ്ട് ന്യൂസിലൻഡ് ഗുഹകളിലെ സ്വയം പ്രകാശിക്കുന്ന ഫംഗൽ ലാർവകളെ കണ്ട് അഡ്രിയാറ്റിക് തീരങ്ങളിൽ നീന്തിത്തുടിച്ച് വൈകിട്ട് ആറുമണിക്ക് എത്തിച്ചേരണ്ട സ്ഥലമാണ് കേരളത്തിലെ ഈ തുരുത്ത്.
ആലപ്പുഴയിലെ കാക്കാത്തുരുത്തിലെ അസ്തമയ കാഴ്ച ഗംഭീരമാണ്. ആ ആറുമണി സമയത്തെപ്പറ്റി നാറ്റ് ജിയോ ഇങ്ങനെ എഴുതുന്നു, 'ഇവിടം അസ്തമയത്തെ ധാരാളം ചടങ്ങുകളിൽക്കൂടിയാണ് വരവേൽക്കുന്നത്. ആഴംകുറഞ്ഞ കുളങ്ങളിലേക്കു ചാടുന്ന കുഞ്ഞുങ്ങൾ. ജോലി കഴിഞ്ഞു തങ്ങളുടെ വീടുകളിലേക്ക് ചെറുവള്ളങ്ങളിൽ ചേക്കേറുന്ന സാരിയണിഞ്ഞ സ്ത്രീകൾ, വിളക്ക് തെളിയിച്ചു കായലിലേക്ക് വലയെറിയുന്ന മീൻപിടുത്തക്കാർ, ചക്രവാളത്തിന്റെ അതിരുകളിലേക്കു നിശാശലഭങ്ങളെ തേടി പറക്കുന്ന വവ്വാൽക്കൂട്ടങ്ങൾ, നീലയിൽ നിന്നും കാവി നിറത്തിലേക്ക് മാറുന്ന ആകാശം. ഓളങ്ങളിലേക്കു നീളുന്ന നിഴലുകൾ, ഊർജ്ജം പ്രസരിക്കുന്ന സായാഹ്നത്തിൽ, പ്രശാന്തിയുടെ കടലിൽ കാക്കാത്തുരുത്തിലെ അസ്തമയം."
കൊച്ചിയിലെ ശ്വാസം മുട്ടിക്കുന്ന തിരക്കിൽ നിന്നും 30 കിലോമീറ്റർ കൊച്ചി ആലപ്പുഴ ദേശീയ പാതയിൽ എരമല്ലൂർ ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് ഒരു കിലോമീറ്റർ യാത്ര ചെയ്തുകഴിയുമ്പോൾ കാക്കാത്തുരുത്തിലേക്കുള്ള കടവിലെത്തിച്ചേരാം. ഒരു കുഞ്ഞൻ ലേഡി ഗ്യാംഗുമായാണ് അവിടേക്കെത്തിയത്. നാലു വലിയ കുട്ടികളും അഞ്ചു ചെറിയ കുട്ടികളും ചേർന്ന സംഘം. വളരെ സാധാരണമായ ഒരു കടവ്. അടുത്ത് തന്നെ തനതു കായൽ വിഭവങ്ങളുമായി കാക്കാത്തുരുത്ത് എന്ന ബ്രാൻഡ് നെയിമിൽത്തന്നെ ഒരു ഷാപ്പ്. തങ്ങൾ ലോക വിനോദ സഞ്ചാര ഭൂപടത്തിൽ സ്ഥാനം പിടിച്ചതൊന്നും കാര്യമാക്കാത്ത ഒരു അതിസാധാരണമായ നാട്ടിൻപുറം.
വയലാർ എഴുതി പ്രശസ്തമാക്കിയ കൈതപ്പുഴ കായലുമായും ഇവിടെ വേമ്പനാട്ടു കായലിന്റെ ശാഖകൾ ചേരുന്നു. പുരാതനമായ വള്ളങ്ങൾ...അവയിൽ നിന്നും വളരെ നിഷ്ക്കളങ്കമായി നിങ്ങളെ നോക്കി ചിരിക്കുന്ന നാട്ടുകാർ... കുഞ്ഞുങ്ങൾ അവരുമായി പെട്ടന്നു കൂട്ടായി. കടവിലെത്തിയപ്പോൾ തോണിക്കാരൻ ഔസേപ്പച്ചൻ ഞങ്ങളെ ഹൃദയപൂർവം സ്വീകരിച്ചു. പ്രളയകാലത്തെ ദുരിതങ്ങൾ പറഞ്ഞു നെടുവീർപ്പിട്ടു, തോണി മെല്ലെ തുരുത്തിലേക്കു യാത്രയായി. തെങ്ങോലകളും കണ്ടൽക്കാടുകളും അതിരിടുന്ന കായലോരം. കായൽ പരപ്പ് നിറയെ കുളവാഴകൾ. തുരുത്തിലെത്തുമ്പോൾ ലോകം എത്രയോ വർഷങ്ങൾ പിറകോട്ടു പോയോ എന്ന് നിങ്ങൾ സംശയിക്കും. മണ്ണിന്റെ ഇടവഴികൾ, മരവേലികൾ, ചെറുവെള്ളക്കെട്ടുകൾ... അതിൽ നിറയെ ജലസസ്യങ്ങൾ. ഇടയ്ക്കിടെ മരത്തടികൾ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന പാലങ്ങൾ, ചതുപ്പു മണ്ണിട്ട് നികത്തിയ വീടുകൾ....നഗരം മാത്രം കണ്ടു ശീലിച്ച കുഞ്ഞുങ്ങൾ ആവേശഭരിതരായി.
പച്ചനിറം മാത്രമുപയോഗിച്ചു വരച്ച ഒരു ചിത്രം പോലെ ഒരു തുരുത്ത്. ആയുർവേദ ആശുപത്രിയിലും അങ്കണവാടിയിലും ഒതുങ്ങുന്ന സർക്കാർ സാന്നിദ്ധ്യം, ഒരു കാലത്ത് കാക്കകൾ മാത്രം ചേക്കേറിയിരുന്ന സ്ഥലമാണെന്ന് നാട്ടുകാർ. ഇവിടെ ധാരാളം ദേശാടനപ്പക്ഷികൾ വരാറുണ്ട്. കക്കവാരൽ, മത്സ്യബന്ധനം, കള്ളുചെത്ത് തുടങ്ങിയ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന പഴയ തലമുറ. എറണാകുളത്തെ കൺസ്ട്രക്ഷൻ സൈറ്റുകളിലേക്ക് ചേക്കേറി തുടങ്ങിയ പുതിയ ജനത. പുനരുജ്ജീവിപ്പിക്കപ്പെട്ട പൊക്കാളികൃഷിയും ഇവിടെ പ്രധാന വരുമാനങ്ങളിലൊന്നാണ്.
പരിമിതികൾക്കിടയിലും പുഞ്ചിരിയുമായി ജീവിക്കുന്ന നാട്ടുകാർ. തുരുത്തിലെ വിവാഹങ്ങൾക്കും വള്ളത്തിന്റെ സഹായം വേണം. ഏതാണ്ട് മുന്നൂറോളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നു . കള്ളനും ആനയും കയറാത്ത സ്ഥലമെന്നു തദ്ദേശീയർ.കരയുമായി ബന്ധിപ്പിക്കാൻ ഒരു പാലം മാത്രമാണ് ഇവരുടെ ആവശ്യം. കാലത്തിന്റെ മാറ്റങ്ങൾക്ക് ഒട്ടുമേ സ്പർശിക്കാൻ കഴിയാതെ പോയൊരിടം. തുരുത്തിനുള്ളിൽ നാറ്റ് ജിയോ ടീം ആരുമറിയാതെ വന്നു താമസിച്ചു ചിത്രങ്ങളെടുത്ത 'കായൽ റിട്രീറ്റ് "എന്ന റിസോർട്ടും അതിലെ യുവ സംരംഭക മനീഷ പണിക്കരും വിനോദസഞ്ചാരികളെ വരവേൽക്കാനായി കാത്തിരിക്കുന്നുണ്ട്.
അസ്തമയം കാണാനായി തിരികെയുള്ള തോണിയാത്ര അതീവ മനോഹരമായിരുന്നു. അതു വരെ കലമ്പൽ കൂട്ടിയിരുന്ന കുട്ടിക്കൂട്ടവും അതീവനിശബ്ദരായി പ്രകൃതിയുടെ വിസ്മയക്കാഴ്ചകളിലേക്കു കണ്ണ് നട്ടു. കുളവാഴകളിൽ നിന്നും കണ്ണ് വിരിയിക്കുന്ന വയലറ്റ് പൂക്കൾ, മരതകപ്പച്ച നിറമുള്ള ജലത്തെ വകഞ്ഞു മാറ്റിയൊഴുകുന്ന തോണി. തുഴകൾ വെള്ളത്തിലേക്ക് താഴുമ്പോഴുള്ള മനോഹരമായ ശബ്ദം. പാട്ടു മൂളുന്ന തോണിക്കാരൻ... ചേക്കേറാനായി ലംബമായും തിരശ്ചീനമായും ആകാശത്തെ മുറിച്ചു കടക്കുന്ന പക്ഷിക്കൂട്ടങ്ങൾ. അവയുടെ ചെറു കലമ്പലുകൾ, വള്ളത്തിന്റെ പടികളിൽ ബാലൻസ് ചെയ്തിരുന്ന് വീടുകളിലേക്ക് കൂടണയുന്ന പല വർണ്ണത്തിലുള്ള സാരിയുടുത്ത സ്ത്രീകൾ, കായൽപ്പരപ്പിലെ പച്ചനിറമുള്ള ഓളങ്ങളിലേക്ക് നീളുന്ന നിഴലുകൾ.
വയലറ്റ് പൂക്കളിൽ ചിരിയുണർത്തി മറയുന്ന സൂര്യൻ. നീലയിൽ നിന്നും ചുവപ്പിലേക്കു മാറിയ ആകാശം, ഓളങ്ങളിൽ പ്രതിഫലിക്കുന്ന ചുവന്ന രശ്മികൾ, ചുറ്റും ധ്യാനനിരതമായ പ്രകൃതി, പ്രശാന്തതയുടെ ഒരു തുണ്ടുലോകത്തിൽ കൂടു കൂട്ടിയ പോലെ... തീർച്ചയായും ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലം.