ഷറഫുദ്ദീന്റെ മുഖം കാണുമ്പോൾ പൊട്ടിച്ചിരിക്കാത്ത മലയാളികളില്ല. ഇടയ്ക്ക് ഗൗരവമുള്ള വേഷങ്ങളിലും ഈ നടനെ കണ്ടു. സിനിമയോട് ജീവനുതുല്യം സ്നേഹമാണ് ഷറഫുദ്ദീന്. വിശേഷങ്ങൾ പങ്കുവയ്ക്കുന്നു, മലയാളികളുടെ സ്വന്തം ചങ്ക്.
സ്വയം വിലയിരുത്താറുണ്ടോ?
അങ്ങനെ ആലോചിച്ചിട്ടില്ല. എന്റെ കോമഡികൾക്ക് എന്തിനാ ആളുകൾ ചിരിക്കുന്നതെന്ന് കരുതി അന്തം വിടാറേയുള്ളൂ. സ്വാതന്ത്ര്യത്തോടെ അഭിനയിക്കാൻ കഴിഞ്ഞാൽ റിസൾട്ട് നന്നാകുമെന്ന് തോന്നിയിട്ടുണ്ട്. സംവിധായകനും എഴുത്തുകാരനും എത്രത്തോളം സ്വാതന്ത്ര്യം തരുന്നോ അതിനനുസരിച്ചേ നമുക്ക് ചെയ്യാൻ പറ്റൂ. ഒരു സിനിമയുടെ അണിയറ പ്രവർത്തകരുമായി നല്ല ബന്ധമാണെങ്കിൽ അത് അഭിനയത്തിലും പ്രതിഫലിക്കാറുണ്ട്. പിന്നെ ഒരുപാട് കോമഡികൾ നമ്മൾ എല്ലാ സിനിമയിലും പറയുന്നുണ്ടാകും. അതിൽ നിന്ന് ആളുകൾ ചിരിക്കുന്നവ മാത്രമേ സംവിധായകൻ സിനിമയിലേക്ക് എടുക്കൂ. ചിരിക്കാത്ത ഒരുപാട് കോമഡി കട്ട് ചെയ്ത് കളഞ്ഞിട്ടുണ്ടാകും. ഒന്നും നമ്മുടെ മാത്രം മിടുക്കല്ല.
കംഫർട്ട് സോണിന്റെ ആളാണോ?
അതെ. എല്ലാ മനുഷ്യരും കംഫർട്ട് സോൺ ആഗ്രഹിക്കുന്നവരാണ്. സുഹൃത്തുക്കളോടൊപ്പം സിനിമ ചെയ്യുന്നത് വലിയ സന്തോഷമാണ്. പക്ഷേ, എപ്പോഴും സുഹൃത്തുക്കളുടെ സിനിമ നോക്കിയിരിക്കാൻ പറ്റില്ലല്ലോ. ഒരു ആർട്ടിസ്റ്ര് എന്ന രീതിയിൽ എവിടെയും ആരോടൊപ്പവും ജോലി ചെയ്യാൻ തയ്യാറാണ്. പുതിയ സാഹചര്യങ്ങളെ പോസിറ്രീവായി മാത്രമേ എടുക്കാറുള്ളൂ.
സിനിമയായിരുന്നോ ലക്ഷ്യം?
ആദ്യം മെച്ചപ്പെട്ട ജീവിതമായിരുന്നു ലക്ഷ്യം. സിനിമയിലെത്താൻ ആഗ്രഹിച്ചിട്ടുണ്ട്. സിനിമ കാണുന്നതായിരുന്നു ഏറ്റവും വലിയ ത്രിൽ. പക്ഷേ, സിനിമയുടെ പിന്നാലെ പോയാൽ ജീവിതത്തിലെ എല്ലാ പ്ലാനുകളും കുളമാകും എന്നതായിരുന്നു അവസ്ഥ. എന്റെ സുഹൃത്തുക്കളും സിനിമയിൽ എത്താൻ ആഗ്രഹിച്ചിരുന്നവരാണ്. പല കാര്യങ്ങളും ചെയ്ത് ഒടുവിൽ സിനിമയിൽ തന്നെ എത്തി. കുറച്ച് ബിസിനസും ചെയ്യുന്നുണ്ട്.
നായകനാകാൻ അവസരങ്ങൾ ലഭിക്കുന്നുണ്ടാകുമല്ലോ?
നായകനാകാൻ ക്ഷണം ലഭിക്കുന്നുണ്ട്. ഇതുവരെയുള്ള അനുഭവത്തിന്റെ അടിസ്ഥാനത്തിൽ അവ സ്വീകരിച്ചില്ല. ഭാവിയിലെ കാര്യം പറയാൻ പറ്റില്ല. പണം ഉണ്ടാക്കുക എന്നതിനെക്കാൾ ഉപരി സിനിമ ഒരു പാഷനാണ്.
സിനിമയിലുണ്ടായ മാറ്റം തുടക്കക്കാർക്ക് ഗുണം ചെയ്തോ?
തീർച്ചയായും. നമ്മൾ പുതിയതായി വന്നയാളുകളാണ്. അതുപോലെ പുതിയ സംവിധായകരും വന്നാലെ സിനിമ ഫ്രഷായി ഇരിക്കൂ. ഞാൻ കണ്ടിടത്തോളം സിനിമയുടെ വലിയ മേഖലകളിൽ ജോലി ചെയ്യുന്നവരും ചെറിയ മേഖലകളിൽ ജോലി ചെയ്യുന്നവരുമെല്ലാം ആ കലാരൂപത്തെ ഇഷ്ടപ്പെട്ട് വന്നവരാണ്. 40 കൊല്ലമായി ജോലി ചെയ്യുന്നവരും എന്നെ പോലെ തുടക്കക്കാരും അക്കൂട്ടത്തിലുണ്ട്. സിനിമ ട്രെൻഡിംഗായി നിന്നാൽ ഒരുപാട് മേഖലകളിൽ ഉള്ളവർക്ക് ഗുണം ചെയ്യും.
സിനിമയിൽ കാണുന്നതു പോലെയല്ലല്ലോ, ജീവിതത്തിൽ കുറച്ച് സീരിയസാണോ?
ഞാൻ ഭയങ്കര കൂളാണ്. ഈയിടെയായിട്ട് അല്പം സീരിയസാണെന്ന് ആളുകൾ പറയുന്നുണ്ട്. വേറൊരാളുമായി സംസാരിക്കുമ്പോഴും കൂട്ടുകാരുടെ ഇടയിലുമെല്ലാം കോമഡിക്കാരനാണ് ഞാൻ. ഓരോ ദിവസം കഴിയും തോറും സിനിമയെക്കുറിച്ച് കൂടുതലായി ചിന്തിക്കുന്നുണ്ട്. നല്ല സിനിമകൾക്കായി കാത്തിരിക്കുന്നുണ്ട്. അതുകൊണ്ടാകാം ഞാൻ സീരിയസായെന്ന് തോന്നുന്നത്.
കഥാപാത്രങ്ങൾക്ക് വേണ്ടി എന്തെങ്കിലും ഗൃഹപാഠം ചെയ്യാറുണ്ടോ?
ഒരു കഥ കേൾക്കുമ്പോൾ ആ കഥാപാത്രം നമ്മുടെ മനസിൽ കയറും. എപ്പോഴും അതെക്കുറിച്ചുള്ള ചിന്ത തലയിലുണ്ടാകും. പിന്നെ ലൊക്കേഷനിൽ ചെന്നിട്ടുള്ള അഭിനയം മാത്രമേയുള്ളൂ. ഹോം വർക്ക് ഒന്നും ചെയ്യാറില്ല.
സിനിമയിൽ ഗോഡ്ഫാദർമാരുടെ ആവശ്യമുണ്ടോ?
ഗോഡ്ഫാദർ എന്നൊരു സങ്കല്പം തന്നെ ശരിയല്ലെന്നാണ് എനിക്ക് തോന്നുന്നത്. സിനിമയിൽ എല്ലാവരും സ്വന്തമായി പയറ്റിത്തെളിഞ്ഞാണ് നിലനിൽക്കുന്നത്. സിനിമയിൽ മാത്രമല്ല എല്ലാ തൊഴിൽ മേഖലയിലും അങ്ങനെയാണ്. അഭിപ്രായങ്ങൾ കൃത്യമായി പറയുന്ന ഒരു നല്ല സുഹൃത്ത് ഒപ്പമുണ്ടായാൽ മതി.