നമ്മുടെ കൈയിലെ വാച്ച് നോക്കി ആ സമയം സ്വന്തമാണെന്ന് തെറ്റിദ്ധരിക്കുന്നു. കലണ്ടർ നോക്കി അന്നത്തെ ദിനം സ്വന്തമാണെന്ന് ചിന്തിക്കുന്നു. അതിൽ ഒരു നിമിഷം പോയിട്ട് ഒരു മാത്ര പോലും നമ്മുടേതല്ലെന്ന് തിരിച്ചറിയാൻ ക്ഷണികമായ ജീവിതത്തിന്റെ മുഖത്തൊന്നു നോക്കിയാൽ മതി - ഹെഡ്മാസ്റ്ററായി ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചശേഷം കൗതുകത്തിനായി ജ്യോതിഷം പഠിച്ച ശർമ്മയുടെ വാക്കുകൾ ചിന്തിപ്പിക്കുന്നതാണ്.
സാഹസികതയിൽ റെക്കാഡിടുന്നവന്റെ അന്ത്യം വളരെ നിസാരമായ ഒരു രോഗം മൂലമാകാം. പ്രശസ്തി വാരിക്കൂട്ടുന്നവൻ അവശതയുടെ അജ്ഞാത വാസത്തിനു ശേഷമാകും ലോകത്തോട് വിടപറയുക. യൗവനത്തിളപ്പും സൗന്ദര്യാതിരേകവും കൊണ്ട് മറ്റുള്ളവരെ അസൂയപ്പെടുത്തിയ സ്ത്രീജന്മം അസ്ഥി മാത്രശേഷമാകുന്ന കോലത്തിലായിരിക്കും ഒടുങ്ങുക. കോടികൾ സമ്പാദിച്ച് ലോകത്തെ വരുതിയിലാക്കിയെന്ന് അഹങ്കരിക്കുന്നവൻ ഒരു കവിൾ ശ്വാസം പോലും നോട്ടുകെട്ടുകൾ കൊണ്ട് നേടാൻ പറ്റില്ലെന്ന് മനസിലാക്കി ശ്വാസക്കിതപ്പോടെ മരണത്തിലേക്ക് നീങ്ങുന്നു. ശർമ്മയുടെ ഇത്തരം നിരീക്ഷണം ശ്രദ്ധിച്ചാൽ ഈ മനുഷ്യൻ ബാല്യത്തിലേ ജ്യോതിഷം പഠിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകും.
മറ്റുള്ളവരെ ജീവിതരീതി കണ്ട് കുറ്റപ്പെടുത്താനും കളിയാക്കാനും തുനിയുന്നവർ വിഡ്ഢികളാണെന്നാണ് അദ്ദേഹത്തിന്റെ മതം. അങ്ങനെ വിമർശിക്കുന്നവർക്ക് പിന്നീട് പശ്ചാത്തപിക്കേണ്ടിയും വരും. രണ്ടുപേരുടെ ജീവിതം ഉദാഹരണമാക്കിയാണ് തന്റെ വാദം അദ്ദേഹം നിരത്തിയത്.
രണ്ട് പെൺമക്കളും ആവശ്യപ്പെടുന്നതെന്തും സുനന്ദ ചെയ്തുകൊടുക്കും. അവർക്ക് ഇഷ്ടപ്പെടുന്ന ആഹാരം, വസ്ത്രം എന്നിവ നൽകുന്നതിൽ പ്രത്യേക ശുഷ്ക്കാന്തിയായിരുന്നു. ഇങ്ങനെ പെൺമക്കളെ പഠിപ്പിക്കരുത്, അന്യവീടുകളിൽ പോയി ജീവിക്കേണ്ടവരാണ് എന്നൊക്കെ ബന്ധുക്കളും സുഹൃത്തുക്കളും ഓർമ്മിപ്പിക്കുമായിരുന്നു. അതൊന്നും എതിർക്കില്ലെങ്കിലും മുൻകൂട്ടി നിശ്ചയിച്ച പോലെ തന്റെ ശീലം സുനന്ദ തുടർന്നു. ഒരു പനി വന്ന് രണ്ട് ദിവസം ആശുപത്രിയിൽ കിടന്ന് ആംബുലൻസിൽ വീട്ടിലേക്ക് മടങ്ങേണ്ടിവന്ന സാഹചര്യമുണ്ടായപ്പോൾ മുമ്പ് കുറ്റപ്പെടുത്തിയ പലരും നിലപാട് മാറ്റി. കൊടുക്കേണ്ട സ്നേഹമെല്ലാം മരിക്കും മുമ്പ് കൊടുത്തു തീർത്തെന്ന്.
വിനയൻ മക്കളുടെ താളത്തിനൊത്ത് തുള്ളുന്നത് ഭാര്യക്കു പോലും ഇഷ്ടമായിരുന്നില്ല. കുട്ടികളുടെ മനസറിഞ്ഞ് പലഹാരങ്ങളും വസ്ത്രങ്ങളും വാങ്ങിക്കൊണ്ടുവരും. പ്ളംബറായ വിനയന്റെ ജീവിതരീതി കണ്ട് അയൽക്കാരും സുഹൃത്തുക്കളും ഭാര്യയെ കുറ്റപ്പെടുത്തും. ഇത്രയൊക്കെ ചെലവാക്കാനുള്ള വരുമാനമുണ്ടോയെന്ന്. ധൂർത്തും ആഡംബര ഭ്രമവും അവസാനിപ്പിച്ച് സാധാരണക്കാരെപ്പോലെ ജീവിക്കണമെന്ന് ഭാര്യ ഓർമ്മിപ്പിക്കുമ്പോൾ വിനയൻ മറുപടി ഒറ്റവാക്കിൽ ഒതുക്കുമായിരുന്നത്രേ. സമയം വാങ്ങാനും സമ്പാദിക്കാനും പറ്റുമോയെന്ന്. രാവിലെ ജോലിക്ക് പോകുമ്പോൾ മക്കളോട് എന്തു വാങ്ങി വരണമെന്ന് ചോദിച്ച വിനയൻ ചേതനയറ്റ ശരീരമായി തിരിച്ചെത്തുമ്പോൾ കണ്ടുനിന്നവർക്ക് സഹിക്കാനായില്ല. ഒരു വാഹനാപകടമായിരുന്നു. രണ്ടു ജന്മത്തെ സ്നേഹം അയാൾ ഭാര്യയ്ക്കും മക്കൾക്ക് നൽകിയെന്ന് സംസ്കാര ചടങ്ങിനെത്തിയവർ പരസ്പരം പറഞ്ഞു.
ശർമ്മ എല്ലാവരോടും പറയുന്ന ഒരു കാര്യമുണ്ട്. ഒരു സാധാരണ മനുഷ്യനായിരുന്ന വിനയൻ പറഞ്ഞതിലും ഒരു വേദാന്തമുണ്ട്. സമയം വാങ്ങാനും സമ്പാദിക്കാനും പറ്റില്ലെന്നോർത്തു വേണം ജീവിക്കാൻ.
(ഫോൺ : 9946108220)