ഡാനി ഫ്രം നൈജീരിയ" എന്ന സിനിമയിലെ ഒരു രംഗമുണ്ട്. കിടപ്പിലായ സാമുവേലിന്റെ മുറിയിലേക്ക് മജീദിന്റെ രണ്ടാനച്ഛൻ കടന്നുവരുന്ന രംഗമുണ്ട്. ഭാഷകളാലും ഒരു പക്ഷേ, സംസ്കാരത്താലും വേർതിരിഞ്ഞു നിൽക്കുന്നവരാണവർ. എന്നിട്ടും ആ മനുഷ്യൻ പിറുപിറുക്കുന്ന പോലെ പറയുന്ന വാക്കുകളുണ്ട് - ബാപ്പ. അത് അയാൾക്ക് തന്നെയുള്ള ഉറപ്പിന് വേണ്ടിയാവും. ആ മന്ത്രം പോലെയുള്ള വാക്കുകളുടെ ശക്തി കാഴ്ചയുടെ വേദനയോടെയാണ് നമ്മെ പിന്തുടരുന്നത്. വളരെ ചെറിയൊരു വേഷത്തിലൂടെ ജീവിതത്തിന്റെ ആ മുഹൂർത്തങ്ങൾക്ക് വേഷം പകർന്നത് കെ.ടി.സി അബ്ദുള്ള എന്ന നടനായിരുന്നു.
മറഞ്ഞുപോയ ആ ശബ്ദവും വാക്കും മലയാള സിനിമയിൽ വലിയ ചിത്രങ്ങളായി എഴുതിവെക്കേണ്ടതു തന്നെയാണ്. നാടകത്തെ പ്രണയിച്ചുനടന്ന കോഴിക്കോട്ടുകാരന് ജീവിതത്തിന്റെ ഓട്ടത്തിനിടയിലാണ് കെ.ടി.സി എന്ന അടയാളപേര് വീഴുന്നത്. അറുപതു വർഷങ്ങൾക്ക് മുമ്പാണ് കേരള ട്രാൻസ്പോർട്ട് കമ്പനിയുടെ ജീവനക്കാരന്റെ വേഷത്തിലേക്ക് അദ്ദേഹം മാറുന്നത്. അപ്പോഴേക്കും 'അവർ പറയട്ടെ" തുടങ്ങി നിരവധി നാടകങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നു. പ്രധാന വേഷങ്ങളിലൂടെ നാടകത്തിലെ നിത്യസാന്നിദ്ധ്യമായി കഴിഞ്ഞ നാളുകളിലൊന്നിലാണ് സിനിമയിൽ ചെറുവേഷങ്ങളുമായി കടന്നുവന്നത്.
പഠനകാലത്ത് തന്നെ നാടകരംഗത്തിന്റെ ഐക്യരൂപസാധ്യതകളെ കുറിച്ച് ബോധവാനായിരുന്ന അദ്ദേഹം കൂടി മുൻകൈയെടുത്തുകൊണ്ടാണ് യുണൈറ്റഡ് ഡ്രാമാറ്റിക് അക്കാഡമി ആരംഭിക്കുന്നത്. ഈ സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. സിനിമയിൽ തിളങ്ങിയ പല നടൻമാരുടെയും തുടക്കം ഈ നാടകസംഘത്തിലായിരുന്നു. സംഘാടനവും അഭിനയവും ചേർത്തുനിർത്തി കൊണ്ടു പോയ അബ്ദുള്ള വ്യത്യസ്തതകൾ കൊണ്ടാണ് എന്നും ശ്രദ്ധേയനായത്. ഒരിക്കൽ അഭിനയിക്കാൻ നടി എത്താതെ വന്നപ്പോൾ പെൺവേഷം കെട്ടികൊണ്ട് ശ്രദ്ധയാകർഷിച്ചു.
സിനിമയിൽ ഒരു നിഴലായി എന്നും അദ്ദേഹമുണ്ടായിരുന്നു. ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ കുറവാണെങ്കിലും സിനിമയിൽ തന്റേതായ ഒരിടം അദ്ദേഹം കുറിച്ചിട്ടുണ്ടെന്നത് വ്യക്തമാണ്. അറബിക്കഥയിലെ അബ്ദുക്ക അത്തരത്തിലൊരു വേഷമാണ്. യെസ് യുവർ ഓണറിലെ കുഞ്ഞമ്പുവും കാണാക്കിനാവിലെ അധ്യാപകനുമെല്ലാം ശ്രദ്ധിക്കപ്പെട്ട വേഷങ്ങളാണ്. ചെറു വേഷങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും മനസിൽ തങ്ങി നിൽക്കുന്ന ഒരു പിടി മുഹൂർത്തങ്ങളെ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.
കെ.ടി.സിയിലെ ഒരംഗമെന്ന നിലയിലാണെന്ന് പറയാറുള്ള അദ്ദേഹം ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ഏറെക്കുറേ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഷൂട്ടിംഗിന്റെ സൗകര്യങ്ങൾ ഒരുക്കുന്ന അണിയറക്കാരന്റെ വേഷം കൂടി അദ്ദേഹം ചെയ്യാറുണ്ടായിരുന്നു. സിനിമയുടെ ചെറുവേഷങ്ങളുടെ തിളക്കത്തിലല്ല, കെ.ടി.സി അബ്ദുള്ളയെ കുറിച്ച് ചരിത്രമെഴുതുക. നാടകരംഗത്തെ സജീവമായ സാന്നിദ്ധ്യത്തിന്റെ പേരിൽ തന്നെയായിരിക്കും. അദ്ദേഹം തുടർച്ചയായി നാടകങ്ങളിൽ അഭിനയിച്ചിരുന്നു. കഴിഞ്ഞ വർഷം 'വരി മാഹാത്മ്യം" എന്ന നാടകത്തിലും അദ്ദേഹം വേഷമിട്ടിരുന്നു. ഈ നാടകം നോട്ടുനിരോധനത്തെ പ്രമേയമാക്കിയുള്ളതാണ്.
സംഗമം, സുജാത, അങ്ങാടി, അഹിംസ, ചിരിയോ ചിരി, കാറ്റത്തെ കിളിക്കൂട്, വാർത്ത, എന്നും നന്മകൾ, കവി ഉദ്ദേശിച്ചത് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ച അദ്ദേഹം കോഴിക്കോടിന്റെ സാംസ്കാരികരംഗത്തെ സജീവസാന്നിധ്യമായിരുന്നു. എം.ടി. വാസുദേവൻ നായർ, ഭരതൻ, ഹരിഹരൻ, ഐ. വി ശശി, സത്യൻ അന്തിക്കാട് തുടങ്ങിയവരുടെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 'മൊഹബ്ബത്തിൽ കുഞ്ഞബ്ദുള്ള"യാണ് അവസാനം അഭിനയിച്ച സിനിമ.