മേരി കോമിനും എം.എസ്. ധോണിക്കും പിന്നാലെ ഫുട്ബോൾ താരം ബൈചുങ് ബൂട്ടിയയുടെ ജീവിതവും സിനിമയാകുന്നു. 'ജില ഗാസിയാബാദ് " എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ആനന്ദ് കുമാറാണ് ബൂട്ടിയയുടെ കഥ വെള്ളിത്തിരയിലെത്തിക്കുന്നത്.റഷ്യൻ ലോകകപ്പിനിടെയാണ് ബൂട്ടിയയുടെ ജീവിതം സിനിമയാക്കുന്നതിനെക്കുറിച്ച് ആലോചിച്ചതെന്ന് ആനന്ദ് കുമാർ പറഞ്ഞു. ബൂട്ടിയയോട് കൂടിയാലോചിച്ചാണ് തിരക്കഥ തയ്യാറാക്കുകയെന്നും നടീനടൻമാരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
തന്റെ ജീവിതം സിനിമയാകുന്നു എന്നത് ആഹ്ലാദകരമായ വാർത്തയാണെന്ന് ബൂട്ടിയ പറയുന്നു. സിക്കിമിലെ കൊച്ചുപട്ടണത്തിൽ ജനിച്ച് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റൻ വരെയായ തനിക്ക് ഫുട്ബോൾ കളിക്കണമെന്നതിൽക്കവിഞ്ഞ സ്വപ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് ബൂട്ടിയ പറയുന്നു. മിൽഖാ സിങ്, പാൻസിങ് ടോമർ, മേരി കോം, എം.എസ്. ധോനി എന്നിവരുടെ ജീവിത കഥ ഇതിനകം സിനിമയായിക്കഴിഞ്ഞു. മിഥാലി രാജ്, സൈന നെഹ്വാൾ, പി.വി. സിന്ധു, പുല്ലേല ഗോപീചന്ദ് തുടങ്ങിയവരുടെ ജീവിതകഥകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇന്ത്യൻ ഫുട്ബോളിന് ദൈവം നൽകിയ വരദാനം എന്ന് ഐ .എം. വിജയൻ വിശേഷിപ്പിച്ച ബൂട്ടിയ ഇന്ത്യക്കായി 104 കളിയിൽ നിന്ന് 40 ഗോൾ നേടിയിട്ടുണ്ട്. ആനന്ദ് കുമാർ നിർമിക്കുന്ന ചിത്രം തന്റെ ജീവിതത്തോട് നീതി പുലർത്തുമെന്നാണ് പ്രതീക്ഷയെന്ന് ബൂട്ടിയ പറഞ്ഞു.