മധുരം നിറഞ്ഞ ജീവിതയാത്രയുടെ തൊണ്ണൂറ്റൊമ്പതാണ്ടുകൾ പിന്നിട്ട് നൂറിന്റെ നിറവിനായി കാത്തിരിക്കുന്ന പന്തളം കൊട്ടാരത്തിലെ മുത്തശ്ശിയാണ് മകം നാൾ തന്വംഗി തമ്പുരാട്ടി. പന്തളം കൊട്ടാരത്തിലെ ഇപ്പോഴത്തെ വലിയ തമ്പുരാട്ടിയായ തന്വംഗി തമ്പുരാട്ടിക്കാണ് ശബരിമല അയ്യപ്പന്റെ അമ്മയുടെ സ്ഥാനം. ഈ പ്രായത്തിലും തന്വംഗി തമ്പുരാട്ടി തിരക്കിലാണ്. ഒറ്റക്കാണ് താമസം. അതിരാവിലെ അഞ്ചു മണിക്ക് ഉണരും. പരാശ്രയമില്ലാതെ കുളി കഴിഞ്ഞ് അലക്കി തേച്ച വസ്ത്രം ധരിച്ച് പൂജാമുറിയിലെത്തും. പ്രാർത്ഥന കഴിഞ്ഞാൽ ഊന്നുവടിയുടെ സഹായത്തോടെ അടുക്കളയിലെത്തി ചോറുണ്ടാക്കി വിരുന്നു വരുന്ന പക്ഷികളെ ഊട്ടും. തിരികെ കസേരയിലെത്തി അന്നത്തെ പത്രങ്ങൾ മുഴുവൻ വായിക്കും. പത്രവായന കഴിയുമ്പോഴേക്കും സഹായി വന്നെത്തും.
പുരാവൃത്തവും ചരിത്രവും കൂടിക്കുഴഞ്ഞ പന്തളം കൊട്ടാരത്തിന്റേയും പഴമയും പുതുമയും കുടിക്കലർന്ന പന്തളം ഗ്രാമത്തിന്റേയും കഥകൾ പറയാൻ തുടങ്ങുന്നതിനു മുമ്പ് അവർ ഒരു നിമിഷം കണ്ണുകളടച്ചു. പഴയ കഥകളുടെ ചുരുളുകൾ നിവരുകയാണ്. പണ്ടു പണ്ട് ആയിരം വർഷങ്ങൾക്കു മുമ്പ് മധുര ഭരിച്ചിരുന്ന പ്രതാപ ശാലികളായ പാണ്ഡ്യരാജാക്കൻമാർ ചെങ്കോട്ട വഴി അച്ചൻകോവിലാറിന്റെ തീരത്തു വന്നു. അവിടെ വച്ച് അവർ അഞ്ചായി വഴി പിരിഞ്ഞു. കാടും മലയും കാട്ടാറുകളും സമൃദ്ധമായിരുന്ന മരങ്ങൾ നിറഞ്ഞു വളരുന്ന കുന്നുകൾക്കിടയിൽ പടർന്നു മലർന്നു കിടക്കുന്ന പച്ചപാടങ്ങളുള്ള ആര്യൻകാവിലും കുളത്തുപ്പൂഴയിലും കോന്നിയിലും പൂഞ്ഞാറിലും പന്തളത്തുമായി അവർ പുതിയ താവളം കണ്ടെത്തി. പാണ്ഡ്യരാജാക്കൻമാർ വരുന്നതിന് മുമ്പ് സ്ത്രീകൾ മാത്രമുണ്ടായിരുന്ന ചെമ്പഴന്നൂർ കോവിലകമാണ് പന്തളം ഭരിച്ചിരുന്നത്. കൊള്ളയും കൊള്ളിവെപ്പുമായി പന്തളത്തെ അശാന്തമാക്കിയിരുന്ന കള്ളൻമാരേയും കൊള്ളക്കാരേയും അടക്കി നിർത്താൻ അവർ അശക്തരായിരുന്നു. പട പേടിച്ച് പന്തളത്തു വന്ന പാണ്ഡ്യരാജാക്കൻമാർ കണ്ടത് പന്തം കൊളുത്തി പട നയിച്ച് കൊള്ള നടത്തുന്ന കള്ളൻമാരെയാണ്. ചെമ്പഴന്നൂർ കോവിലകം പാണ്ഡ്യരാജവംശത്തെ സ്നേഹത്തോടെ സ്വീകരിച്ചു. കൊള്ളക്കാരെ പാണ്ഡ്യർ അടിച്ചമർത്തുകയും അനുസരിക്കാത്തവരെ അടിച്ചോടിക്കുകയും ചെയ്തു. അതോടെ പന്തളം ശാന്തമായി. സൗഹൃദത്തിലായ ചെമ്പഴന്നൂർ കോവിലകവും
പാണ്ഡ്യരാജവംശവും ചേർന്ന് പുതിയ രാജഭരണം സ്ഥാപിച്ചു. അതാണ് പന്തളം കൊട്ടാരം.
പന്തളം ഭരിച്ചിരുന്ന രാജരാജശേഖര രാജയാണ് അയ്യപ്പനെ കാട്ടിൽ കണ്ടെത്തിയതും കൊട്ടാരത്തിൽ കൊണ്ടുവന്നു വളർത്തിയതും. അയ്യപ്പൻ പിച്ചവെച്ചു നടന്നു വളർന്ന പന്തളം കൊട്ടാരം വെറുമൊരു രാജവംശമല്ല. രാമന്റെ അയോദ്ധ്യപോലെ കൃഷ്ണന്റെ ദ്വാരക പോലെ അയ്യപ്പന്റെ പന്തളവും വിശ്വാസി സമൂഹത്തിന്റെ ആത്മീയ ഗൃഹാതുരതയുടെ ആശ്രയാങ്കണമാണ്. രാമന്റെ സരയൂ പോലെ കൃഷ്ണന്റെ യമുന പോലെ അയ്യപ്പന്റെ പമ്പയും വിശുദ്ധ തീർത്ഥ നീർത്തടമാണ്.
പുലിപ്പാലിനായി അയ്യപ്പനെ കാട്ടിലേക്ക് പറഞ്ഞയച്ച വളർത്തമ്മയെ കളിയാക്കിയുള്ള ചില വാർത്തകൾ കണ്ടപ്പോൾ കരൾ നൊന്തു പിളരുന്ന വേദനയാണ് എനിക്ക് അനുഭവപ്പെട്ടത്. അയ്യപ്പന്റെ ജന്മലക്ഷ്യങ്ങളിൽ പ്രധാനമാണ് സന്യാസിഭാവത്തിൽ ശബരിമലയിൽ നൈഷ്ഠിക ബ്രഹ്മചരിയായിരുന്ന് ലോകത്തിനും ലോകർക്കും നന്മ വരുത്തുക എന്നത്. അതിനൊരു കാരണം വേണമായിരുന്നു. ആ കാരണമാണ് പെറ്റമ്മയെക്കാളും വാത്സല്യത്തോടെ പോറ്റി വളർത്തിയ പോറ്റമ്മ മന്ത്രിയുടെ ഏഷണി കെണിയിൽ വീണുപോയതും പുലിപ്പാലിനായി കാട്ടിൽ പറഞ്ഞയച്ചതും. എല്ലാം നിമിത്തമാണ്. ദൈവ നിയോഗമാണ്. കഥയും കവിതയും കമ്യൂണിസവും കൈകോർത്ത പുരോഗമന ചരിത്രമാണ് പന്തളം കൊട്ടാരത്തിന് പറയാനുള്ളത്. പുരോഗമന ആശയങ്ങൾക്കും പുരോഗമന പ്രസ്ഥാനങ്ങൾക്കും പിന്തുണ കൊടുത്തവരാണ് പന്തളം കൊട്ടാരത്തിലുള്ളവർ. കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചിരുന്ന കാലത്ത് കൊട്ടാരത്തിലെ കല്ലച്ചിൽ പ്രിന്റ് ചെയ്ത ലഘുലേഖകൾ കുട്ടികളായിരുന്ന ഞങ്ങളാണ് വിതരണം ചെയ്തിരുന്നത്. കൊട്ടാരത്തിലെ കുട്ടികളായ ഞങ്ങളെ പോലീസ് ഒരിക്കലും സംശയിച്ചിരുന്നില്ല. വടക്കേ കൊട്ടാരത്തിന്റെ നിലവറയിലാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ രഹസ്യ സമ്മേളനങ്ങൾ നടന്നിരുന്നത്. ഭാരതത്തിന്റെ സ്വാതന്ത്ര്യവും കേരളത്തിന്റെ പിറവിയും കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാരിന്റെ സത്യപ്രതിജ്ഞയും സന്തോഷത്തോടെയാണ് പന്തള കൊട്ടാരം സ്വീകരിച്ചത്. രാജഭരണവും ജനാധിപത്യഭരണവും ഒരു പോലെ ആസ്വദിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.
പണ്ടത്തെ കാലം രസകരമായിരുന്നു. കാലം തെറ്റാതെ കാലവർഷം വരും. ഋതുക്കൾ വരും. ഓരോ മാസത്തിനും അതിന്റേതായ സൗന്ദര്യം ഉണ്ടായിരുന്നു. ഓരോ മലയാളമാസത്തിനും അനുയോജ്യമായ ആഹാരവും ആചാരവും ആഘോഷങ്ങളും ഉണ്ടായിരുന്നു. ഭക്തി ഉണ്ടായിരുന്നു. ഗുരുത്വം ഉണ്ടായിരുന്നു. തെളിനീരായ് ഒഴുകുന്ന പുഴകൾ ധാരാളമുണ്ടായിരുന്ന പണ്ടത്തെ പന്തളം മനോഹരമായിരുന്നു. അമ്പലങ്ങളിലെ ആൽത്തറകൾ ആണുങ്ങളുടെ ചർച്ചാ വേദിയായിരുന്നു. വിശാലമായ വയലുകൾക്കപ്പുറം ആകാശത്തിന്റെ നെഞ്ചിലേക്ക് തലയുർത്തി നിൽക്കുന്ന കൂറ്റൻ കുന്നുകൾക്കു മുകളിൽ ക്ഷീണിതനായ സൂര്യനേയും കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെൽവയൽ വരമ്പിലൂടെ നടക്കുന്ന കർഷകരേയും കാണാമായിരുന്നു.
ഒരു സാധാരണ മനുഷ്യനിൽ നിർലീനമായിരിക്കുന്ന ദൈവീക ഭാവങ്ങളെ ഉണർത്തിയെടുക്കുക എന്നതാണ് ആചാരങ്ങളുടെ ലക്ഷ്യം. ശാരീരികമായും മാനസികമായും ബുദ്ധിപരമായും അയ്യപ്പനാക്കിയെടുക്കാൻ നാൽപത്തി ഒന്നു ദിവസത്തെ വ്രതം ആവശ്യമാണ്. അതായത് ആഹാര നീഹാര വിഹാരങ്ങൾ കൊണ്ട് ഒരു അയ്യപ്പന് സ്വന്തം ശരീരത്തിൽ ക്രമാനുഗതമായ മാറ്റം ഉണ്ടാക്കാനുള്ള സമയമാണ് നാൽപത്തി ഒന്നു ദിവസം. കറുപ്പുടുത്ത്, ഭസ്മം ധരിച്ച്, മാലയിട്ട് വ്രതം തുടങ്ങിയാൽ സാത്വികാഹാരം മാത്രമേ കഴിക്കാവൂ. ശരീരം കൊണ്ടും മനസു കൊണ്ടും ബ്രഹ്മചര്യം പാലിക്കണം, 'ദേഷ്യം വെടിയണം". സത്യം മാത്രമേ പറയാവൂ. എല്ലാവരോടും ഭയഭക്തി ബഹുമാനത്തോടെ സംസാരിക്കണം. ദിവസവും ക്ഷേത്ര ദർശനം നടത്തണം, മത്സ്യമാംസാദികൾ ഉപേക്ഷിക്കണം, ഈ ശീലങ്ങൾ നാൽപ്പത്തിയൊന്നു ദിവസം തുടർച്ചയായി ചെയ്യുന്ന ഏതൊരാളും നല്ലവനായി മാറും. നല്ലവനായാൽ അയ്യപ്പനായി.
നമ്മൾ ഏതു നിറത്തിലുള്ള വസ്ത്രം ധരിക്കുന്നുവോ ആ വസ്ത്രത്തിന്റെ നിറം നമ്മുടെ മനസിനെ സ്വാധീനിക്കും എന്നാണ് ശാസ്ത്രം പറയുന്നത്. എല്ലാം ശുദ്ധിയാക്കുന്നത് അഗ്നിയാണ്. ആ അഗ്നിതത്വത്തിന്റെ പ്രതിരൂപ നിറങ്ങളാണ് കറുപ്പും നീലയും. 'നീലാഗ്രീവാ ആഗ്നേയാ" എന്നാണ് പ്രമാണം. വസ്ത്രധാരണത്തിലെ അഗ്നിതത്വം കൊണ്ട് മനസിനേയും ശരീരത്തേയും സ്ഫുടം ചെയ്ത് ശുദ്ധമാക്കി കൊണ്ടിരിക്കുന്നതിനുവേണ്ടിയാണ് അയ്യപ്പൻമാർ കറുപ്പും നീലയും വസ്ത്രം ധരിക്കുന്നത്. അയ്യപ്പൻമാരുടെ ശ്വാസം പോലും ശുദ്ധമായിരിക്കണം.
അയ്യപ്പൻമാർ ഭസ്മം ധരിക്കണം. 'ഭസ്മാന്തം ശരീരം ക്യതോസ്മര കൃതം സ്മര ഓം സ്മര" എന്നാണ് പറയുന്നത്. നീയും മരിക്കും. അപ്പോൾ നീയും ഭസ്മമാകും. മരിക്കുന്നതിന് മുമ്പ് സന്യാസഭാവത്തിൽ മരിച്ച് ഭസ്മമാകുന്നതിനെ കുറിച്ചും ഓർക്കണം. നല്ലത് ചെയ്തത് സമൂഹം ഓർക്കണമെങ്കിൽ ജീവിച്ചിരിക്കുമ്പോൾ നല്ലത് ചെയ്യണം. നല്ലതു ചെയ്തതിനെ കുറിച്ചും നല്ലത് ചെയ്യാനുള്ളതിനെ കുറിച്ചും ഓർത്തു കൊണ്ടിരിക്കണം. നശ്വരമായ ജീവിതത്തിൽ നിന്ന് അനശ്വരമായ ഓർമ്മയിലേക്ക് ഓരോ അയ്യപ്പഭക്തനേയും കൊണ്ടു പോകാനാണ് ഭസ്മം ധരിക്കുന്നത്.
നമുക്ക് പതിനെട്ട് പുരാണങ്ങളുണ്ട്. ഉപപുരാണങ്ങളും പതിനെട്ടുണ്ട്. പതിനെട്ട് അധ്യായങ്ങളാണ് ഭഗവദ് ഗീതയിലുള്ളത്. നാലു വേദങ്ങളും ആറു ദർശനങ്ങളും ആറു അംശങ്ങളും അതോടൊപ്പം രാമായണവും മഹാഭാരതവും ചേർന്ന് പതിനെട്ട് കൃതികൾ ഒരാൾ പഠിച്ചിരിക്കണം. അറിവിന്റെ അടയാളങ്ങൾ കൂടിയാണ് ശബരിമലയിലെ പതിനെട്ട് പടികൾ.
പതിനെട്ട് പടികൾ ചവുട്ടി ഭഗവാനെ കണ്ട് തൊഴുതു വണങ്ങി നെയ്യ് തേങ്ങ ആഴിയിൽ കത്തിക്കണം. വിഷാംശത്തെ നിർവീര്യമാക്കാൻ കഴിയുന്ന ഔഷധം കൂടിയാണ് നെയ്യ്. തേങ്ങയിൽ നിറയ്ക്കുന്ന നെയ്യ് ഭക്തന്റെ മനസാണ്. അയ്യപ്പഭക്തന്റെ മനസിൽ അറിഞ്ഞോ അറിയാതെയോ കടന്നു കൂടിയ വിഷമാകുന്ന ദുഷ്ചിന്തകൾ കത്തിച്ചു കളയുന്ന ഹവിസാണ് നെയ്യ് തേങ്ങ. അതുപോലെ നെയ്യ് വീണു കത്തുന്ന അഗ്നി അന്തരീഷ വായുവിനെ ശുദ്ധമാക്കും. മനസിൽ വീണ ദുഷ്ചിന്തകളെ പ്രതീകാത്മകമായി ആഴിയിൽ കത്തിച്ച് കളഞ്ഞതിനുശേഷം ഉണർന്ന് ഉജ്ജ്വലമായ മനസുമായാണ് അയ്യപ്പൻ മലയിറങ്ങുന്നത്.
പന്തളം കൊട്ടാരത്തിലെ സ്ത്രീകൾ ഇന്നുവരെ ശബരിമലയിൽ പോയിട്ടില്ല. അതൊരു ആചാരമാണ്. പുരോഗമനാശയങ്ങൾ പൂത്തുലഞ്ഞിരുന്ന പന്തളം കൊട്ടാരത്തിൽ ജനിച്ചു വളർന്ന എനിക്ക് പുതിയ തലമുറയിലെ പെൺകുട്ടികളോട് ഒരു അപേക്ഷയേ ഉള്ളു. ദയവായി സദാചാരങ്ങളെ വെല്ലുവിളിക്കരുത്. വെല്ലുവിളി ഒന്നിനും ആശാസ്യമല്ല. ശബരിമലയുടെ മണ്ണും വിണ്ണും വായുവും ജലവും വിശുദ്ധമാണ്. വിഗ്രഹത്തിന്റെ ചൈതന്യത്തിന് ഭംഗം വരാതിരിക്കാനാണ് ഋതുമതികൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത്. അയ്യപ്പനെ കാണാൻ വരുന്നവർ വിശ്വാസികളാണ്. നിങ്ങൾ വിശ്വാസികളാണെങ്കിൽ കാത്തിരിക്കുക. കലിയുഗത്തിൽ നാമജപത്തിനാണ് പ്രാധാന്യം. പണ്ടൊക്കെ വൃശ്ചികം ആകുമ്പോൾ നാടു മുഴുവൻ ശരണം വിളികളാൽ മുഖരിതമാകും. എന്നാൽ കുറച്ചു നാളായി മാല ഇടുമ്പോഴോ മല കയറുമ്പോഴോ ശരണം വിളിയില്ല എന്നാണ് ഞാൻ അറിഞ്ഞത്. ഇപ്പോൾ ലോകം മുഴുവൻ അയ്യപ്പന്റെ ശരണം വിളി മുഴങ്ങി കൊണ്ടേയിരിക്കുകയാണ്. ഈ ശരണം വിളിയിലൂടെ ലോകവും കാലവും കലി വിമുക്തമാകുകയും ശുഭ്ര നീലാകാശം പോലെ എല്ലാം കലങ്ങി തെളിയുകയും ചെയ്യും. നീതിയുടെയും സത്യത്തിന്റെയും ഭക്തിയുടെയും കൂടെ അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാകും.