നിലാമഴ പുറത്തുവന്നപ്പോൾ എസ്. അംബികാദേവി എന്നൊരു നോവലിസ്റ്റ് ജനിക്കുകയായിരുന്നു. നല്ലൊരു നോവലിനുണ്ടായിരിക്കേണ്ട പല ഘടകങ്ങളും അതിനുണ്ടായിരുന്നെങ്കിലും ഒരു നോവലാണോ അതെന്ന് ഗ്രന്ഥകാരി അന്നു സംശയിച്ചു. പക്ഷേ, വായനക്കാർ നല്ലൊരു നോവലായി തന്നെ നിലാമഴയെ സ്വീകരിച്ചു. തുടർന്നും ചില നോവലുകൾ അംബികാദേവി എഴുതി. ശ്രീനാരായണഗുരു വിഷയമായ പ്രതിശ്രുതി, നോവലിന്റെ വഴിയേ സഞ്ചരിക്കുവാനുള്ള അംബികാദേവിയുടെ ആത്മവിശ്വാസവും അർഹതയും വെളിവാക്കുന്നു.
എണ്ണമറ്റ ജീവചരിത്രകൃതികൾക്കും പഠനങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും വിഷയീഭവിച്ച കേരളീയനായ ഒരു മഹാപുരുഷൻ ശ്രീനാരായണഗുരുവിനെപ്പോലെ വേറെയില്ല. കൂട്ടത്തിൽ ചില നോവലുകൾക്ക് ശ്രീനാരായണഗുരു വിഷയീഭവിച്ചിട്ടുണ്ട്. കെ. സുരേന്ദ്രന്റെ ഗുരുവും പെരുമ്പടവം ശ്രീധരന്റെ നാരായണവും ഓരോ നിലയ്ക്ക് മേന്മയുള്ളവയാണ്. ഒരു നാടിന്റെ ജീവിതാവസ്ഥ അടിമുടി മാറ്റി മറിച്ച ചരിത്രനായകനെ കഥാകൃതിക്ക് വിഷയമാക്കുമ്പോൾ എഴുത്തുകാരൻ പുലർത്തേണ്ട കരുതൽ മുൻകൃതികളിൽ വേണ്ടത്ര ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അംബികാദേവിയുടെ പ്രതിശ്രുതിയെ ശ്രദ്ധേയമാക്കുന്ന ഒന്ന് കഥാകാരി പുലർത്തുന്ന വേണ്ടുവോളമുള്ള ആ കരുതൽ ആണ്.
നോവലായി എഴുതിയ പ്രതിശ്രുതി ഒരിക്കൽ പോലും ജീവചരിത്രത്തിന്റെ തലത്തിലേക്ക് ചായുകയോ ചരിയുകയോ ചെയ്യുന്നില്ല. ഗുരുവിന്റെ ജീവിതത്തെ കാലക്രമമനുസരിച്ച് പിന്തുടരുന്ന ഒരു കഥപറച്ചിലല്ല ഇതിൽ നിർവഹിച്ചിരിക്കുന്നത്. പിതൃമുഖത്തുനിന്ന് ഗുരുവിനെക്കുറിച്ച് കേട്ടറിഞ്ഞിട്ടുള്ള കാര്യങ്ങൾ പിതൃപക്ഷത്തുനിന്നുകൊണ്ട് നടത്തുന്ന പുനരാഖ്യാനം പ്രത്യേകമായ പരിചിന്തനം അർഹിക്കുന്നു.
കേരളീയ നവോത്ഥാനത്തിന്റെ ചരിത്രത്തിൽ കോട്ടുകോയിക്കൽ വേലായുധൻ ഒരു കഥാപാത്രമാകുന്നത് ശ്രീനാരായണ ഗുരുവുമായി ചേർന്നു നിൽക്കുകയും ഗുരുവിനെ പിന്തുടരുകയും ചെയ്തപ്പോഴാണ്. അതൊരു അനുഭൂതിയും അഭിമാനവുമായി അവസാനം വരെയും കോട്ടുകോയിക്കൽ വേലായുധന്റെ ധന്യതയായി. ആ ധന്യത വാമൊഴിയായി മകൾക്ക് പകർന്നുകിട്ടുകയായിരുന്നു. അതിനെ ഒരു സർഗശില്പത്തിൽ ഉൾക്കൊള്ളിക്കുവാനാണ് അംബികാദേവി ശ്രമിക്കുന്നത്.
കെട്ടുകഥകളും മാസ്മര വിദ്യയും കൊണ്ട് ഗുരുവിന്റെ ചിത്രം വികൃതമാക്കിയ ജീവചരിത്രങ്ങൾപോലും ഉണ്ടായിട്ടുണ്ട്. പ്രതിശ്രുതി അത്തരം വിഭ്രമങ്ങളിലേക്ക് ചായുന്നതേയില്ല. ഭക്തി നാട്യമോ പ്രചരണായുധമോ ആക്കാതെ അതിന്റെ വിശുദ്ധിയിൽ നിലനിർത്താൻ കഴിയുന്നതിന്റെ ഫലമാണത്. ഗുരുവിന്റെ ജന്മദൗത്യം പ്രാകൃതമായ ഒരു സമൂഹത്തെ നവീകരിക്കുകയായിരുന്നു. വർത്തമാനകാല ജീവിതാവസ്ഥയുടെ അതിസൂക്ഷ്മ തലങ്ങൾവരെ ഗുരുവിന്റെ നോട്ടം ചെന്നെത്തി. സത്യം തിരിച്ചറിഞ്ഞപ്പോൾ പ്രതിവിധി എളുപ്പമായി. ഏതു കാലത്തുമെന്നപോലെ കുറെ സംശയാലുക്കൾ അന്നുമുണ്ടായിരുന്നു. ഗുരുധർമ്മത്തിന്റെ പ്രകാശധോരണിയിൽ സന്ദേഹങ്ങൾ അപ്രത്യക്ഷമാവുകയായിരുന്നു. ഹൃദ്യമായൊരു കാവ്യാത്മക ഭാഷ ആദ്യന്തം കഥാകൃതിയെ അനുഗ്രഹിച്ചിരിക്കുന്നു. അങ്ങനെയൊരു ഭാഷയിലല്ലാതെ നോവലിന്റെ ഭാവാന്തരീക്ഷം സ്വാഭാവികമാവില്ല എന്നത് വായനാനുഭവം. കൃതിയുടെ സമാരംഭം ഇങ്ങനെ:
'മരുത്വാമലയുടെ കൂറ്രൻ പാറക്കെട്ടുകളിൽ കാൽവഴുതാതെ ചവിട്ടിക്കയറി ഉന്നതമായ ഒരു പാറമുകളിൽ എത്തിനിന്നു വേലായുധൻ. നേരത്തേ കണ്ട യോഗമണ്ഡപം വളരെ മുകളിലാണ്. വെയിലാറി തുടങ്ങി. ഇനിയും സൂര്യാസ്തമയം ആയിട്ടില്ല. അഗാധമായ നിശബ്ദതയെ നടക്കിക്കൊണ്ട് കാറ്റുവീശുന്നു. ചക്രവാളപ്പരപ്പിൽ ആകാശം താണിറങ്ങി നിലാക്കടലായി മാറുന്നതുകാണാം.
മരുത്വാമലയിലെ പിള്ളത്തടവും പാറക്കെട്ടുകളുമാണ് പശ്ചാത്തലം. ഗുരുവുമായി ബന്ധപ്പെട്ട മുഹൂർത്തങ്ങൾ ഉള്ളിൽ മിന്നിമറഞ്ഞുകൊണ്ടിരുന്നു. ദർശന മാലയും ആത്മോപദേശശതകവും വായ്മൊഴിയായി പിറക്കുന്ന ഓർമ്മകൾ. ഗുരു ഓലയിൽ നാരായം കൊണ്ട് കോറിയിടുകയായിരുന്നില്ല. ഗുരു വചനത്തിന്റെ മൂല്യമറിയുന്ന ശിഷ്യപരമ്പര എല്ലാം രേഖപ്പെടുത്തിവച്ചു. ഗുരു യശഃപ്രാർത്ഥി അല്ലാതിരുന്നതുകൊണ്ട് മലയാളത്തിന്റെ ഏറ്റവും പ്രതിഭാശാലിയായ കവി വേണ്ടത്ര തിരിച്ചറിയപ്പെട്ടില്ലെന്നു മാത്രം. വേലായുധൻ ഗുരുവിനെ അറിയുന്നത് നേരിട്ടുള്ള സമ്പർക്കം കൊണ്ടും കേട്ടറിവുകൾ വഴിക്കുമായിരുന്നു. രണ്ടും ചേർന്നപ്പോൾ അറിവിനു സമ്പൂർണതയുണ്ടായി. ആ സമ്പൂർണത നോവലിസ്റ്റിന് മുതൽക്കൂട്ടായി. ജനനം മുതൽ നാണു കഥാപാത്രമായി നോവലിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കുട്ടിക്കാലത്തെ കുസൃതികൾ, വിദ്യാഭ്യാസം, ലൗകിക ജീവിതത്തിന്റെ തിരസ്കാരം, ദേശാടനം, സമാനവ്യക്തിത്വങ്ങളുമായുള്ള സന്ദർശനങ്ങളും സംവാദങ്ങളും ആത്മീയവും ഭൗതികവുമായ ലോകങ്ങളിലെ അനാചാരങ്ങളുമായുള്ള നായകത്വം, ക്ഷേത്രപ്രതിഷ്ഠകളിലെ അസാധാരണത്വം അങ്ങനെ ശീർഷകങ്ങളിലൊതുങ്ങാത്ത അസംഖ്യം കർമ്മമേഖലകൾ ഔചിത്യഭാസുരമായി മിതത്വം പുലർത്തികൊണ്ട് പ്രതിപാദിക്കപ്പെടുന്നുണ്ട്.
നവോത്ഥാന പ്രസ്ഥാനത്തിന്റെ പിന്തുടർച്ച എന്തുകൊണ്ട് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് അവകാശപ്പെട്ടതായി എന്ന് നോവലിനെ ഏകാഗ്രമായി പിന്തുടരുന്നുവർക്ക് വ്യക്തമാകും. ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവുമായി നടക്കുന്ന ഒരു സംവാദം ഏഴാം അധ്യായത്തിലുണ്ട്. കേരളം പരശുരാമൻ സൃഷ്ടിച്ചതെന്ന പ്രചാരണത്തിന്റെ നിരർത്ഥകത അവിടെ കാണാം. ബുദ്ധജൈനമതങ്ങൾ ഇവിടെ ശാസ്ത്രീയമായി കൃഷി പ്രചരിപ്പിച്ചതും എഴുത്തും വായനയും പഠിപ്പിച്ചതും വൈദ്യശാസ്ത്രം പരിപോഷിപ്പിച്ചതും കേരളത്തിൽ ബ്രാഹ്മണാധിനിവേശം സംഭവിക്കുന്നതിനും മുമ്പാണെന്ന് തെളിഞ്ഞുവരുന്നു. ഏകകോശ ജീവികൾ മുതൽ മനുഷ്യൻ വരെയുള്ള എല്ലാജീവികളും ഒരേ ചൈതന്യത്തിന്റെ കണ്ണികളാണെന്ന അദ്വൈത തത്വത്തിൽ ആ മഹാപ്രതിഭകൾ യോജിക്കുന്നു. അദ്വൈതത്തിൽ ചാതുർവർണ്യം എന്ന ബ്രാഹ്മണപക്ഷത്തെ പുറംതള്ളി അദ്വൈതത്തെ അന്വർത്ഥമാക്കുവാനും ആ മഹാപ്രതിഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
വിദ്യകൊണ്ട് സ്വതന്ത്രരാകുവാൻ ഗുരു ഉപദേശിച്ചിട്ടുണ്ട്. സ്വതന്ത്രരാവുകയെന്നതിന്റെ അർത്ഥവ്യാപ്തി അറിയാത്തവർ പ്രബുദ്ധരാവുക എന്നു തിരുത്തിപ്പറയാറുമുണ്ട്. അങ്ങനെ പറയുവാൻ ഒരു ലോകാചാര്യനെന്തിന് അല്പസ്വല്പം കാര്യബോധമുള്ള ഒരു സാധാരണ മനുഷ്യൻ മതിയാവുമല്ലോ. ആദ്യമായി ഗുരുവിനെ കാണുമ്പോൾ വേലായുധന്റെ പ്രായം പന്ത്രണ്ട് വയസ്. അന്ന് ഗുരു ചോദിച്ചു പഠിക്കുന്നുണ്ടോ എന്ന്. പഠിക്കണം, പഠിപ്പുള്ളവർ കുറവാണ് എന്നുകൂടി ഗുരു പറഞ്ഞു.
ഗുരുവിന്റെ പാരിസ്ഥിതികബോധം ഇന്ന് അത്യന്തം പ്രസക്തമാണ്. നല്ല ലോകം സൃഷ്ടിക്കാൻ മനുഷ്യൻ അനുവർത്തിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഗുരു ഉദ്ബോധിപ്പിച്ചുകൊണ്ടേയിരുന്നു. പ്രകൃതിയെ വെട്ടിവെളുപ്പിക്കുന്ന വരം കാലത്തെക്കുറിച്ച് പക്ഷേ, ഗുരു ആശങ്കാകുലനായിരുന്നിരിക്കാം. 'സൗകര്യം കിട്ടുമ്പോൾ മരങ്ങൾ വച്ചു പിടിപ്പിക്കണം. തണലുമായി പഴവുമായി" ഗുരുവിന്റെ വാക്കുകളാണിത്. വാക്കുകൾ തുടരുന്നു:
'മനുഷ്യൻ ഭൂമുഖത്തെല്ലാം സംഹാരതാണ്ഡവം ചെയ്തു നടക്കുന്നു. മരങ്ങളെല്ലാം വെട്ടി നശിപ്പിക്കുന്നു. പച്ച നിറഞ്ഞ പ്രകൃതിയെ വികൃതമാക്കി ശൂന്യതയിലാഴ്ത്തുന്നു. അതിനുപകരം വൃത്തികെട്ട പുകനിറഞ്ഞ പട്ടണങ്ങൾ മെനഞ്ഞുകൂട്ടുന്നു. ഭൂഗർഭത്തിലേക്ക് തുരന്നുകയറി ഈ ഗോളത്തിന്റെ കെട്ടുറപ്പ് തകർത്തുകളയുന്നു. നോക്കുന്നിടത്തെല്ലാം കൽക്കരിയും ഇരുമ്പും തന്നെ. അവനൊരു വ്യവസ്ഥയുമില്ല."
'മനുഷ്യരുടെ അത്യധികമായ ലോഭത്തെപ്പറ്റി അവരെ പറഞ്ഞു മനസിലാക്കുന്നത് നന്നായിരിക്കും. ഈ വിഷയത്തിൽ മനുഷ്യമൃഗം മറ്റെല്ലാ മൃഗങ്ങളെക്കാൾ മോശമാണെന്നു തോന്നുന്നില്ലേ? ഒടുങ്ങാത്ത ആവശ്യങ്ങൾ മനുഷ്യർക്കല്ലാതെ മറ്റൊരു മൃഗത്തിനുമില്ല."
അരുവിപ്പുറം പ്രതിഷ്ഠയുടെ ചരിത്രപ്രാധാന്യം പറഞ്ഞാൽ തീരാത്ത ഒരു വിഷയമാണ്. ക്ഷേത്രസങ്കല്പത്തിന്റെ പുതിയൊരു മാതൃക ഗുരുദേവൻ മുന്നോട്ടുവച്ചു. അതിന്റെ ലക്ഷണം നോവലിസ്റ്റ് ചുരുക്കിപ്പറയുന്നു: 'വാവലുകൾ പാർക്കുന്ന ഇരുട്ടടച്ച വൃത്തിയില്ലാത്ത ശ്രീകോവിലുകൾക്ക് പകരം കാറ്റും വെളിച്ചവും കയറുന്ന നിർമ്മലവും പാവനവുമായ സ്ഥലങ്ങളായിരിക്കണം ക്ഷേത്രങ്ങൾ എന്ന ഗുരുവിന്റെ ആശയാവിഷ്കാരമാണ് ഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളെല്ലാം."സന്യാസാശ്രമത്തെക്കുറിച്ചും പുതിയൊരു നിർവചനം ഗുരു അവതരിപ്പിച്ചിട്ടുണ്ട്. ഗുരുവിന്റെ കാല്പാടുകൾ പിന്തുടർന്ന വേലായുധന് മാറുന്ന കേരളത്തിന്റെ ഒരുപാട് ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിക്കുവാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. ഗാന്ധിജിയെ പരിചരിക്കുവാൻ ലഭിച്ച അവസരംവരെ അതിൽപ്പെടുന്നു. എല്ലാം ഗുരുവിന്റെ അനുഗ്രഹം കൊണ്ടാണെന്ന് ആ ഭക്തൻ വിശ്വസിച്ചിരുന്നു. ആ ഭക്തിയെ പിന്തുടർന്നാണ് അംബികാദേവി പ്രതിശ്രുതി രചിച്ചിരിക്കുന്നത്. ഗുരുസാഗരത്തിന്റെ തീരത്തു നിൽക്കുന്ന എളിയ ഭക്ത അതിൽ നിന്ന് ഒരു കുമ്പിൾ ജലമെടുത്ത് അതിൽതന്നെ അർച്ചന ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് മുഖവുരയിൽ പറയുന്നു. ആ അർച്ചന പാഴായില്ലെന്നു പ്രതിശ്രുതിയിലൂടെ കടന്നുപോകുന്ന ഭാവുക ഹൃദയങ്ങൾക്കും ബോധ്യമാവും. കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വില : രൂപ 170