പതിനൊന്നു വയസുള്ള ഒരു ഇസ്രായേലി ബാലൻ. അവന്റെ അച്ഛൻ ഇന്ത്യയിലെ ഒരു കുഗ്രാമത്തിൽ കോൺട്രാക്ട് ജോലിക്കായി പോയിരിക്കുകയാണ്. ടെലിഫോണിൽ ബന്ധപ്പെടാൻ കഴിയാത്ത സ്ഥലം. ബാലന് അവന്റെ അച്ഛനെ കാണണം. അമ്മയ്ക്കും മറ്റു സഹോദരങ്ങൾക്കുമൊന്നും തിരക്കിനിടെ അവന്റെ ആവശ്യം കേൾക്കാൻ പോലും സമയമില്ല. ഇസ്രായേലിൽ താമസമാക്കിയ ഒരു ഇന്ത്യൻ വനിതയുമായി അവൻ സൗഹൃദമുണ്ടാക്കുന്നു. 35 കാരിയായ അവർ പ്രായമുള്ള സ്ത്രീകളെ ശുശ്രൂഷിക്കുന്നത് ജീവിതവ്രതമായി കരുതിയവരാണ്. ആത്മാർത്ഥതയുളവർ. ഒടുവിൽ അവരുടെ സഹായത്തിൽ ബാലൻ അവന്റെ അച്ഛനെ തേടി ഇന്ത്യയിൽ വരികയാണ്. ഇതാണ് എന്റെ അടുത്ത സിനിമയുടെ വൺലൈൻ. സിനിമയുടെ പേര് മൈ ഫാദേഴ്സ് സീക്രട്ട് ഇന്ത്യ. ഇസ്രായേലി സിനിമയിലെ ഇതിഹാസമായ ഡാൻ വോൾമാൻ തന്റെ പുതിയ സിനിമയെക്കുറിച്ച് വെളിപ്പെടുത്തി.
ഗോവയിൽ നടക്കുന്ന ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവം ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ച അതുല്യനായ ചലച്ചിത്രകാരൻ ഒരു ഇന്ത്യൻ മാദ്ധ്യമത്തിന് ആദ്യമായി അനുവദിച്ച വിശദമായ അഭിമുഖത്തിൽ കേരളകൗമുദിയോട് സംസാരിക്കുകയായിരുന്നു. ഈ ചിത്രത്തിൽ അഭിനയിക്കാൻ 35 കാരിയായ ഒരു ഇന്ത്യൻ നടിയെ വേണമെന്ന് വോൾമാൻ പറഞ്ഞു. സിനിമയുടെ കുറെ ചിത്രീകരണം ഇന്ത്യയിലായിരിക്കും.അപ്പോൾ മറ്റു ചില ഇന്ത്യൻ കഥാ പാത്രങ്ങളെ അവതരിപ്പിക്കാനും അഭിനേതാക്കളെ വേണം. ഇന്ത്യയിലെ നിർമ്മാതാക്കളുമായി പങ്കാളിത്തത്തോടെ ചിത്രം നിർമ്മിക്കാനുള്ള ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയോടുള്ള തന്റെ സ്നേഹമാണ് ഇങ്ങനെയൊരു ചിത്രമെടുക്കാൻ പ്രേരണയായത്.
2004 ലാണ് ആദ്യമായി ഇന്ത്യയിൽ വരുന്നത്. ജൂറി അംഗമായിട്ടായിരുന്നു അത്. ഇവിടെ എന്റെ ആദ്യ റെട്രോസ്പെക്ടീവ് തിരുവനന്തപുരത്ത് 2008 ൽ ചലച്ചിത്ര ഫിലിം സൊസൈറ്റി നടത്തി . നിരവധി ഇന്ത്യൻ ചലച്ചിത്രോത്സവങ്ങളിൽ പിന്നീട് ജൂറിയായി. സത്യജിത് റേയെ ബർലിൻ ചലച്ചിത്രോത്സവത്തിൽ വച്ച് കണ്ടതും ഹസ്തദാനം നൽകിയതും വോൾമാൻ ഓർത്തു. ഇഫിയിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ചതിൽ വലിയ സന്തോഷമുണ്ട്. ബർട്ട് ലൂച്ചിയും ലെസ്റ്റർ പെരിസും പോലുള്ള മഹാരഥൻമാർ ആദരിക്കപ്പെട്ട വേദിയാണിത്.
ദി ഡ്രീമർ,ഫ്ളോക്ക്, മൈ മൈക്കിൾ, ഹൈഡ് ആൻഡ് സീക്ക്,ബെൻസ് ബയോഗ്രഫി ,ടൈഡ് ഹാൻഡ്സ് തുടങ്ങി ലോക സിനിമയുടെ അംഗീകാരങ്ങൾ വാരിക്കൂട്ടിയ നിരവധി ചിത്രങ്ങളെടുത്ത വോൾമാന് കാനിലും ബർലിനും വെനീസിലുമടക്കം സുപ്രധാന ചലച്ചിത്രോത്സങ്ങളിലെല്ലാം ആദരം നേടാനായി. ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കിയെടുത്ത ആൻ ഇസ്രായേലി ലൗവ് സ്റ്റോറിയാണ് അദ്ദേഹത്തിന്റെ ഏറവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം.
ഇസ്രായേലി സിനിമ
താൻ ആദ്യമായി സിനിമയെടുക്കുമ്പോൾ ഇസ്രായേലിലെ ജനസംഖ്യ വെറും 35 ലക്ഷം മാത്രമായിരുന്നുവെന്ന് വോൾമാൻ പറഞ്ഞു. ഇപ്പോഴത് 87 ലക്ഷമായി.1968 ലാണ് ആദ്യ സിനിമയായ ഡ്രീമറിന്റെ ചിത്രീകരണം തുടങ്ങിയത്. ഇത് സിനിമയിൽ വോൾമാന്റെ അമ്പതാം വർഷമാണ്. അന്ന് വർഷം പത്തോ പന്ത്രണ്ടോ സിനിമകളാണ് റിലീസ് ചെയ്തിരുന്നത്. ഇപ്പോൾ 45 സിനിമകൾ ഇറങ്ങുന്നുണ്ട്.മികച്ച പ്രതിഭകൾ വരുന്നു. ഇസ്രായേലിൽ 18 ഫിലിം സ്കൂളുകളുണ്ട് ഇപ്പോൾ.
താൻ തുടങ്ങിയ കാലത്ത് സിനിമയെടുക്കുകയെന്നത് ഭാരിച്ച പണിയും ഏറെ പണച്ചെലവുമുള്ള കാര്യമായിരുന്നു എത്രയോയടി ഫിലിം ഷൂട്ട് ചെയ്തിട്ട് അതിന്റെ അവസാനം എങ്ങനെ വരുമെന്ന് അറിയാനുള്ള ഉത്ക്കണ്ഠ . അങ്ങനെ എന്തെല്ലാം തലവേദനകളായിരുന്നു അന്ന്. ഇപ്പോൾ മോണിട്ടറിൽ അപ്പപ്പോൾ ഷൂട്ട് ചെയ്ത കാര്യങ്ങൾ കാണാം. അതേയമയം ഒരു കലാസൃഷ്ടിയുടെ പേറ്റുനോവ് അനുഭവിക്കുന്നതിന്റെ ത്രിൽ ഇന്ന് ഉണ്ടെന്നു പറയാൻ കഴിയില്ല. സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടത്തിൽ ആർക്കും സിനിമയെടുക്കാമെന്ന നിലയായി. ഇപ്പോൾ മൈബൈലിൽ പോലും സിനിമയെടുക്കുന്നവരുണ്ട്. ലോക സിനിമയെ ഇപ്പോൾ വിലയിരുത്തിയാൽ പ്രതിഭയുടെ സ്പർശമുള്ള ഒട്ടേറപ്പേരെ കാണാനാകും. എന്നാൽ വളരെയധികം മോശം സിനിമകളും ഇറങ്ങുന്നുണ്ട്. മൊബൈലിൽപ്പോലും സിനിമ കാണാമെന്നു വന്നതോടെ തിയറ്ററിൽ പോയി സിനിമ കാണുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടാവും. എന്നാൽ തിയറ്ററിൽ കിട്ടുന്ന അനുഭവം ടിവിയിലും മൊബൈലിലും ലഭിക്കില്ല. ഫെയ്സ് ബുക്ക് അടക്കമുള്ള സോഷ്യൽ മാധ്വമങ്ങളെ സിനിമയുടെ പബ്ളിസിറ്റിക്കാണ് താൻ ഉപയോഗിക്കാറുള്ളതെന്ന് വോൾമാൻ പറഞ്ഞു.
സർക്കാർ പിന്തുണ
ഇസ്രായേലിൽ സർക്കാർ സിനിമയെ സഹായിക്കുന്നുണ്ടെങ്കിലും കാര്യമായ സഹകരണമില്ലെന്ന് ഇക്കുറി ഇഫിയിൽ ഇസ്രായേലി ഡെലിഗേഷനെ നയിക്കുന്ന വോൾമാൻ തുറന്നു പറഞ്ഞു. അടുത്തിടെ ഇസ്രയേലിലെ സാംസ്കാരിക മന്ത്രി മിറി റെഗോവ് നടത്തിയ പ്രസ്താവന ചലച്ചിത്ര പ്രവർത്തകരുടെ വൻ പ്രതിഷേധത്തിനിടയാക്കി.സർക്കാരിനെ വിമർശിക്കുന്ന സിനിമകൾക്ക് ഒരു സഹായവും നൽകില്ലെന്നായിരുന്നു അവരുടെ നിലപാട്. സർക്കാരിനെക്കുറിച്ച് നല്ലത് പറയാത്ത സിനിമകളെ എന്തിന് പ്രോത്സാഹിപ്പിക്കണമെന്ന് അവർ ചോദിച്ചു. ദേശഭക്തി കാട്ടാനുള്ളതാണോ സിനിമ? വൈവിദ്ധ്യത്തിന്റെ സംസ്ക്കാരമാണ് ഇസ്രായേലിന്റേത്. വ്യത്യസ്തമായ ചിന്തകളെയും വാദമുഖങ്ങളേയും സ്വതന്ത്ര നിലപാടുകളെയും പ്രോത്സാഹിപ്പിക്കുന്ന സംസ്കാരമാണത്. ആ പാരമ്പര്യത്തേയാണ് സർക്കാർ ചോദ്യം ചെയ്യന്നതെന്ന് വോൾമാൻ വ്യക്തമാക്കി.സർക്കാരിന് വിമാനങ്ങൾ വാങ്ങാൻ പണമുണ്ട്. പക്ഷെ ജനങ്ങൾക്ക് താത്പ്പര്യമുള്ള കലാരംഗത്തെ പ്രോത്സാഹിപ്പിക്കാൻ മനസില്ല. സാങ്കേതിക വിദ്യയിൽ കുതിച്ചു ചാട്ടം ഉണ്ടായെങ്കിലും നല്ല സിനിമയെടുക്കുന്നവർ പണത്തിനായി ഇപ്പോഴും പ്രയാസപ്പെടുന്നുണ്ട്.
മീ ടു
മൈ മൈക്കിൾ അടക്കം തന്റെ പല ചിത്രങ്ങളുടേയും ഇതിവൃത്തം സ്ത്രീകളുടെ പ്രശ്നങ്ങളായിരുന്നു. ഇപ്പോഴത്തെ മീ ടു കാമ്പയിന്റെ നല്ല വശങ്ങളെ താൻ പിന്തുണയ്ക്കുകയാണെന്ന് വോൾമാൻ പറഞ്ഞു. എന്നാൽ ചെറിയൊരു വിഭാഗമെങ്കിലും അതിനെ ദുരുപയോഗപ്പെടുത്തുന്നുണ്ടോയെന്ന് സംശയമുണ്ട്. അതൊഴിവാക്കിയാൽ മീടു നല്ലതു തന്നെ.
തന്റെ സിനിമകളെ കലാ ചിത്രങ്ങളെന്നോ വാണിജ്യചിത്രങ്ങളെന്നോ വേർതിരിക്കാൻ ആഗ്രഹിക്കുന്നില്ല.മെയിൻ സ്ട്രീമിൽ ആളുമല്ല. നിർമ്മാതാക്കളുടെ താത്പര്യാർത്ഥം കോമഡി ചിത്രങ്ങളും താൻ എടുത്തിട്ടുണ്ട്. ഇന്ത്യയിൽ നല്ല സിനിമകൾ ഇറങ്ങുന്നുണ്ട്. ഇസ്രായേലും ഇന്ത്യയും ചേർന്നുള്ള പങ്കാളിത്തത്തിൽ നല്ല സിനിമകൾ ഉണ്ടാകണമെന്ന ആഗ്രഹം തനിക്കുണ്ടെന്ന് വോൾമാൻ പറഞ്ഞു. അത് സംബന്ധിച്ച ചില ചർച്ചകൾ നടന്നു വരുന്നതായും അദ്ദേഹം വ്യക്തമാക്കി.ഈ ബഹുമതി കൂടി ലഭിച്ചതോടെ എല്ലാവർക്കും സെൽഫി വേണം. എന്നെ അറിഞ്ഞിട്ടാണോ സെൽഫിയെടുക്കുന്നതെന്ന് അറിയില്ല. എന്തായാലും എന്നെ ദൈവമാക്കരുതെന്ന ഒരു അഭ്യർത്ഥനയേയുള്ളൂ. വോൾമാൻ പറഞ്ഞു.