സന്നിധാനം: ശബരിമലയിൽ കഴിഞ്ഞ ദിവസം നാമജപ പ്രതിഷേധം നടത്തിയതിന് അറസ്‌റ്റിലായവർക്ക് ജാമ്യം. ശനിയാഴ്ച രാത്രി പത്തുമണിക്കുശേഷം സന്നിധാനത്ത് നാമജപം നടത്തിയ 82പേരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കിയത്. വാവര് നടയുടെ സമീപത്തായാണ് രണ്ടുസംഘമായി തിരിഞ്ഞ് നാമജപം നടത്തിയത്. തുടർന്ന് ഇത് നിരോധനാജ്ഞാ ലംഘനമാണെന്ന നിയമപ്രകാരമുള്ള അറിയിപ്പ് പൊലീസ് നൽകി. എന്നാൽ പ്രതിഷേധക്കാർ നാമജപം അവസാനിപ്പിക്കാത്തതിനെ തുടർന്നാണ് അറസ്‌റ്റ് ചെയ‌്‌തത്.
ഹരിവരാസനം ചൊല്ലി നട അടയ്‌ക്കുന്നതിന് തൊട്ടുമുമ്പാണ് നാമജപം അവസാനിച്ചത്. ഇതുകഴിഞ്ഞ ഉടൻ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ഇവരെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. പിന്നീട് മണിയാർ ക്യാമ്പിലേക്ക് മാറ്റിശേഷമാണ് ജാമ്യം അനുവദിച്ചത്.
ശബരിമലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അറസ്റ്റാണ് സന്നിധാനത്ത് ശനിയാഴ്‌ച രാത്രി ഉണ്ടായത്. തുടർന്ന് പമ്പയിൽ നിന്ന് മൂന്ന് പൊലീസ് ബസുകളിലായാണ് പത്തനംതിട്ട എ.ആർ.ക്യാമ്പിലേക്ക് കൊണ്ടുപോയത്.