മദ്ധ്യപ്രദേശ്: മുൻ പ്രധാനമന്ത്രി ഇന്ധിരാഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ദിരാഗാന്ധി ഉയർത്തിയ 'ഗരീബി ഹട്ടാവോ' എന്ന മുദ്രാവാക്യം വ്യാജ വാഗ്‌ദാനമായിരുന്നെന്നും 'ബാങ്ക് ദേശസാത്കരണം' തട്ടിപ്പായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മദ്ധ്യപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി. 2014ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജനങ്ങൾക്ക് തെറ്റായ വാഗ്‌ദാനങ്ങളാണ് നൽകിയതെന്നും, കോൺഗ്രസ് അധികാരത്തിലിരുന്നതിന്റെ പാതിസമയം എനിക്ക് ലഭിച്ചിരുന്നെങ്കിൽ ഈ രാജ്യത്ത് മാറ്റം കൊണ്ടുവരുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
നെഹ്റു-ഗാന്ധി കുടുംബത്തിലെ നാല് തലമുറ രാജ്യം ഭരിച്ചു. അവർ ജനങ്ങളെ വഞ്ചിച്ചുവെന്നും മോദി കൂട്ടിച്ചേർത്തു. ദാരിദ്ര്യ നിർമാർജ്ജനം ചെയ്യാനുള്ള മുദ്രാവാക്യം ഇന്ദിരാഗാന്ധി മുഴക്കി. പക്ഷെ, പാവപ്പെട്ടവരുടെ പേരിൽ നടത്തിയ തട്ടിപ്പായിരുന്നില്ലേ ബാങ്ക് ദേശസാത്കരണം?എന്നും അദ്ദേഹം ചോദിച്ചു. തന്റെ സർക്കാർ അധികാരത്തിലെത്തിയ ശേഷം കൊണ്ടുവന്ന 'പ്രധാനമന്ത്രി ജൻധൻ യോജന'യിലൂടെയാണ് ബാങ്കിംഗ് മേഖല പാവപ്പെട്ടവർക്ക് പ്രാപ്യമായതെന്നും മോദി പറഞ്ഞു. 1971 ലെ പൊതു തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് "ഗരീബി ഹട്ടാവോ, ദേശ് ബച്ചാവോ" (ദാരിദ്ര്യം ഇല്ലാതാക്കുക, രാജ്യത്തെ സംരക്ഷിക്കുക) എന്ന മുദ്രാവാക്യം ഇന്ദിരാഗാന്ധി അവതരിപ്പിച്ചത്. 14 ബാങ്കുകളാണ് 1969ൽ ഇന്ദിരാ ഗാന്ധി സർക്കാർ ദേശസാത്കരിച്ചത്.