ജനതാദൾ എസിന്റെ നിയുക്ത മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കാൻ സാധ്യത യേറിയിരിക്കുകയാണ്. മാത്യു ടി. തോമസിനെ രാജിവയ്പിച്ചാണ് ജനതാദൾ എസ് കെ. കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കാൻ തീരുമാനിച്ചത്. രണ്ടര വർഷം കഴിയുമ്പോൾ രാജിവയ്ക്കാമെന്ന ധാരണയിലാണ് മാത്യു ടി. തോമസിനെ മന്ത്രിയാക്കിയതെന്നാണ് പാർട്ടിയുടെ വിശദീകരണം. എന്നാൽ ഈ തീരുമാനത്തെ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. നിലവിലെ മന്ത്രിസഭയിൽ കൊള്ളാവുന്ന ഒരു മന്ത്രിയായിരുന്നു മാത്യു ടി. തോമസ് പക്ഷേ കുട്ടികൃഷ്‌ണേട്ടന് മന്ത്രിയാകണം എന്നൊരു മോഹം വന്നാൽ ജനങ്ങൾ സഹിച്ചേ പറ്റൂവെന്ന് അദ്ദേഹം പരിഹസിക്കുന്നു. കൃഷ്ണൻകുട്ടിക്ക് മന്ത്രിയാവണമെന്ന മോഹം വന്നാൽ ജനങ്ങൾ അത് സഹിച്ചേ പറ്റൂ എന്തെന്നാൽ മന്ത്രിയാകണമെന്ന നേതാക്കൻമാരുടെ ആഗ്രഹങ്ങൾ പൂവണിയാൻ ജനങ്ങൾ സഹിച്ചേ പറ്റൂ. കൃഷ്ണൻകുട്ടി മന്ത്രിയാവുന്നതോടെ കേരളം നേരിട്ടുകൊണ്ടിരിക്കുന്ന വലിയ പ്രശ്നം പരിഹരിക്കപ്പെട്ടു എന്നതിൽ നികുതിദായകർക്ക് സന്തോഷിക്കാമെന്നും ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കൂട്ടത്തിൽ കൊള്ളാവുന്ന
ഒരു മന്ത്രിയായിരുന്നു
മാത്യു ടി തോമസ്
പക്ഷെ കുട്ടികൃഷ്‌ണേട്ടന്
മന്ത്രിയാകണം
എന്നൊരു മോഹം
വന്നാൽ ജനങ്ങൾ
സഹിച്ചേ പറ്റൂ
കാരണം, യുവരക്തം(!) സിരകളിലോടുന്ന
ഈ പാർട്ടി നേതാക്കൾക്കൊരുരുത്തർക്കും അവരുടെ
സ്വപ്നങ്ങൾ പൂവണിയിക്കാൻ
നമ്മൾ സഹായിച്ചേ പറ്റൂ.
ഇപ്പോൾ കേരളം നേരിടുന്ന
ഏറ്റവും വലിയ പ്രശ്നം
അങ്ങിനെ പരിഹരിക്കപ്പെട്ടു
എന്നു നമ്മൾ
നികുതിദായകർക്ക്
സന്തോഷിക്കാം