ലണ്ടൻ: വ്യാജ വാർത്ത പ്രചരണം, ഡാറ്റ ചോർച്ച, ഡാറ്റ ശേഖരണം, വ്യാജ വാർത്ത പ്രചരണം തുടങ്ങിയ വിവാദങ്ങളിൽ ഫേസ്ബുക്കിന് ഉത്തരം പറയേണ്ടി വരും. ഏഴ് രാജ്യങ്ങളിൽ നിന്ന് 22 പേരടങ്ങുന്ന അന്താരാഷ്ട്ര സമിതിക്ക് മുന്നിൽ ഫേസ്ബുക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം. ബ്രിട്ടൻ, അർജന്റീന, ബ്രസീൽ, കാനഡ, അയർലൻഡ്, ലാത്വിയ, സിങ്കപ്പൂർ എന്നീ രാജ്യങ്ങളാണ് സമിതിയിലുള്ളത്. എന്നാൽ ചോദ്യങ്ങളെ നേരിടാൻ കമ്പനിയുടെ സി.ഇ.ഒ മാർക്ക് സുക്കർബർഗ് ഹാജരാകില്ല. ഫേസ്ബുക്ക് പോളിസി വൈസ് പ്രസിഡന്റ് റിച്ചാർഡ് അലനാകും ഫേസ്ബുക്കിനെ പ്രതിനിധീകരിച്ച് ലണ്ടനിൽ നടക്കാനിരിക്കുന്ന വാദപ്രതിവാദങ്ങൾ നേരിടുക.
എന്നാൽ സുക്കർബർഗ് തന്നെയാണ് ഉത്തരം പറയേണ്ടത് എന്നാണ് 22 അംഗ സമിതിയുടെ നിലപാട്. വീഡിയോ കോൺഫറൻസിംഗ് വഴി സമിതിക്ക് മുന്നിൽ വരാൻ അവസരമുണ്ടായിരുന്നെങ്കിലും സുക്കർബർഗ് വിസമ്മതിക്കുകയായിരുന്നു. ഡാറ്റ സംരക്ഷണ നിയമം ലംഘിച്ചതിന് 5 കോടിയോളം രൂപ ഫേസ്ബുക്കിന് പിഴയൊടുക്കേണ്ടി വന്നിട്ടുണ്ട്.
അതിനിടെ കമ്പനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ തടയാൻ ഫേസ്ബുക്ക് ഒരു പബ്ളിക് റിലേഷൻസ് കമ്പനിയെ ചുമതലപ്പെടുത്തിയിരുന്നതായി വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്താരാഷ്ട്ര സമിതി രൂപം കൊണ്ടത് എന്നതും ശ്രദ്ദേയമാണ്.