പമ്പ: ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി മുൻവിജിലൻസ് ഡയറക്‌ടർ ജേക്കബ് തോമസ്. ഇന്നലെ ശബരിമല ദർശനത്തിനെത്തിയ അദ്ദേഹം താൻ വിശ്വാസികൾക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചു. ശാന്തിയുടെയും സമാധാനത്തിന്റെയും സ്ഥലമായിരിക്കേണ്ടിടമാണ് ശബരിമല. കേരളത്തിൽ ഇപ്പോൾ അവിശ്വാസികൾ എന്നൊരു വിഭാഗം രൂപപ്പെട്ടിട്ടുണ്ടെന്നും, എന്നാൽ താൻ വിശ്വാസികൾക്കൊപ്പം തന്നെയാണെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.
യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു- 'കാത്തിരിക്കാം തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് യുവതികളിൽ ഒരുവിഭാഗം മുന്നോട്ടു വന്നിട്ടുണ്ടല്ലോ, അക്കാര്യങ്ങളെല്ലാം അവർക്ക് വിടുന്നതായിരിക്കും ഉചിതം' -ജേക്കബ് തോമസ് പറഞ്ഞു.
എന്നാൽ ജേക്കബ് തോമസിന്റെ പരാമർശത്തിന് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. ജേക്കബ് തോമസ് കഥയറിയാതെ ആട്ടം കാണുകയാണെന്നും, പൊലീസ് സേനയിൽ മിനിമം അച്ചടക്കം പോലും പാലിക്കാൻ കഴിയാത്ത ഉദ്യോഗസ്ഥൻ ഒരുതരത്തിലുള്ള മറുപടിയും അർഹിക്കുന്നില്ലെന്ന് മന്ത്രി പരിഹസിച്ചു.