redmi-note-6-pro

കൊച്ചി : റെഡ്മി നോട്ട് 5 ശ്രേണി ഫോണുകളുടെ തകർപ്പൻ വിജയത്തിന്റെ ചൂടാറും മുൻപെ അതിന്റെ പിൻഗാമി വിപണിയിലെത്തി. ഇന്ത്യയുടെ "ഏറ്റവും മികച്ച കാമറ' എന്ന പേരിൽ അവതരിപ്പിച്ച റെഡ്മി നോട്ട് 5 പ്രോയെ വെല്ലുന്ന ക്യാമയാണ് റെഡ്മി നോട്ട് 6 പ്രോയിൽ. ഒന്നല്ല, രണ്ടല്ല, നാല് കാമറകളാണ് ഈ ഫോണിൽ ! രണ്ട് പ്രധാന കാമറകളും രണ്ട് സെൽഫി കാമറുകളും ഫോണിലുണ്ട്. ഒട്ടുമിക്ക ചേരുവകളും റെഡ്‌മി നോട്ട് 5 പ്രോയിൽ നിന്ന് കടമെടുത്തുവെങ്കിലും 6 പ്രോയും വിപണി കീഴടക്കുവാൻ തന്നെയാണ് എല്ലാ സാദ്ധ്യതയും.

കാണുവാൻ ജ്യേഷ്‌ഠനെ പോലെ തന്നെ സുന്ദരനാണ് റെഡ്‌മി നോട്ട് 6 പ്രോയും. ഒറ്റ നോട്ടത്തിൽ റെഡ്‌മി നോട്ട് 5 പ്രോയുമായി വലിയ വ്യത്യാസം തോന്നില്ലെങ്കിലും ചെറിയ മാറ്റങ്ങൾ ഷവോമി ഇതിൽ വരുത്തിയിട്ടുണ്ട്. ബഡ്‌ജറ്റ് ഫോണിന്റെ ഒരു കുറവും റെഡ്‌മി നോട്ട് 6 പ്രോയിൽ കാണില്ല. അലുമിനിയം ഫിനിഷാണ് ഈ ഫോണിൽ. ബെസൽ പൂർണമായി ഒഴിവാക്കിയിരിക്കുന്ന ഈ ഫോൺ ഡിസൈനിലും മുൻപൻ തന്നെ. 6.26 ഇ‌ഞ്ചിന്റെ വലിയ ഡിസ്‌പ‌്ളേയാണ് റെഡ്മി നോട്ട് 6 പ്രോയിൽ.

കാമറയാണ് റെഡ്‌മി നോട്ട് 6 പ്രോക്ക് അവകാശപ്പെടാവുന്ന ഏറ്റവും വലിയ പ്രത്യേകത. ഫോണിലെ ഡെപ്‌‌‌‌‌‌‌‌‌ത് സെൻസർ ഫോട്ടോകളുടെ നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. 12 മെഗാപിക്‌സലുള്ള പിൻ കാമറയിൽ അഞ്ച് മെഗാപിക്‌‌‌‌‌‌‌‌‌‌‌‌‌സൽ ഡെപ്‌ത് സെൻസറുണ്ട്. സെൽഫി കാമറയ്ക്ക് 20 മെഗാപിക്‌‌‌‌‌‌‌‌‌‌‌‌‌‌സലും രണ്ട് മെഗാപിക്‌സൽ ഡെപ്‌ത് സെൻസറുമുണ്ട്. കാമറ നിലവാരത്തിന് ഏറെ ആരാധകരെ സമ്പാദിച്ച റെഡ്‌മി നോട്ട് 5 പ്രോയിൽ നിന്ന് ഒരടി കൂടെ മുൻപോട്ട് പോകാൻ റെഡ്‌മി നോട്ട് 6 പ്രോക്ക് കഴിഞ്ഞിട്ടുണ്ട്. ആർട്ടിഫിഷൽ ഇന്റലിജൻസ് ടെക്നോളജിയും ഇതിലെ കാമറ ഉപയോഗിക്കുന്നുണ്ട്. ഒരു ഫോട്ടോ നന്നാക്കാൻ വേണ്ട ഘടകങ്ങൾ ഒക്കെ ഫോൺ തന്നെ മനസിലാക്കി പ്രവർത്തിപ്പിക്കും.

redmi-note-6-pro

പ്രോസസറായി നോട്ട് 5 പ്രോയിൽ അവതരിപ്പിച്ച സ്‌‌നാപ്പ്ഡ്രാഗൺ 636 ആണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. 4,​ 6 ജി.ബി. റാമുകളിൽ വരുന്ന ഫോണിൽ 64 ജി.ബി. ഇന്റേണൽ സംഭരണ ശേഷി ഉണ്ടാകും. മെമ്മറി കാർഡുപയോഗിച്ച് ഇതിൽ 128 ജി.ബി. അധിക സംഭരണ ശേഷി നേടാവുന്നതാണ്. എന്നാലും ഹൈബ്രിഡ് സംവിധാനം ഉപയോഗിക്കുന്ന ഫോണിൽ രണ്ട് സിം ഉപയോഗിച്ചാൽ മെമ്മറി കാർഡ് ഉപയോഗിക്കാനാകില്ല. ഒരേ സമയം കുറേ ആപ്പുകൾ പ്രവർത്തിപ്പിക്കാൻ ഈ ഫോണിന് ബുദ്ധിമുട്ടേണ്ടി വരില്ല. ഇപ്പോൾ ലഭ്യമായ ഗെയിമുകൾ എല്ലാം തന്നെ സുഗമമായി കൈകാര്യം ചെയ്യാനും റെഡ്‌മി നോട്ട് 6 പ്രോക്ക് കഴിയും.

ബാറ്ററി കപ്പാസിറ്റി റെഡ്‌മി നോട്ട് ഫോണുകളുടെ മുഖമുദ്ര‌യാണ്. ഇത്തവണയും അതിൽ മാറ്റമില്ല. 4000 mAH ന്റെ ഭീമൻ ബാറ്ററി ഫോണിലുണ്ട്. ഒരു ഫുൾ ചാർജിൽ ഒന്നര പ്രവൃത്തി ദിവസത്തോളം വീണ്ടും ചാർജ് ചെയ്യാതെ ഉപയോഗിക്കാനാകും.

റെഡ്‌മി നോട്ട് 6 പ്രോയുടെ 4ജി.ബി.+64ജി.ബി മോഡലിന് 13,999 രൂപയാണ് വില. 6 ജി.ബി.+128ജി.ബി. മോഡലിന്റെ വില 15,999 രൂപയാണ്.