koothuparambu-firing

കേരളത്തിലെ രാഷ്ട്രീയസമര ചരിത്രത്തിലെ കനലൊടുങ്ങാത്ത ഓർമ്മയായ കൂത്തുപറമ്പിലെ യുവത്വത്തിന് നേരെയുള്ള പൊലീസ് വെടിവയ്പ്പിന് ഇന്ന് ഇരുപത്തിനാലാം വാർഷികം. സ്വാശ്രയ വിദ്യാഭാസത്തിനെതിരെ അന്നത്തെ സഹകരണവകുപ്പ് മന്ത്രി എം.വി.രാഘവനെ വഴിതടഞ്ഞ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ വെടിവയ്പ്പിൽ മരണപ്പെട്ടത് അഞ്ച് യുവാക്കളുടെ ജീവനാണ്. കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിൽ രക്തസാക്ഷികളെ അനുസ്മരിച്ച് മന്ത്രി ജി.സുധാകരൻ എഴുതിയ അനുസ്മരണം വായിക്കാം.

ഒരിക്കൽകൂടി നവംബർ 25 ആഗതമാകുമ്പോൾ ത്യാഗബോധത്തിന്റെയും വിപ്ലവബോധത്തിന്റെയും സർഗ്ഗാന്മക ചൈതന്യം യുവതയുടെ ഞരമ്പുകളിൽ പോരാട്ടത്തിന്റെ തീ പടർത്തുമ്പോൾ മരിക്കയില്ല.. മറക്കുകയില്ല.. രാജീവൻ, മധു, ഷിബുലാൽ, ബാബു, റോഷൻ.

വിധേയത്വത്തിനും ആധിപത്യത്തിനുമപ്പുറം സ്വാതന്ത്ര്യം സംരക്ഷിക്കാൻ സ്വന്തം ജീവിതം പോലും സമർപ്പിക്കാൻ സന്നദ്ധമാകുന്ന മനുഷ്യ ജീവിതത്തിന്റെ സത്യവാങ്മൂലമാണ് രക്തസാക്ഷിത്വം.

സ്വന്തം മകന്റെ രക്ത സാക്ഷിത്വത്തിന്റെ തപിക്കുന്ന സ്മരണകളിൽ തൊട്ടുകൊണ്ട് സഫ്ദർ ഹാഷ്മിയുടെ അമ്മ എഴുതി: “We will not mourn Safdar, we will remember him in celebration.” വേദന നിർവ്വീര്യമായി മാറുന്ന ഇത്തരം വഴിത്തിരിവുകളിൽ വെച്ചാണ് അനുസ്മരണം ഒരു രാഷ്ട്രീയപ്രവർത്തനമായി മാറുന്നത്.

സമരം ചെയ്തു ജീവിക്കുന്നവരൊക്കെയും ഒരൊറ്റജന്മത്തിനകത്ത് നിരവധി ജന്മങ്ങൾ സ്വയം ജീവിക്കുന്നവരാണ്. മരണതുല്യം ജീവിക്കാൻ മനസ്സില്ലെന്ന് ഒരു ജനത തിരിച്ചറിയുമ്പോഴാണ് ജീവിതം ജീവിതോത്സവമാകുന്നത്.

''ഇനിയും സൂര്യോദയങ്ങളും പൂക്കളും
എന്റെ പൊന്നുണ്ണിക്കന്യമെന്നാൽ ഇനിവരും
പുരുഷാരമൊക്കെയും പൂക്കളായ്
ഇവിടെ വന്നെത്തി കുനിഞ്ഞുനിൽക്കും.''

രക്തസാക്ഷി സഖാക്കളുടെ തീയാളുന്ന സ്മരണകളെ സാക്ഷിയാക്കി ഉയരുന്ന മുഷ്ടി ഉൽപ്പാദിപ്പിക്കുന്ന അസാധാരണമായ കരുത്ത് സാധാരണ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ഊർജ്ജം പകരുമ്പോഴാണ് അനുസ്മരണം ആത്മബോധത്തിന്റെ ആഘോഷമായി മാറുന്നത്. അപ്പോഴാണ് അപ്പോൾ മാത്രമാണ് നമ്മളിൽ കണ്ണീർകണങ്ങൾ കനൽക്കട്ടകളാകുന്നത്.

നിങ്ങളുടെ ത്യാഗോജ്ജ്വല ജീവിതം നന്മപൂക്കുന്ന നല്ലകാലത്തിലേക്ക് നാടിനെ കൈപിടിച്ച് ഉയർത്താൻ തെല്ലൊന്നുമല്ല യുവതയുടെ കരങ്ങൾക്ക് ശക്തിപകരുന്നത്. നിങ്ങളിലെ ത്യാഗബോധം ഓരോ അണുവിലും ജ്വാലയായി പടരും ഇന്നിന്റെ ആസുരതകളോട് പോരടിക്കാൻ..

വൃഥാവിലാവില്ല നിങ്ങളുടെ രക്തസാക്ഷിത്വം. നിങ്ങൾ ഏൽപ്പിച്ച ആ ശുഭ്ര പതാകയും നിങ്ങളുടെ കണ്ഡങ്ങളിൽ നിന്നുയർന്ന ഉജ്ജ്വലമാം മുദ്രാവാക്യങ്ങളും..

രക്തസാക്ഷികൾ സിന്ദാബാദ്..