വഡോദര: ഗുജറാത്തിൽ മതപരിവർത്തനത്തിന് ഫണ്ട് നൽകിയത് ഇന്ത്യൻ ധവള വിപ്ലവത്തിന്റെ പിതാവ് വർഗീസ് കുര്യനാണെന്ന ആരോപണവുമായി ഗുജറാത്ത് മുൻ മന്ത്രിയും, ബി.ജെ.പി നേതാവുമായ ദിലീപ് സൻഗാനി രംഗത്ത്. അമുലിൽ നിന്നും മതപരിവർത്തനത്തിനായി വർഗീസ് കുര്യൻ ക്രിസ്‌ത്യൻ മിഷനറിമാർക്ക് ഫണ്ട് നൽകിയെന്നാണ് മന്ത്രിയുടെ ആക്ഷേപം. അമ്രേലിയിൽ നടന്ന വർഗീസ് കുര്യൻ അനുസ്‌മരണ പരിപാടിയിലാണ് വർഗീസ് കുര്യനെതിരെ ആരോപണം ഉന്നയിച്ചത്.
'കുര്യൻ അമുലിന്റെ മേധാവിയായിരുന്നപ്പോൾ ക്രിസ്‌ത്യൻ മിഷനറിമാർക്ക് സംഭാവന നൽകി. അമുലിന്റെ രേഖകളിൽ നിന്ന് ഈ വിവരങ്ങൾ ലഭിക്കും. ഞാൻ മന്ത്രി ആയിരുന്നപ്പോൾ ഈ കാര്യം എന്റെ ശ്രദ്ധയിൽപെട്ടിരുന്നു. അന്ന് ഈ പ്രശ്‌നം രാജ്യത്താകെ ഉയർത്തിക്കാണിക്കുമെന്ന് പറഞ്ഞ് കോൺഗ്രസ് മൗനം പാലിക്കാൻ ആവശ്യപ്പെട്ടു. കുര്യന്റെ സംഭാവനകളെ കുറിച്ച് ആർക്കും സംശയമൊന്നുമില്ല. എന്നാൽ അമുലിന്റെ സ്ഥാപകനായ ത്രിഭുവൻദാസ് പട്ടേലിനെ ആരും അറിയില്ല. കുര്യൻ ഇവിടുത്തെ സെക്രട്ടറി മാത്രമായിരുന്നെ'ന്നും അദ്ദേഹം വ്യക്തമാക്കി. 2007-2012 മന്ത്രിസഭയിൽ കൃഷിമന്ത്രിയായിരുന്നു ദിലീപ് സർഗാനി.