sergio-ramos

മാഡ്രിഡ്: റയൽ മാഡ്രിഡ് ക്യാപ്റ്റനും സുപ്പർതാരവുമായ സെർജിയോ റാമോസ് മരുന്നടി വിവാദത്തിൽ. ജർമൻ മാദ്ധ്യമമായ ഡെർ സ്‌പീഗലിൽ പ്രസിദ്ധികരിക്കുന്ന ഫുട്ബോൾ ലീക്ക്സ് പരമ്പരയിലാണ് പുതിയ വെളിപ്പെടുത്തൽ. 2017ൽ യുവന്റസിനെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ തലേന്ന് നടത്തിയ മൂത്ര പരിശോധനയിൽ സെർജിയോ റാമോസ് നൽകിയ സാമ്പിളിലാണ് നിരോധിക്കപ്പെട്ട മരുന്നിന്റെ അംശം കണ്ടെത്തിയിരുന്നതെന്നാണ് ഫുട്ബോൾ ലീക്ക്സ് വെളിപ്പെടുത്തിയിരിക്കുന്നത്. ഫൈനലിൽ ജേതാക്കളായത് റയൽ മാഡ്രിഡായിരുന്നു. ലോക ഉത്തേജന മരുന്ന് വിരുദ്ധ സംഘടനയായ വാഡാ നിരോധിച്ച ഡെക്‌സാമെത്തോസോൺ റാമോസ് ഉപയോഗിച്ചിരുന്നുവെന്നാണ് പരിശോധനയിൽ തെളിഞ്ഞതായി പറയപ്പെടുന്നത്.

ഇതിനെ കുറിച്ച് യുറോപ്പിയൻ ഫുട്ബോൾ സംഘടനയായ യുവേഫക്ക് റിപ്പോർട്ട് ലഭിച്ചുവെങ്കിലും നടപടി ഒന്നുമെടുത്തില്ല എന്നതാണ് മറ്റൊരു ആരോപണം. ലാബ് പരിശോധനാ സാമ്പിളുകളിൽ ഡെക്‌സാമെത്തോസോണിന്റെ അംശം യുവേഫക്ക് ബോദ്ധ്യപ്പെട്ടിരുന്നുവെങ്കിലും കേസ് പുറം ലോകം അറിയിക്കാതെ പൂഴ്‌ത്തി വയ്ക്കുകയായിരുന്നുവെന്നും ഫുട്ബോൾ ലീക്ക്സ് റിപ്പോർട്ടിലുണ്ട്.

എന്നാൽ ആരോപണങ്ങൾ സെർജിയോ റാമോസ് നിരസിച്ചിട്ടുണ്ട്. 250ലധികം പരിശോധനകൾക്ക് താൻ ഫുട്ബോൾ കരിയറിൽ ഉടനീളം വിധേയനായിട്ടുണ്ടെന്നും എന്നാൽ മുൻപ് ഒരിക്കൽ പോലും താൻ ഇത്തരമൊരു വിവാദത്തിൽ പെട്ടിട്ടില്ലെന്നുമാണ് റാമോസ് പറയുന്നത്. മരുന്നടി വിവാദത്തെ ഡോക്ടറിന് പറ്റിയ കൈയ്യബദ്ധമെന്നാണ് യുവേഫയുടെ വിശദീകരണം.

മുൻപ് അമേരിക്കക്കാരിയെ ക്രിസ്റ്റിയാനോ റൊണാൾഡോ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന റിപ്പോർട്ട് പുറത്തു വിട്ടതും ഫുട്ബോൾ ലീക്ക്സായിരുന്നു. ആരോപണങ്ങൾ ക്രിസ്റ്റിയാനോ നിരസിച്ചുവെങ്കിലും ഫുട്ബോൾ ലീക്ക്സ് കൂടുതൽ തെളിവുകളുമായി രംഗത്തെത്തിയിരുന്നു. ഫുട്ബോളിൽ ഉന്നത തലത്തിൽ നടന്ന പല അഴിമതികളും വെളിച്ചത്ത് കൊണ്ടു വരുമെന്നാണ് ഫുട്ബോൾ ലീക്ക്സിന്റെ അവകാശവാദം.