john-allen-chau

ന്യൂഡൽഹി: ആൻഡമാൻ ദ്വീപിലേക്ക് മതപരിവർത്തനത്തിനെത്തിയ ജോൺ അലൻ ചൗവിന്റെ മൃതശരീരം വീണ്ടെടുക്കാൻ പുതിയ വഴികൾ തേടുകയാണ് പൊലീസ്. ആൻഡമാൻ നിക്കോബാറിലെ സെന്റിനൽ ദ്വീപ് ഗോത്രക്കാരുടെ അമ്പേറ്റാണ് അലൻ ചൗ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്‌തിരുന്നു. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ആദിമ നിവാസികളാണ് സെന്റിനൽ ദ്വീപിലുള്ളത്. ഇവരുടെ മരണാനന്തര ചടങ്ങുകളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ നരവംശ ശാസ്ത്രജ്‌ഞരുടെയും ഗവേഷകരുടെയും സഹായം തേടുകയാണ് പൊലീസ് അന്വേഷണ സംഘം.

അമേരിക്കൻ യാത്രികനായ അലൻ ചൗ വിനോദസഞ്ചാരത്തിന് അനുമതി ലഭിച്ചാണ് ദ്വീപിലെത്തിയത്. അലനെ കൊലചെയ്‌ത ശേഷം മൃതശരീരം സമുദ്രതീരത്ത് മറവ് ചെയ്‌തതായും ചൗവിനെ ദ്വീപിലെത്താൻ സഹായിച്ച മത്സ്യത്തൊഴിലാളികൾ അറിയിച്ചു. മറവ് ചെയ്‌ത് കുറച്ച് ദിവസങ്ങൾക്ക് ശേഷം ശരീരം വീണ്ടും പുറത്തെടുത്ത് മുളവടിയിൽ കെട്ടി തീരത്ത് കുത്തിനിർത്തുന്ന പതിവുണ്ടെന്ന് ഇവരുടെ രീതികൾ പഠന വിഷയമാക്കിയ ഗവേഷകർ പറയുന്നു. അവരുടെ വാസസ്ഥലത്ത് അതിക്രമിച്ച് കടക്കാൻ ശ്രമിക്കുന്നവർക്കുള്ള മുന്നറിയിപ്പാണിത്. മുന്നറിയിപ്പാണിത്.

ചൗവിന്റെ മൃതശരീരം വീണ്ടെടുക്കാനുള്ള ശ്രമം തുടരുമെന്ന് പോലീസ് പറയുന്നു. ചൗവിനെ ദ്വീപിലെത്തിച്ച മത്സ്യത്തൊഴിലാളികളുമായി പോലീസ് ദ്വീപിന്റെ പരിസരത്ത് എത്തിയെങ്കിലും ചൗവിന്റെ കുഴിമാടത്തിന് സമീപം കാവൽ നിൽക്കുന്ന ഗോത്രവാസികളെ കണ്ട് തിരിച്ചുപോരേണ്ടി വന്നു. ദ്വീപുവാസികൾക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും സൃഷ്‌ടിക്കരുതെന്ന് ചൗവിന്റെ ബന്ധുക്കൾ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.