കാഞ്ഞങ്ങാട്: സൗഹൃദം മറയാക്കി വീട്ടമ്മയുടെ ചിത്രം മോർഫ് ചെയ്ത് വിദേശത്തുള്ള ഭർത്താവിനയച്ച പ്രതിക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കൊയിലാണ്ടി നടുവത്തൂരിലെ എം ബഷീറി(30)നെതിരെയാണ് നീലേശ്വരം സി.ഐ പി. നാരായണൻ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(രണ്ട്)യിൽ കുറ്റപത്രം സമർപ്പിച്ചത്. നീലേശ്വരം പേരോൽ വട്ടപ്പൊയിലിലെ വിദ്യാധരന്റെ ഭാര്യ അജീഷ (38)യാണ് പരാതിക്കാരി.
ഇവർ 2007 മുതൽ 2013 വരെ കോഴിക്കോട് അത്തോളിയിൽ ബ്യൂട്ടിപാർലർ നടത്തിയിരുന്നു. ഈ സമയത്താണ് ബഷീർ ചങ്ങാത്തം സ്ഥാപിച്ചത്. തന്റെ ഇംഗിതത്തിന് അജീഷ വഴങ്ങുന്നല്ലെന്ന് കണ്ടപ്പോഴാണ് അവരുടെ ഫോട്ടോ കൈക്കലാക്കി പിന്നീടത് മോർഫ് ചെയ്ത് ഭർത്താവിനയച്ചു കൊടുത്തത്. ബഷീറിന്റെ ശല്യം സഹിക്കവയ്യാതെ 2014 ൽ അജീഷ വട്ടപ്പൊയിലിൽ എത്തിയെങ്കിലും ബഷീർ ഇവിടെയുമെത്തി ശല്യം തുടർന്നു. അതോടെയാണ് അജീഷ പൊലീസിൽ പരാതിപ്പെട്ടത്. സൈബർസെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിയാണ് പൊലീസ് ബഷീറിനെ തിരിച്ചറിഞ്ഞത്.