നിലയ്‌ക്കൽ: നിരോധനാജ്ഞ ലംഘിച്ചതിന് നിലയ്‌ക്കലിൽ ഒമ്പത് ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇവരെ ഉളവുങ്കലിലേക്കും പിന്നീട് പെരിനാട് സ്‌റ്റേഷനിലേക്കും കൊണ്ടു പോകുമെന്നാണ് വിവരം. ചെറു സംഘമായി എത്തി പ്രതിഷേധിച്ച സംഘത്തോട് ശബരിമലയിൽ പോകുന്നത് തടയില്ലെന്നും, എന്നാൽ നൽകുന്ന നോട്ടീസിലെ കാര്യങ്ങൾ അനുസരിക്കണമെന്നും പൊലീസ് അറിയിച്ചെങ്കിലും കൂട്ടാക്കാത്തതിനെ തുടർന്നാണ് അറസ്‌റ്റിലേക്ക് നീങ്ങിയത്.
ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.കെ. സജീവൻ അടക്കമുള്ളവരെയാണ് അറസ്‌റ്റ് ചെയ്‌തത്. അസിസ്റ്റന്റ് കമ്മിഷണർ വി.എൻ. സജി, നിലയ്‌ക്കൽ എസ്‌ഐ വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. അതേസമയം,അറസ്റ്റ് ഭക്തരോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി ആരോപിച്ചു.