ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്തിന്റെ 50ാമത് എപ്പിസോഡ് ഇന്ന് പ്രക്ഷേപണം ചെയ്തു. ജനങ്ങളുമായി സംവദിക്കാൻ നരേന്ദ്ര മോദി ആരംഭിച്ച റേഡിയോ പരിപാടിയാണിത്. സർക്കാരിന്റെ പദ്ധതികൾ ജനങ്ങളിലെത്തിക്കുകയും കത്തുകൾ വഴി ജനങ്ങളുടെ അഭിപ്രായമറിയുകയുമാണ് മൻ കി ബാത്തിന്റെ പ്രധാന ഉദ്ദേശം. എന്നാൽ ശാസ്ത്ര സാങ്കേതിക വിദ്യ ഇത്രയധികം വളർന്ന കാലത്തിലും മോദി റേഡിയോ മാദ്ധ്യമമായി തിരഞ്ഞെടുത്തത് എന്ത് കൊണ്ട് ? ഇതിന്റെ ഉത്തരം മോദി തന്നെ ജനങ്ങളുമായി പങ്കു വച്ചു.
1998ൽ ഹിമാച്ചൽ പ്രദേശിലെ ബി.ജെ.പി പ്രവർത്തകനായിരുന്നു മോദി. ഒരു യാത്രക്കിടെ അല്‌പം വിശ്രമിക്കാൻ ഒരു ചെറിയ കടയിൽ അദ്ദേഹം കയറി. ഒരു ചായ പറഞ്ഞ മോദിക്ക് കടക്കാരൻ ഒരു ലഡു കൊടുത്തിട്ട് ചായ ഉണ്ടാക്കുന്ന സമയം അത് കഴിക്കൂ എന്ന് പറഞ്ഞു. കടക്കാരന്റെ പ്രവൃത്തിയിൽ ആശ്ചര്യം തോന്നിയ മോദി മധുരം നൽകാൻ എന്താണ് കാരണം എന്ന് കടക്കാരനോട് ചോദിച്ചു. ഇന്ത്യ ഒരു ബോംബ് പൊട്ടിച്ചു എന്നായിരുന്നു അയാളുടെ മറുപടി. കടക്കാരന്റെ മറുപടി മോദിയെ വീണ്ടും ആശയക്കുഴപ്പത്തിലാക്കി. അങ്ങനെ നിന്ന മോദിയോട് കടക്കാരൻ പറഞ്ഞു, "സാർ, റേഡിയോ ശ്രദ്ധിക്കൂ". ഇന്ത്യ ആണവ പരീക്ഷണം നടത്തിയതിനെ കുറിച്ച് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയ് മാദ്ധ്യമങ്ങളോട് നടത്തിയ പ്രഖ്യാപനമാണ് റേഡിയോയിൽ ഉണ്ടായിരുന്നത്. ഒരു ഗ്രാമത്തിലെ ഉൾപ്രദേശമായ അവിടെ ഒരു ദിവസം മുഴുവൻ റേഡിയോ ശ്രവിക്കുന്ന ആ ചായക്കടക്കാരൻ അന്ന് മോദിക്ക് ഒരു പാഠമായിരുന്നു. റേഡിയോയുടെ ശക്തിയും പ്രചാരവും അന്ന് ബോദ്ധ്യപ്പെട്ടുവെന്ന് മോദി പറഞ്ഞു. സാധാരണക്കാരന്റെ മാദ്ധ്യമമാണ് റേഡിയോ. പ്രധാനമന്ത്രിയായപ്പോൾ റേഡിയോ ജനങ്ങളുമായി ഇടപഴകാനുള്ള മാദ്ധ്യമമായി തിരഞ്ഞെടുക്കാൻ മോദിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അങ്ങനെ 'മൻ കി ബാത്ത്' എന്ന പ്രതിമാസ പരിപാടിയുടെ പ്രക്ഷേപണം റേഡിയോ വഴിയായി.